ഇറാഖില്‍ നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായി പിന്മാറി; രണ്ട് പതിറ്റാണ്ടിന്റെ സാന്നിധ്യത്തിന് അന്ത്യം

 ഇറാഖില്‍ നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായി പിന്മാറി; രണ്ട് പതിറ്റാണ്ടിന്റെ  സാന്നിധ്യത്തിന് അന്ത്യം

ബാഗ്ദാദ്: രണ്ട് പതിറ്റാണ്ടിലധികം നീണ്ട ഇറാഖിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിനാണ് അന്ത്യം. ഇരുപത്തിമൂന്ന് വര്‍ഷത്തെ സൈനിക സാന്നിധ്യത്തിനൊടുവില്‍ ഇറാഖിലെ അവശേഷിക്കുന്ന താവളങ്ങളില്‍ നിന്നും അമേരിക്കന്‍ സേന പൂര്‍ണമായി പിന്മാറി.

2024 ല്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് തീരുമാനിക്കപ്പെട്ട പിന്മാറ്റ നടപടികള്‍ നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടമാണ് നടപ്പിലാക്കിയത്. അയല്‍ രാജ്യമായ ഇറാനുമായി യുദ്ധം തുടരുന്നതിനിടയിലാണ് ഈ സൈനിക പിന്മാറ്റം എന്നതും ശ്രദ്ധേയമാണ്.

2003 ല്‍ സദ്ദാം ഹുസൈന്റെ ഭരണകൂടത്തെ പുറത്താക്കിയാണ് അമേരിക്കന്‍ സേന ഇറാഖില്‍ പ്രവേശിച്ചത്. പിന്നീട് വര്‍ഷങ്ങളോളം നീണ്ട 'കൗണ്ടര്‍-ഇന്‍സര്‍ജന്‍സി' പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 2011 ഒടുവില്‍ അവര്‍ പിന്മാറിയിരുന്നു. എന്നാല്‍ 2014 നും 2017 നും ഇടയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ (ഐ.എസ്) തകര്‍ക്കാനുള്ള സൈനിക നീക്കങ്ങള്‍ക്ക് ഇറാഖി സേനയെ പിന്തുണയ്ക്കുന്നതിനായി യുഎസ് സൈനികര്‍ തിരിച്ചെത്തുകയായിരുന്നു.

യുഎസ് സൈന്യത്തിന്റെ പിന്മാറ്റം പൊതുവെ ഇറാഖികള്‍ക്കിടയില്‍ സ്വീകാര്യമാണെങ്കിലും ഇറാഖി സുരക്ഷാ സേനക്ക് രാജ്യത്തിന്റെ സുരക്ഷ ഒറ്റക്ക് സംരക്ഷിക്കാന്‍ കഴിയുമോ എന്ന ആശങ്ക പലരും പങ്കുവെക്കുന്നുണ്ട്. ഐ.എസിനെതിരായ പോരാട്ടത്തില്‍ ഇറാഖി സുരക്ഷാ സേനയ്ക്ക് നിര്‍ണായകമായ രഹസ്യാന്വേഷണ വിവരങ്ങളും ആകാശ നിരീക്ഷണങ്ങളും നല്‍കിയിരുന്നത് അമേരിക്കന്‍ സൈന്യമായിരുന്നു.

യുഎസ് സേനയുടെ ഈ പിന്മാറ്റം ഇസ്ലാമിക് സ്റ്റേറ്റിന് വീണ്ടും സംഘടിക്കാന്‍ അവസരമൊരുക്കുമെന്ന് ചില ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന് ഇപ്പോഴും സ്ലീപ്പര്‍ സെല്‍ ശൃംഖല നിലവിലുണ്ട്. യുഎസ് രഹസ്യാന്വേഷണത്തിന്റെയും ലോജിസ്റ്റിക്കല്‍ പിന്തുണയുടെയും ഡ്രോണുകളുടെയും അഭാവം ഇസ്ലാമിക് സ്റ്റേറ്റിന് പുനസംഘടിക്കാന്‍ അവസരം നല്‍കുമെന്ന് കുര്‍ദിഷ് കമാന്‍ഡര്‍ സര്‍വാന്‍ ബര്‍സാനി മുന്നറിയിപ്പ് നല്‍കി.

അടുത്ത കാലത്തായി അമേരിക്കയുമായും ഇറാനുമായും നല്ല തരത്തിലുള്ള രാഷ്ട്രീയ-സൈനിക സഖ്യം ഇറാഖ് പുലര്‍ത്തുന്നുണ്ടെങ്കിലും ഇറാഖി മണ്ണ് പലപ്പോഴും ഒരു പ്രോക്‌സി യുദ്ധഭൂമിയായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. 2020 ല്‍ ബാഗ്ദാദ് വിമാനത്താവളത്തില്‍ വെച്ച് മുതിര്‍ന്ന ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചിരുന്നു.

ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകള്‍ നിരന്തരം യുഎസ് താവളങ്ങള്‍ ആക്രമിക്കുകയും അമേരിക്ക അതിന് തിരിച്ചടി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇറാനെതിരായ ഈ വര്‍ഷത്തെ യുദ്ധത്തില്‍ കൊല്ലപ്പെട്ട 18 യുഎസ് സൈനികരില്‍ ഏഴു പേര്‍ ഇറാഖിലായിരുന്നു. ജൂലൈയില്‍ എര്‍ബിലിന് സമീപമുള്ള താവളത്തില്‍ ഡ്രോണ്‍ നിയന്ത്രിത സ്‌ഫോടനത്തിനിടെ മരിച്ച ആര്‍മി സര്‍ജന്റാണ് ഇറാഖില്‍ കൊല്ലപ്പെട്ട അവസാനത്തെ യുഎസ് സൈനികന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.