ഹിജാബ് ധരിക്കാതെ പാട്ടുപാടി: പ്രശസ്ത ഗായികയ്ക്കും ടീം അംഗങ്ങള്‍ക്കും 74 ചാട്ടയടിയും രണ്ട് വര്‍ഷത്തെ കലാപരമായ വിലക്കും വിധിച്ച് ഇറാനിയന്‍ കോടതി

ഹിജാബ് ധരിക്കാതെ പാട്ടുപാടി: പ്രശസ്ത ഗായികയ്ക്കും ടീം അംഗങ്ങള്‍ക്കും 74 ചാട്ടയടിയും രണ്ട് വര്‍ഷത്തെ കലാപരമായ വിലക്കും വിധിച്ച് ഇറാനിയന്‍ കോടതി

ടെഹ്‌റാന്‍: ഓണ്‍ലൈനില്‍ പാട്ട് പാടിയപ്പോള്‍ ഹിജാബ് ധരിച്ചില്ലെന്ന കാരണത്താല്‍ പ്രശസ്ത ഇറാനിയന്‍ ഗായിക പരസ്തൂ അഹ്‌മദിക്ക് 74 ചാട്ടയടിയും രണ്ട് വര്‍ഷത്തെ കലാപരമായ വിലക്കും അടങ്ങുന്ന ശിക്ഷ ശരിവച്ച് കോടതി.

കഴിഞ്ഞ ഡിസംബറില്‍ യൂട്യൂബിലൂടെ സംപ്രേക്ഷണം ചെയ്ത സംഗീത പരിപാടിയില്‍ ഹിജാബ് ധരിക്കാതെ ഗാനം ആലപിച്ചതിനാണ് പരസ്തൂ അഹ്‌മദിക്കും ഒപ്പമുണ്ടായിരുന്ന സംഗീതജ്ഞരായ എഹ്‌സാന്‍ ബെയ്‌റഗ്ദാര്‍, സോഹീല്‍ ഫഗീഹ് നസിരി എന്നിവര്‍ക്കും മറ്റ് അഞ്ച് പ്രൊഡക്ഷന്‍ ടീം അംഗങ്ങള്‍ക്കും കോം പ്രവിശ്യയിലെ ക്രിമിനല്‍ കോടതി 74 ചാട്ടയടിയും രണ്ടു വര്‍ഷത്തെ യാത്രാ വിലക്കും വിധിച്ചത്. ഈ ഉത്തരവാണ് അപ്പീല്‍ കോടതി ഇപ്പോള്‍ അന്തിമമായി ശരി വച്ചിരിക്കുന്നത്.

മറ്റൊരു സംഭവത്തില്‍ 'തെഹ്‌റാന്‍ പാരിസ് തെഹ്‌റാന്‍' എന്ന നാടകത്തില്‍ സഹോദരങ്ങളുടെ വേഷം ചെയ്ത നടന്‍ മെഹ്ദാദ് സെദിഗിയനും നടി ഫത്തേമെ മസൂദിഫറും തമ്മില്‍ സ്റ്റേജില്‍ വച്ച് ചെറിയ രീതിയില്‍ ആലിംഗനം ചെയ്തുവെന്നതിന്റെ പേരില്‍ പ്രൊഡക്ഷന്‍ കമ്പനിക്കെതിരെയും അധികൃതര്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇത് സാമൂഹിക മാനദണ്ഡങ്ങളെ ലംഘിക്കുന്നതാണെന്നാണ് കേസിന് കാരണമായി ഇറാനിയന്‍ ഭരണകൂടം പറയുന്നത്.

സ്ത്രീകളുടെ വസ്ത്ര ധാരണത്തിലും പൊതു ഇടങ്ങളിലെ പെരുമാറ്റത്തിലും കര്‍ശന ഇസ്ലാമിക നിയമങ്ങളാണ് ഇറാനില്‍ നടപ്പിലാക്കി വരുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതും അശ്ലീലമെന്ന് മുദ്രകുത്തുന്നതുമായ ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.