"ദൈവം എന്നെ കൈപിടിച്ചു നടത്തുമ്പോൾ..." രോഗാവസ്ഥയെ അതിജീവിച്ച് അന്താരാഷ്ട്ര പുരസ്കാരം നേടി കത്തോലിക്ക ബാലൻ ഡൊമിനിക്


ന്യൂയോർക്ക്: വൈദിക സേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചെഴുതി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി പതിമൂന്നുകാരൻ. ന്യൂയോർക്ക് കത്തോലിക്ക അതിരൂപത സംഘടിപ്പിച്ച 2026ലെ കാർഡിനൽ ജോസഫ് ടോബിൻ ഉപന്യാസ വീഡിയോ മത്സരത്തിലാണ് ഡൊമിനിക് ഔച്ചറിയോ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ 49 പേരെ പിന്നിലാക്കിയാണ് 642 വാക്കുകളുള്ള ഡൊമിനിക്കിന്റെ ഉപന്യാസം ഒന്നാമതെത്തിയത്. പ്രശസ്തിപത്രവും ഫലകവും കൂടാതെ 1,500 ഡോളർ പുരസ്കാരവും അവൻ സ്വന്തമാക്കി.

കഴിഞ്ഞ ഡിസംബർ മുതൽ അപസ്മാര രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഡൊമിനിക് ആശുപത്രിയിൽ കഴിയുമ്പോഴാണ് ഈ മത്സരത്തെക്കുറിച്ച് അറിയുന്നത്. സ്വന്തം രോഗവും ഭയവും മറ്റുള്ളവരുടെ വേദനകൾ മനസിലാക്കാനുള്ള അവസരമായാണ് അവൻ മാറ്റിയെടുത്തത്.

വൈദികർ എന്നാൽ ദൈവവചനം പങ്കുവെക്കുകയും കൂതാശകൾ നൽകുകയും യേശുവിനെപ്പോലെ സഹജീവികളെ സ്നേഹിക്കുകയും ചെയ്യുന്നവരാണെന്ന് ഡൊമിനിക് തന്റെ ലേഖനത്തിൽ കുറിച്ചു. രോഗത്തിലും ദുഃഖത്തിലും കഴിയുന്നവർക്ക് പ്രത്യാശ നൽകി ഒപ്പം നടക്കുകയാണ് ഒരു നല്ല വൈദികന്റെ ഉത്തരവാദിത്വമെന്നും അവൻ ഓർമ്മിപ്പിക്കുന്നു.

തന്റെ ഒൻപതാം വയസിൽ തലച്ചോറിൽ ട്യൂമർ കണ്ടെത്തിയ നിമിഷവും ഡൊമിനിക് അനുസ്മരിക്കുന്നുണ്ട്. ശസ്ത്രക്രിയയെക്കുറിച്ചും തുടർചികിത്സകളെക്കുറിച്ചും ഡോക്ടർമാരും മാതാപിതാക്കളും ആകുലപ്പെടുമ്പോൾ, നീലവസ്ത്രം ധരിച്ച ഒരു സ്ത്രീ ദർശനം നൽകിയെന്നും ഭയപ്പെടേണ്ടതില്ല എന്ന് ആശ്വസിപ്പിച്ചതായും അവൻ പറയുന്നു. തൊട്ടടുത്ത സ്കാനിങ്ങിൽ ട്യൂമറിന്റെ വലുപ്പം കുറഞ്ഞതായി കണ്ടെത്തിയ ഈ സംഭവം തങ്ങളുടെ വിശ്വാസം കൂടുതൽ ദൃഢമാക്കിയതായി അമ്മ മരിയയും സാക്ഷ്യപ്പെടുത്തുന്നു.

വെസ്റ്റ് ഫീൽഡ്സിലെ സെന്റ് ഹെലൻസ് ഇടവകയിലെ അൾത്താരബാലനായ ഡൊമിനിക് ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കുവാനും സഭയിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാനും എപ്പോഴും മുന്നിലുണ്ട്. മകന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം അവന്റേത് മാത്രമായിരിക്കുമെന്ന് അമ്മ വ്യക്തമാക്കുമ്പോൾ ദൈവം തന്നെ കൈപിടിച്ചു നയിക്കുമെന്ന പൂർണ വിശ്വാസത്തിലാണ് ഈ മിടുക്കൻ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.