ലൂർദ്ദ്: ജീവിതപരിവർത്തനത്തിനും പ്രായശ്ചിത പ്രവൃത്തികൾക്കുമായി തീർത്ഥാടകരെ ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. രോഗികൾ തങ്ങളുടെ സഹനത്തെ ക്രിസ്തുവിൻ്റെ രക്ഷാകര പ്രവർത്തനത്തിലുള്ള പങ്കാളിത്തമായി കണക്കാക്കണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
ഫ്രാൻസിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ മൂന്നാം ദിവസമായ ഞായറാഴ്ച, ലൂർദ്ദിലെ തീർഥാടനകേന്ദ്രത്തിൽ ഒത്തുചേർന്ന വിശ്വാസി സാഗരത്തോടൊപ്പം വിശുദ്ധ കുർബാന അർപ്പിക്കവേ നൽകിയ സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഫ്രാൻസിൽനിന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നും എത്തിയ തീർത്ഥാടകരുടെ ഈ സംഗമം 'സഭയുടെ സർവ്വത്രിക മുഖം' വെളിപ്പെടുത്തുന്നതാണെന്ന് മാർപാപ്പ പറഞ്ഞു.
ലൂർദ്ദ് നൽകുന്ന സമാശ്വാസം തങ്ങളുടെ ഭവനങ്ങളിലേക്കും സമൂഹങ്ങളിലേക്കും കൊണ്ടുപോകണമെന്നും പാപ്പാ തീർഥാടകരെ ഓർമ്മപ്പെടുത്തി. അന്നേ ദിവസത്തെ തിരുവചന വായനകളെയും വിശുദ്ധ ബർണദീത്തയ്ക്ക് പരിശുദ്ധ കന്യകാമറിയം നൽകിയ സന്ദേശത്തെയും ആസ്പദമാക്കി സംസാരിച്ച പാപ്പാ, തൻ്റെ പ്രസംഗത്തിൽ മാനസാന്തരത്തിന് പ്രത്യേകമായ ഊന്നൽ നൽകി.
മാനസാന്തരത്തിനുള്ള ക്ഷണം
'നമ്മുടെ കണ്ണുകൾ തുറക്കാനും തൻ്റെ പക്കലേക്ക് മടങ്ങിവരാനും ദൈവം ആഗ്രഹിക്കുന്നു. നാം പശ്ചാത്തപിക്കേണ്ടത് നാളെയല്ല, ഇന്നാണ്.' - ലിയോ പാപ്പാ പറഞ്ഞു. മാനസാന്തരം എന്നത് വഴിതെറ്റി നാം നടന്ന പാതകൾ ഉപേക്ഷിക്കുന്നതും ജീവൻ്റെ വഴി തിരഞ്ഞെടുക്കുന്നതുമാണെന്ന് പാപ്പാ വിശദീകരിച്ചു.
വിശുദ്ധ ബർണദീത്തയോട് പരിശുദ്ധ കന്യകാമറിയം പറഞ്ഞ വാക്കുകൾ മാർപാപ്പ അനുസ്മരിച്ചു: 'ഈ ലോകത്തിലെ സന്തോഷങ്ങൾ ഞാൻ നിനക്ക് വാഗ്ദാനം ചെയ്യുന്നില്ല. എന്നാൽ, വരാനിരിക്കുന്ന ലോകത്തിൽ നീ സന്തോഷം അനുഭവിക്കുമെന്ന് ഞാൻ നിനക്ക് വാഗ്ദാനം നൽകുന്നു.'
പ്രായശ്ചിത്ത പ്രവൃത്തികൾ
സ്വന്തം പാപങ്ങൾക്കുവേണ്ടി മാത്രമല്ല പാപികൾക്കു വേണ്ടിയും പ്രായശ്ചിത്ത പ്രവൃത്തികൾ ചെയ്യാൻ പരിശുദ്ധ അമ്മ ബർണദീത്തയോട് ആവശ്യപ്പെട്ടതായി പാപ്പാ ചൂണ്ടിക്കാട്ടി. പ്രായശ്ചിത്തം സ്നേഹത്തിൻ്റെ ഒരു പ്രവൃത്തിയാണ്. അത് മനുഷ്യകുലത്തോടുള്ള ഐക്യദാർഢ്യത്തിൽ നിർവഹിക്കപ്പെടുന്ന ഒരു പ്രവൃത്തിയാണ് - പരിശുദ്ധ പിതാവ് വ്യക്തമാക്കി.
മാനസാന്തരത്തിലേക്കുള്ള വിളി സഭയിൽനിന്ന് ആരംഭിക്കണം.
സഭയുടെ ആഴമേറിയ മുറിവുകളും അവിശ്വസ്തതയും വേദനാജനകമായ പിഴവുകളും എളിമയോടെ ഏറ്റുപറയുമ്പോഴാണ് ആത്മീയമായ വളർച്ചയുണ്ടാകുന്നതെന്ന് ലിയോ പാപ്പാ കൂട്ടിച്ചേർത്തു. വിശുദ്ധ അഗസ്റ്റിൻ്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഇപ്രകാരം പറഞ്ഞു: 'നിങ്ങൾ ഇതുവരെ ആയിട്ടില്ലാത്ത ഒരാളായി മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇപ്പോൾ നിങ്ങൾ ആയിരിക്കുന്നതിൽ തൃപ്തിയടയരുത്.'
രോഗികളുടെ സഹനങ്ങൾക്ക് സഭയുടെ ഹൃദയത്തിൽ ഇടമുണ്ട്. രോഗം, വേദനകൾ, വാർദ്ധക്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ മനുഷ്യജീവൻ്റെ മൂല്യം പുനർനിർണയിക്കാൻ ശ്രമങ്ങൾ നടക്കുന്ന ഇക്കാലത്ത്, ലൂർദ്ദ് ക്രൈസ്തവ പ്രത്യാശയുടെ ഒരു കേന്ദ്രമായി നിലകൊള്ളുന്നുവെന്ന് മാർപാപ്പ പ്രസ്താവിച്ചു.
നിങ്ങളുടെ ഊന്നുവടികളോ വീൽചെയറുകളോ കണ്ണീരോ രോഗങ്ങളോ ശാരീരിക ദൗർബല്യങ്ങളോ ഇവിടെ തടസ്സങ്ങളായി പരിഗണിക്കപ്പെടുന്നില്ല. മറിച്ച്, അവയെല്ലാം ഉൾപ്പെടെയാണ് നിങ്ങൾ ഇവിടെ പരിഗണിക്കപ്പെടുന്നത്. ദൈവത്തിൻ്റെ അനന്തമായ സ്നേഹത്താൽ ഹൃദയങ്ങൾ രൂപാന്തരീകരിക്കപ്പെടുന്ന ഇടമാണ് ലൂർദ്ദ് എന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
തനിക്കു മുന്നിലുണ്ടായിരുന്ന രോഗികളെ പ്രത്യേകമായി അഭിസംബോധന ചെയ്ത പാപ്പാ, അവരുടെ വേദനയും സഹനവും ക്രിസ്തുവിൻ്റെ പീഡാനുഭവത്തോടെ ഐക്യപ്പെടുത്തി മറ്റുള്ളവരുടെ രക്ഷയ്ക്കായി സമർപ്പിക്കാനാകട്ടെ എന്ന് ആശംസിച്ചു.
ലൂർദ്ദിലേക്ക് എത്തിയതുപോലെയല്ല, പ്രത്യാശയുടെ മിഷനറിമാരായി വേണം നിങ്ങൾ മടങ്ങേണ്ടതെന്ന് അവിടെയുണ്ടായിരുന്ന വിശ്വാസി സമൂഹത്തോട് മാർപാപ്പാ ആഹ്വാനം ചെയ്തു. സഹനങ്ങളുടെയും പ്രയാസങ്ങളുടെയും മധ്യേ പ്രത്യാശയുടെ ആനന്ദത്താൽ നമ്മെ നിറയ്ക്കാൻ ലൂർദ്ദിന് കഴിയുന്നു എന്നതാണ് ഇവിടുത്തെ അത്ഭുതം.
സ്വന്തം വീടുകളിലും ഇടവകകളിലും രാജ്യങ്ങളിലും ദൈവികമായ ആർദ്രതയുടെയും ശക്തിയുടെയും സാക്ഷികളായിത്തീരാൻ പാപ്പാ ഏവരെയും ക്ഷണിച്ചു.
ലോകത്തിൻ്റെ കൊടുങ്കാറ്റുകളെ ഭയപ്പെടാതെ, മറിയത്തിന്റെ മാതൃസംരക്ഷണത്തിൽ മുന്നോട്ടുപോകാനും ക്രിസ്തു നൽകുന്ന സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പ്രത്യാശയുടെയും സാക്ഷികളാകാനും ഏവരെയും ആഹ്വാനം ചെയ്തുകൊണ്ട് ലിയോ പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.