കനത്ത ആശങ്കയിൽ എത്യോപ്യൻ ക്രൈസ്തവർ; ചരിത്രപ്രസിദ്ധമായ ടിഗ്രേ മേഖല വീണ്ടും സംഘർഷത്തിലേക്ക്?

കനത്ത ആശങ്കയിൽ എത്യോപ്യൻ ക്രൈസ്തവർ; ചരിത്രപ്രസിദ്ധമായ ടിഗ്രേ മേഖല വീണ്ടും സംഘർഷത്തിലേക്ക്?

അടിസ് അബാബ: നൂറ്റാണ്ടുകളുടെ ക്രൈസ്തവ പാരമ്പര്യമുള്ള എത്യോപ്യയിലെ ടിഗ്രേ പ്രദേശത്ത് വീണ്ടും പടർന്നുപിടിക്കുന്ന സംഘർഷങ്ങൾ ക്രൈസ്തവ ലോകത്ത് വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുന്നു. ദീർഘകാലത്തെ ആഭ്യന്തരയുദ്ധത്തിന് ശേഷം സമാധാനം പുനസ്ഥാപിക്കപ്പെട്ടുവെന്ന് കരുതിയ ഈ മേഖലയിലേക്ക് വീണ്ടും അശാന്തിയുടെ കാറ്റ് വീശുന്നത് സഭയെയും സാധാരണ ജനങ്ങളെയും ഒരുപോലെ ഭീതിയിലാഴ്ത്തുന്നു.

എത്യോപ്യൻ ഓർത്തഡോക്സ് ക്രൈസ്തവ പാരമ്പര്യത്തിന്റെ പ്രഭവ കേന്ദ്രങ്ങളിലൊന്നാണ് ടിഗ്രെയും സമീപത്തുള്ള അംഹാര മേഖലയും. ക്രിസ്തു മതം ഔദ്യോഗികമായി സ്വീകരിച്ച പുരാതന അക്സും നഗരവും, നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ആശ്രമങ്ങളും പുണ്യസ്ഥലങ്ങളും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. മുൻപ് നടന്ന രക്തരൂക്ഷിത യുദ്ധവേളകളിൽ നിരവധി ദേവാലയങ്ങൾ ആക്രമിക്കപ്പെടുകയും വൈദികരും നിരവധിയായ വിശ്വാസികളും ദാരുണമായി കൊല്ലപ്പെടുകയും ചെയ്തിരുന്നു.

രണ്ടു വർഷത്തോളം നീണ്ട മുൻ യുദ്ധത്തിൽ പട്ടിണിയും ആരോഗ്യ സംവിധാനങ്ങളുടെ തകർച്ചയും മൂലം ലക്ഷക്കണക്കിന് ആളുകളാണ് ജീവൻ വെടിഞ്ഞത്. വീടുകളിൽ നിന്ന് പലായനം ചെയ്യപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾ ഇനിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിട്ടില്ല.

ഈ സാഹചര്യത്തിൽ പുതിയൊരു സംഘർഷം കൂടി ഉടലെടുത്താൽ ജീവകാരുണ്യ സഹായങ്ങളും ഭക്ഷണവും മരുന്നും വീണ്ടും തടസപ്പെടുമെന്നും അത് വലിയൊരു മാനവിക ദുരന്തത്തിന് കാരണമാവുമെന്നുമാണ് സഭാ-സന്നദ്ധ സംഘടനകളുടെ മുന്നറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.