ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ടുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലാവുകയും പിന്നീട് ഇന്ത്യക്ക് കൈമാറുകയും ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഇനി യാത്രാ വിമാനം പറത്തും.
വ്യോമസേനയിലെ കരിയറിനൊടുവില്‍ മലയാളിയായ മനോജ് ചാക്കോയുടെ ഉടമസ്ഥതയിലുള്ള 'ഫ്‌ളൈ 91' വിമാനക്കമ്പനിയുടെ പൈലറ്റായാണ് അഭിനന്ദന്‍ ചേര്‍ന്നത്. എടിആര്‍ 72-600 ടര്‍ബോപ്രോപ്പ് വിമാനങ്ങളാണ് അദ്ദേഹം പറത്തുകയെന്നാണ് വിവരം. ഓഗസ്റ്റിലാണ് അഭിനന്ദന്‍ ഗോവ ആസ്ഥാനമായുള്ള എയര്‍ലൈനില്‍ ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.
പുല്‍വാമ ആക്രമണത്തിന് പ്രതികാരമായി 2019 ഫെബ്രുവരി 26 നാണ് വ്യോമസേന പാകിസ്ഥാനിലെ ബാലാകോട്ടെ ഭീകര കേന്ദ്രങ്ങളില്‍ ബോംബിട്ടത്. ഇതിന് പിന്നാലെ ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെ ഇന്ത്യ തുരത്തിയോടിച്ചു.
ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാകിസ്ഥാന്റെ അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനം മിഗ്-21 ബൈസണ്‍ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദന്‍ വെടിവെച്ചിട്ടിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ വിമാനം മിസൈല്‍ ആക്രമണത്തില്‍ തകരുകയും അഭിനന്ദന്‍ പാകിസ്ഥാന്റെ പിടിയിലാവുകയും ചെയ്തു.
ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാര്‍ച്ച് ഒന്നിന് അഭിനന്ദനെ നിരുപാധികം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. ഇതോടെയാണ് അഭിനന്ദന്‍ ഇന്ത്യയുടെ ധീരപുരുഷനായത്. 2021 ല്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ വീര്‍ ചക്ര ബഹുമതി സ്വീകരിച്ചു.
രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര്‍ ചക്ര. വിംഗ് കമാന്‍ഡറായിരുന്ന അഭിനന്ദന് 2021 ലാണ് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നല്‍കിയത്. 2026 മാര്‍ച്ച് 31 ന് ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് അഭിനന്ദന്‍ വര്‍ദ്ധമാന്‍ വിരമിച്ചെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.