തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്, മകള്‍ ടി. വീണ, മുന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ സംസ്ഥാന പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നീക്കം.
പിഎംഎല്‍എ സെക്ഷന്‍ 66(2) പ്രകാരം കേസെടുക്കാന്‍ ആവശ്യമായ രേഖകള്‍ ഇ.ഡി നേരത്തെ തന്നെ ഡിജിപിക്ക് കൈമാറിയിരുന്നു. അതുപ്രകാരം സംസ്ഥാന പോലീസ് എഫ്ഐആര്‍. ഇടുകയാണെങ്കില്‍ അഴിമതി നിരോധന നിയമപ്രകാരം ഇ.ഡിക്ക് കേസ് റീ-രജിസ്റ്റര്‍ ചെയ്ത് അന്വേഷണവുമായി മുന്നോട്ടു പോകാന്‍ സാധിക്കും.
എന്നാല്‍ പോലീസ് അന്വേഷണം സംബന്ധിച്ച അന്തിമ തീരുമാനം വൈകുകയാണ്. ഇ.ഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണമാകാം എന്ന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചെങ്കിലും ഇതുസംബന്ധിച്ച ഫയലുകള്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഇതുവരെ കൈമാറിയിട്ടില്ല.
അന്വേഷണം നടത്താമെന്ന് അഡ്വക്കറ്റ് ജനറല്‍ (എ.ജി), അഡീഷണല്‍ എ.ജി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് എന്നിവരില്‍ നിന്ന് മൂന്ന് നിയമോപദേശങ്ങളാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.
പോലീസിന്റെ എഫ്ഐആര്‍ വൈകിയാല്‍ കോടതിയെ സമീപിക്കാന്‍ അധികാരമുണ്ടെന്ന സുപ്രീം കോടതി വിധികളുടെ പശ്ചാത്തലത്തിലാണ് ഇ.ഡിയുടെ പുതിയ നീക്കം. കൂടാതെ സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ് ഇ.ഡി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.