വാഷിങ്ടണ്‍: ജനങ്ങളുടെ ഇടയില്‍ ഫെഡറല്‍ ഭരണകൂടത്തിന്റെ അഴിമതിയെക്കുറിച്ചുള്ള ആശങ്കകള്‍ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ നിലനില്‍ക്കുമ്പോഴും, അമേരിക്കന്‍ ചരിത്രത്തിലെ മറ്റ് ഏത് കാലഘട്ടത്തെക്കാളും കുറഞ്ഞ അഴിമതിയാണ് നിലവിലെ സര്‍ക്കാരിലുള്ളതെന്ന് മുന്‍ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. ആമസോണ്‍ ഓഡിബിള്‍ പ്ലാറ്റ്ഫോമില്‍ സംപ്രഷണം ചെയ്ത എ ഗ്രേറ്റ് ബുക്ക് വിത്ത് ബരാക് ഒബാമ എന്ന തന്റെ പുതിയ പോഡ്കാസ്റ്റ് പരമ്പരയുടെ മൂന്നാം എപ്പിസോഡിലാണ് അദേഹം ഈ നിരീക്ഷണം പങ്കുവെച്ചത്.
കൈക്കൂലി, സ്വജനപക്ഷപാതം, പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കല്‍ തുടങ്ങിയ നേരിട്ടുള്ള അഴിമതികള്‍ മുന്‍പെങ്ങുമില്ലാത്തവിധം കുറഞ്ഞിട്ടുണ്ടെന്ന് അദേഹം വ്യക്തമാക്കി. പുലിറ്റ്സര്‍ സമ്മാന ജേതാവായ ചരിത്രകാരി ജില്‍ ലെപോറുമായി റോബര്‍ട്ട് പെന്‍ വാറന്റെ ഓള്‍ ദി കിങ്സ് മെന്‍ എന്ന പുസ്തകത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഒബാമ തന്റെ നിലപാട് വ്യക്തമാക്കിയത്. മുന്‍ പ്രസിഡന്റ് ലിന്‍ഡന്‍ ബി. ജോണ്‍സന്റെ കാലഘട്ടത്തെയും വാട്ടര്‍ഗേറ്റ് സംഭവത്തിന് മുന്‍പും പിന്‍പും നടപ്പിലാക്കിയ രാഷ്ട്രീയ പരിഷ്‌കാരങ്ങളെയും അദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
സ്വജന പക്ഷപാതവും വോട്ട് കച്ചവടങ്ങളും തടയാന്‍ നടപ്പാക്കിയ ഇത്തരം നിയമ നിര്‍മാണങ്ങള്‍ അഴിമതി കുറയ്ക്കാന്‍ സഹായിച്ചെങ്കിലും ജനപ്രതിനിധികള്‍ തമ്മിലുള്ള ആശയപരമായ ഭിന്നതകള്‍ പരിഹരിക്കാനുള്ള ചില പ്രായോഗിക മാര്‍ഗങ്ങള്‍ ഇല്ലാതാക്കിയെന്നും കാര്യങ്ങള്‍ നടപ്പിലാക്കുന്നത് കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ് ഇടപാടുകളും വ്യക്തിഗത സാമ്പത്തിക നേട്ടങ്ങളും മുന്‍നിര്‍ത്തി അഴിമതി ഒരു പ്രധാന ആയുധമാക്കാന്‍ ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നതിനിടെ പുറത്തുവന്ന ഒബാമയുടെ പരാമര്‍ശങ്ങള്‍ക്ക് രാഷ്ട്രീയമായി വലിയ പ്രാധാന്യമുണ്ട്. വിവിധ പൊതുജന അഭിപ്രായ സര്‍വേകളില്‍ ട്രംപിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ശക്തമായി നിലനില്‍ക്കുമ്പോഴാണ് ഒബാമയുടെ ഈ വ്യത്യസ്ത നിരീക്ഷണം.
ഇക്കോണമിസ്റ്റ്-യൂഗോവ് സര്‍വേയില്‍ 53 ശതമാനം വോട്ടര്‍മാരും ട്രംപിനെ അഴിമതിക്കാരനായി വിശേഷിപ്പിച്ചപ്പോള്‍, ട്രംപും കുടുംബവും അനുചിതമായ രീതിയില്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് 63 ശതമാനം പേര്‍ വിശ്വസിക്കുന്നതായി റോയിട്ടേഴ്സ്-ഇപ്സോസ് സര്‍വേയും വെളിപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.