ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിലെ മുന്‍ കമ്മ്യൂണിക്കേഷന്‍സ് കണ്‍ട്രോളറായ ആശിഷ് ജോഷിയെ ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ ഒന്‍പത് മണിക്കൂറോളം ചോദ്യം ചെയ്തു. പ്രഭാത സവാരിക്കിടെ ചാണക്യപുരിയിലെ നെഹ്റു പാര്‍ക്കില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഇദേഹത്തെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ സ്പെഷ്യല്‍ സെല്‍ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം രാത്രി ഏഴോടെയാണ് വിട്ടയച്ചത്.
കലാപം ഉണ്ടാക്കണമെന്ന ഉദേശത്തോടെയോ അറിവോടെയോ പ്രകോപനം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് അന്വേഷണം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.

അതിനിടെ ആശിഷ് ജോഷിയെക്കുറിച്ച് മണിക്കൂറുകളോളം വിവരമൊന്നുമില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സ്പെഷ്യല്‍ സെല്ലിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഓഫീസിന് പുറത്ത് നിരവധി ആളുകള്‍ തടിച്ചുകൂടി പ്രതിഷേധിച്ചതോടെ പൊലീസ് ഇദേഹത്തെ വിട്ടയക്കുകയും സ്വന്തം വാഹനത്തില്‍ വീട്ടിലെത്തിക്കുകയുമായിരുന്നു.
കസ്റ്റഡിയിലെടുക്കപ്പെടുന്ന വ്യക്തിയുടെ കുടുംബത്തെ വിവരമറിയിക്കുന്നത് നിയമപരമായ ബാധ്യതയാണെന്ന് മോചനത്തിന് ശേഷം ആശിഷ് ജോഷി എക്സിലൂടെ പ്രതികരിച്ചു. കുറഞ്ഞ സമയം മാത്രമേ ചോദ്യം ചെയ്യലിന് എടുക്കൂ എന്ന് ഉറപ്പ് നല്‍കിയാണ് കൊണ്ടുപോയതെന്നും എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഭാര്യയെ വിവരമറിയിക്കാന്‍ പൊലീസ് അനുവദിച്ചില്ലെന്നും അദേഹം കുറിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കുകയാണെന്ന മറുപടിയാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചത്. വൈകുന്നേരം 6:38 നാണ് ഫോണ്‍ വിളിക്കാന്‍ അനുവാദം നല്‍കിയത്.
ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്ന വ്യക്തികളുടെ കുടുംബത്തെ ഉടന്‍ തന്നെ വിവരമറിയിക്കണമെന്ന നിയമപരമായ കടമ ഉദ്യോഗസ്ഥര്‍ പാലിക്കുന്നുണ്ടെന്ന് ഡല്‍ഹി പൊലീസ് ഉറപ്പാക്കണമെന്നും മറ്റൊരു കുടുംബത്തിനും ഈ ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും അദേഹം ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ രാംധാരി സിങ് ദിനകറിന്റെ പ്രശസ്തമായ കവിതയും അദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.