ലണ്ടനിൽ നിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനവുമായി ആന്‍ഡ്രൂ ഫൂട്ട്; പീഡിതരായ ക്രൈസ്തവർക്കായി ഫണ്ട് സമാഹരണം

ലണ്ടനിൽ നിന്ന് ജെറുസലേമിലേക്ക് സൈക്കിൾ തീർത്ഥാടനവുമായി ആന്‍ഡ്രൂ ഫൂട്ട്; പീഡിതരായ ക്രൈസ്തവർക്കായി ഫണ്ട് സമാഹരണം

ലണ്ടന്‍: ലോകമെമ്പാടും പീഡനങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനായി വെല്ലുവിളികൾ നിറഞ്ഞ സൈക്കിൾ തീർത്ഥാടനവുമായി ലണ്ടനിൽ നിന്നൊരു യുവാവ്. 'എയിഡ് ടു ദി ചർച്ച് ഇൻ നീഡ്' എന്ന സംഘടനയ്ക്കായി ഫണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആന്‍ഡ്രൂ ഫൂട്ട് 2246 മൈൽ ദൂരം താണ്ടുന്ന ഈ സാഹസിക യാത്രയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

32 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള കനത്ത ചൂട്, ദിവസവും വെറും മൂന്ന് മണിക്കൂർ മാത്രം ലഭിക്കുന്ന ഉറക്കം, യാത്രയ്ക്ക് തടസമാകുന്ന ശക്തമായ കാറ്റ് തുടങ്ങിയ അതികഠിനമായ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ആന്‍ഡ്രൂ തന്റെ പ്രയാണക്ഷമത തുടരുന്നത്.

ഓഗസ്റ്റ് 15 ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ നിന്നാണ് അദ്ദേഹം യാത്ര ആരംഭിച്ചത്. 12 ആഴ്ച നീളുന്ന ഈ ദൗത്യത്തിലൂടെ പീഡിത ക്രൈസ്തവരെ സഹായിക്കാനായി 10,000 പൗണ്ട് സമാഹരിക്കുകയാണ് പ്രധാന ലക്ഷ്യം. നിലവിൽ ഫ്രാൻസിലൂടെ 600 മൈൽ ദൂരം പിന്നിട്ട അദേഹം ഫ്രഞ്ച് യാത്രയുടെ മൂന്നിൽ രണ്ട് ഭാഗവും ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു.

ഫ്രാൻസിന് പുറമെ ഇറ്റലി, ഗ്രീസ്, തുർക്കി, ജോർദാൻ എന്നീ രാജ്യങ്ങൾ കൂടി കടന്നാണ് അദേഹം ഇസ്രയേലിൽ എത്തിച്ചേരേണ്ടത്. യാത്രാവേളകളിൽ മേഖലയിൽ പലവിധ പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും ഒടുവിൽ വിശുദ്ധ നാട്ടിൽ പ്രവേശിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഈ യുവാവ്. ദിവസവും 60 മുതൽ 70 മൈൽ വരെയാണ് സൈക്കിൾ ചവിട്ടുന്നത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും ആരാധനാ സ്വാതന്ത്ര്യത്തിനായി കനത്ത ദുരിതങ്ങളും യാതനകളും സഹിക്കുന്ന സഹോദരങ്ങളായ ക്രൈസ്തവരെ മനസിൽ കണ്ടുകൊണ്ടാണ് താൻ ഈ തീർത്ഥാടനം നടത്തുന്നതെന്നു തന്റെ സുരക്ഷിത യാത്രയ്ക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടാകണമെന്നും ആന്‍ഡ്രൂ അഭ്യർത്ഥിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.