ഭീകര സംഘടനയായ 'ഇമാം മഹ്‌മൂദര്‍ ഖാഫില'യുമായി ബന്ധം; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ഭീകര സംഘടനയായ 'ഇമാം മഹ്‌മൂദര്‍ ഖാഫില'യുമായി  ബന്ധം; കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകര ഗൂഢാലോചനാ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ വ്യാപക പരിശോധന. നിരോധിത ഭീകര സംഘടനയായ ജമാ അത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ (ജെഎംബി) പോഷക സംഘടനയായ 'ഇമാം മഹ്‌മൂദര്‍ ഖാഫില'യുമായി (ഐഎംകെ) ബന്ധപ്പെട്ടാണ് അസം, പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളിലെ 16 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്.

അസമിലെ 10 ഇടങ്ങളിലും പശ്ചിമ ബംഗാളിലെ അഞ്ച് സ്ഥലങ്ങളിലും കേരളത്തിലെ ഒരു കേന്ദ്രത്തിലുമാണ് തിരച്ചില്‍ നടത്തിയത്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനും ഇന്ത്യയില്‍ സംഘടനയുടെ ശൃംഖല വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി.

കേസുമായി ബന്ധപ്പെട്ട് 11 പ്രതികള്‍ക്കെതിരെ എന്‍.ഐ.എ ഗുവാഹത്തിയിലെ പ്രത്യേക കോടതിയില്‍ മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഭാരതീയ ന്യായ സംഹിത, നിയമവിരുദ്ധ പ്രവര്‍ത്തന തടയല്‍ നിയമം (യുഎപിഎ) എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

ജെഎംബിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ വ്യാപിപ്പിക്കുന്നതിനായി സംഘടനയിലെ മുതിര്‍ന്ന അംഗമായ ഇമാം മഹ്‌മൂദ് ഹബീബുള്ളയാണ് ഐഎംകെ രൂപീകരിച്ചതെന്ന് എന്‍ഐഎ വ്യക്തമാക്കി. പശ്ചിമ ബംഗാളിലും അസം, ത്രിപുര തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സംഘടനയുടെ സാന്നിധ്യം ഉറപ്പിക്കാനായിരുന്നു പദ്ധതി.

രഹസ്യ യോഗങ്ങള്‍, തീവ്രവാദ പഠന ക്ലാസുകള്‍, ലഘുലേഖകള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി രാജ്യവിരുദ്ധ പ്രചാരണം നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.അന്വേഷണത്തിനിടയില്‍ ഗൂഢാലോചന തെളിയിക്കുന്ന രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഡിജിറ്റല്‍ റെക്കോര്‍ഡുകളും കണ്ടെടുത്തതായി എന്‍.ഐ.എ അറിയിച്ചു.

അസമിലെ ഐഎംകെ പ്രവര്‍ത്തനങ്ങളുടെ പ്രധാന സൂത്രധാരന്‍ നസീമുദ്ദീനാണെന്നും ത്രിപുരയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ജാഗീര്‍ മിയയാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ആളുകളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ജെഎംബി, ഐഎംകെ നേതൃത്വത്തോട് കൂറ് പുലര്‍ത്താന്‍ പ്രേരിപ്പിക്കാനും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനും വിശാലമായ ശൃംഖല കണ്ടെത്താനുമാണ് എന്‍ഐഎയുടെ ശ്രമം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.