തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മകള്‍ വീണയ്ക്കും മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ ശുപാര്‍ശ അംഗീകരിച്ച് സര്‍ക്കാര്‍.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപി റവാഡ ചന്ദ്രശേഖരന് നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ണായക തീരുമാനം.
കരിമണല്‍ കമ്പനിയുമായുള്ള വീണാ വിജയന്റെ പണമിടപാട് അന്വേഷിച്ച ഇ.ഡി, പൊലീസ് മേധാവിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഹവാല ഇടപാടുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണമടക്കം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
വിജിലന്‍സിന്റെയും ക്രൈം ബ്രാഞ്ചിന്റെയും അന്വേഷണം ഒരേ സമയം വേണ്ടെന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്. മാസപ്പടി വാങ്ങിയതില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായിയുടെ പങ്ക് വ്യക്തമാകണമെങ്കില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന മറുവാദവും ഉയര്‍ന്നിരുന്നു.
ഇ.ഡിയുടെ കത്ത് പരിശോധിച്ച അഡ്വക്കേറ്റ് ജനറല്‍ ജാജു ബാബു വിജിലന്‍സിന്റെയും ക്രൈംബ്രാഞ്ചിന്റെയും പ്രാഥമികാന്വേഷണമാകാമെന്നാണ് നിയമോപദേശം നല്‍കിയിരുന്നു. സിഎംആര്‍എല്ലുമായി വീണ നടത്തിയ 3.28 കോടിയുടെ പണമിടപാടുകള്‍ക്ക് പിണറായിയെയും വീണയെയും അഴിമതി നിരോധന നിയമ പ്രകാരം വിചാരണ ചെയ്യാമെന്ന് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസിഫലിയും നിയമോപദേശം നല്‍കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.