ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം; ഒക്ടോബര്‍ രണ്ട് മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്ത്യ സഖ്യത്തിന്റെ  തീരുമാനം; ഒക്ടോബര്‍ രണ്ട്  മുതല്‍ രാജ്യവ്യാപക പ്രക്ഷോഭം

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.

ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ രാജ്യ വ്യാപകമായി 'സേവ് ഡെമോക്രസി മാര്‍ച്ച്' ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ ആറിന് പ്രതിപക്ഷ എംപിമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അഞ്ച് വന്‍ റാലികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ഇതിന്റെ തിയതിയും വേദികളും പിന്നീട് അറിയിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

'വോട്ട് മോഷണം' സംബന്ധിച്ച വിഷയങ്ങള്‍ ഉന്നയിച്ച് നവംബര്‍ ഒന്നിന് ഡല്‍ഹിയില്‍ വമ്പന്‍ റാലി നടത്തും. സുപ്രീം കോടതിയിലുള്ള എസ്ഐആറുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എത്രയും വേഗം തീര്‍പ്പാക്കണമെന്നും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു.

മൂന്നര മണിക്കൂറോളം ചര്‍ച്ചകള്‍ നീണ്ടുപോയെന്നും വിവിധ പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും ഒന്നിച്ച് പോരാടാന്‍ തീരുമാനിക്കുകയും ചെയ്തതായി ഇന്ത്യ മുന്നണി യോഗത്തിനു ശേഷം ഖാര്‍ഗെ പറഞ്ഞു. സര്‍ക്കാര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിക്കുന്നുണ്ടെന്നും ഖാര്‍ഗെ ആരോപിച്ചു.

പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ രാഷ്ട്രപതിയെ കാണാന്‍ സമയം തേടാനും പ്രതിപക്ഷ എംപിമാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന ആവശ്യവും പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചു.

ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്ത്യ സഖ്യ നേതാക്കളുടെ യോഗത്തില്‍ വിവിധ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. നിരവധി പ്രതിപക്ഷ നേതാക്കള്‍ നേരിട്ടും ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകാനാണ് നേതാക്കളുടെ തീരുമാനം.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗ്യാനേഷ് കുമാര്‍ എന്നിവര്‍ ജനാധിപത്യത്തെ ആക്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. വരും മാസങ്ങളില്‍ രാജ്യത്ത് ഗൗരവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മമത ബാനര്‍ജി ഉന്നയിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങള്‍ 'വോട്ട് കൊള്ള'യുമായി ബന്ധപ്പെട്ടതാണെന്നാണ് മമതയുടെ ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.