ഓലക്കുടിലില്‍ നിന്നൊരു സ്ഥാനാര്‍ഥി; ഗ്യാസ് കുറ്റി വാങ്ങാന്‍ പോലും പണമില്ല: അതാണ് മാരിമുത്തു

ഓലക്കുടിലില്‍ നിന്നൊരു സ്ഥാനാര്‍ഥി; ഗ്യാസ് കുറ്റി വാങ്ങാന്‍ പോലും പണമില്ല: അതാണ് മാരിമുത്തു

തഞ്ചാവൂര്‍: ചുഴലിക്കാറ്റില്‍ പറന്നുപോയ മേല്‍ക്കൂര ഒരു തരത്തില്‍ ഏച്ചുകെട്ടിയ കൊച്ചുകുടില്‍... ഗ്യാസ് കുറ്റി വാങ്ങാന്‍ പോലും കയ്യില്‍ പണമില്ല... ഇതൊരു സ്ഥാനാര്‍ഥിയുടെ അവസ്ഥയാണ്. കേരളത്തിലല്ല, തൊട്ടടുത്ത തമിഴ്‌നാട്ടില്‍. തിരുത്തുറൈ പോണ്ടിയില്‍ നിന്ന് ജനവിധി തേടുന്ന സിപിഐയുടെ മാരിമുത്തുവാണ് ആ ദരിദ്ര നാരായണനായ സ്ഥാനാര്‍ത്ഥി.

വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ് മാരിമുത്തു. പക്ഷേ ഇപ്പോഴും ഓലമേഞ്ഞ മണ്‍കൂരയ്ക്ക് കീഴിലാണ് താമസം. കടുവക്കുടി ഗ്രാമത്തിലാണ് 49കാരനായ മാരിമുത്തു താമസിക്കുന്നത്. രണ്ടു വര്‍ഷം മുമ്പുണ്ടായ ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന വീട് നേരെയാക്കാനായി പണം സമ്പാദിക്കാനുള്ള അലച്ചിലിലാണ് ഇപ്പോഴും മാരിമുത്തു. ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് തത്ക്കാലത്തേക്ക് മേല്‍ക്കൂര മറച്ചു. മാരിയുടെ ഭാര്യ ജയസുധയും അമ്മയും കര്‍ഷക തൊഴിലാളികളാണ്.

'അദ്ദേഹം എപ്പോഴും പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കില്‍ ആയിരിക്കും. ജനങ്ങള്‍ക്കും അതുകൊണ്ട് വളരെ സ്നേഹമാണ്. കടുവക്കുടി ഗ്രാമവാസികള്‍ അദ്ദേഹം മത്സരിക്കുന്നത് അറിഞ്ഞ് ആവേശത്തിലാണ്'- ഭാര്യ ജയസുധയുടെ വാക്കുകള്‍. മാരിമുത്തുവിന് നാല് സഹോദരിമാര്‍ കൂടിയുണ്ട്.

'രണ്ട് മക്കളെ വളര്‍ത്താന്‍ അദ്ദേഹം വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. എന്നാലും പാര്‍ട്ടിക്ക് വേണ്ടി എല്ലാം മറന്ന് പ്രവര്‍ത്തിക്കും. അതിനുള്ള പ്രതിഫലമാണ് ഈ സീറ്റ്. ജയിച്ചു കഴിഞ്ഞാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്'-' സഹോദരി സെല്‍വി പറയുന്നു.

വീട് നന്നാക്കാനായി ഒരു എന്‍ജിഒ 50,000രൂപ നല്‍കിയിരുന്നതായി മാരിമുത്തു പറഞ്ഞു. എന്നാല്‍ ഈ പണം ഗ്രാമത്തില്‍ പൂര്‍ണമായി തകര്‍ന്ന വീട് ശരിയാക്കാനായി നല്‍കുകയായിരുന്നു. ഭാവിയില്‍ താന്‍ നല്ലൊരു വീട് വയ്ക്കുമെന്നും മാരിമുത്തു കൂട്ടിച്ചേര്‍ത്തു.

ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ഡലമാണ് തിരുത്തുറൈ പോണ്ടി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡിഎംകെയാണ് ഇവിടെ ജയിച്ചത്. ഇത്തവണ സ്റ്റാലിനും സംഘവും തങ്ങള്‍ക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസവും മാരിമുത്തുവിന് മണ്ഡലത്തിലുള്ള സ്വീകാര്യതയും ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.