'കുട്ടിക്കാലം തിരിച്ചുതരാന്‍ കഴിയില്ല, പക്ഷെ അയാളുടെ മരണം ജയിലില്‍ ആയിരിക്കും'; പോക്സോ അതിജീവിതയ്ക്ക് ജഡ്ജിയുടെ വൈകാരിക കത്ത്

'കുട്ടിക്കാലം തിരിച്ചുതരാന്‍ കഴിയില്ല, പക്ഷെ അയാളുടെ മരണം ജയിലില്‍ ആയിരിക്കും'; പോക്സോ അതിജീവിതയ്ക്ക് ജഡ്ജിയുടെ വൈകാരിക കത്ത്

ന്യൂഡല്‍ഹി: പീഡനത്തിനിരയായ പത്ത് വയസുകാരിയായ അതിജീവിതയോട് അനുഭാവവും നീതിയും ഉറപ്പ് നല്‍കി കോടതി മുറിയില്‍ നിന്ന് അപൂര്‍വവും വികാര നിര്‍ഭരവുമായ സന്ദേശം. താന്‍ അങ്കിള്‍ എന്ന് വിളിച്ചിരുന്നയാള്‍ വയസനാകുന്നതുവരെ ജയിലില്‍ കിടക്കണം എന്ന വിചാരണ വേളയിലെ പെണ്‍കുട്ടിയുടെ വാക്കുകള്‍ക്ക് മറുപടിയായാണ് രോഹിണി പോക്സോ കോടതി അഡീഷണല്‍ സെഷന്‍സ് ജഡ്ജി രജനി രംഗ കുട്ടിക്ക് കത്തെഴുതിയത്.

നിയമഭാഷയുടെ കടുപ്പങ്ങളൊന്നുമില്ലാതെ എഴുതിയ സന്ദേശത്തില്‍, പ്രതിക്ക് കഠിന തടവ് ഉറപ്പാക്കിയ വിവരം പങ്കുവെച്ച ജഡ്ജി, ഇനി അയാള്‍ക്ക് ആരെയും ഉപദ്രവിക്കാന്‍ കഴിയില്ലെന്ന ഉറപ്പും നല്‍കി. പെണ്‍കുട്ടി കാണിച്ച സമാനതകളില്ലാത്ത ധൈര്യത്തെ പ്രശംസിച്ച ജഡ്ജി, നഷ്ടപ്പെട്ട കുട്ടിക്കാലം തിരികെ നല്‍കാന്‍ കോടതിക്ക് കഴിയില്ലെങ്കിലും നീതി നടപ്പാക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു. പേടി കൂടാതെ ഇനി ധൈര്യത്തോടെ ജീവിക്കാനും സ്‌കൂളില്‍ പോയി പഠിക്കാനും സ്വപ്നം കാണാനും സന്ദേശത്തിലൂടെ കുട്ടിയെ ഉപദേശിക്കുകയും ചെയ്തു. 2023 ല്‍ ഏഴാം വയസിലായിരുന്നു പെണ്‍കുട്ടി ക്രൂരമായ അതിക്രമത്തിന് ഇരയായത്.

ഈ കത്തും 10.50 ലക്ഷം രൂപയുടെ നഷ്ടപരിഹാര തുകയും രണ്ടാഴ്ചയ്ക്കുള്ളില്‍ കുട്ടിക്ക് കൈമാറാന്‍ നോര്‍ത്ത്-വെസ്റ്റ് ഡല്‍ഹി ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് പ്രതിഭ എം. സിങ്, ജസ്റ്റിസ് ദിനേശ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കേസില്‍ പ്രതി സുമിത് ശാക്യ നല്‍കിയ ജാമ്യാപേക്ഷയും ശിക്ഷ സസ്പെന്‍ഡ് ചെയ്യണമെന്ന ഹര്‍ജിയും ഫോറന്‍സിക് തെളിവുകള്‍ ഉള്‍പ്പെടെ ശക്തമായതിനാല്‍ ഹൈക്കോടതി തള്ളുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.