തിരുവനന്തപുരം: തെരുവുകളിലെ മാഫിയാ സംഘങ്ങളെയും ക്വട്ടേഷന്‍ ടീമുകളെയും പൂട്ടാന്‍ കേരള പൊലീസ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയന്റെ നേരിട്ടുള്ള നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓപ്പറേഷന്‍ ഗ്രിപ്പ് എന്ന വിപുലമായ ഗുണ്ടാവേട്ടയിലൂടെ ക്രിമിനല്‍ സംഘങ്ങളുടെ വേരറുക്കാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. ഇതിനായി സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക നിരീക്ഷണ സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കി.
കുറ്റവാളികളുടെ മുന്‍കാല ചരിത്രവും പ്രവര്‍ത്തന രീതികളും സൂക്ഷ്മമായി വിലയിരുത്തി അഞ്ച് പ്രത്യേക വിഭാഗങ്ങളായി തിരിച്ച് തയ്യാറാക്കിയ പട്ടിക കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. ക്വട്ടേഷന്‍ സംഘങ്ങള്‍, തെരുവുഗുണ്ടകള്‍, റിയല്‍ എസ്റ്റേറ്റ്-ഭൂമാഫിയ, ലഹരി വ്യാപാര ശൃംഖലകള്‍, സ്ഥിരം കുറ്റവാളികള്‍ എന്നിവരാണ് പൊലീസ് റഡാറിലുള്ളത്. ഗുണ്ടകള്‍ക്ക് പുറമെ അവരുമായി നിരന്തരം സാമ്പത്തിക കൈമാറ്റങ്ങള്‍ നടത്തുകയും ബന്ധം പുലര്‍ത്തുകയും ചെയ്യുന്നവരുടെ ബാങ്ക് അക്കൗണ്ടുകളും സ്ഥാപനങ്ങളും പൊലീസ് കൃത്യമായി നിരീക്ഷിച്ച് വരികയാണ്.
കാപ്പ തടവ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവരുടെയും റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെയും താവളങ്ങളില്‍ അപ്രതീക്ഷിത പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ റീലുകളും വീരവാദങ്ങളും പങ്കുവെച്ച് യുവാക്കള്‍ക്കിടയില്‍ ക്രിമിനല്‍ വീരാരാധന വളര്‍ത്തുന്ന പുതിയ രീതിക്കെതിരെ പൊലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിക്കാന്‍ ടെലഗ്രാം പോലുള്ള എന്‍ക്രിപ്റ്റഡ് ആപ്പുകള്‍ വഴി നടത്തുന്ന രഹസ്യ സന്ദേശ കൈമാറ്റങ്ങള്‍ കണ്ടെത്താനും സൈബര്‍ സെല്‍ വിഭാഗം നടപടികള്‍ ശക്തമാക്കി.
അര്‍ജുന്‍ ആയങ്കി പൊലീസിനും ഭരണസംവിധാനങ്ങള്‍ക്കും എതിരെ സമൂഹ മാധ്യമങ്ങളില്‍ ഭീഷണിയും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തിയതോടെയാണ് സംസ്ഥാന വ്യാപകമായി ഈ ഓപ്പറേഷന്‍ കൂടുതല്‍ കടുപ്പിച്ചത്. ഇതിനകം ആയങ്കിയുമായി ബന്ധപ്പെട്ട 21-ഓളം പേരെ തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ മേഖലകളില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പട്ടികയിലുള്ള കുറ്റവാളികള്‍ പുതിയ നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കാപ്പ അല്ലെങ്കില്‍ ഗുണ്ടാനിയമം ചുമത്തി ജയിലിലടക്കാനാണ് തീരുമാനം.
അതേസമയം കുറ്റകൃത്യങ്ങള്‍ ഉപേക്ഷിച്ച് നല്ല ജീവിതത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ കണ്ടെത്തി ഭാരതീയ ന്യായസംഹിത പ്രകാരം നല്ലനടപ്പിന് വിധേയരാക്കാനുള്ള അവസരവും പൊലീസ് ഒരുക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.