ഇന്ത്യന്‍ വ്യോമ സേനയില്‍ യുദ്ധവിമാന ക്ഷാമം രൂക്ഷം: പാകിസ്ഥാന് ചൈനീസ് സ്റ്റെല്‍ത്ത് പോര്‍ വിമാനങ്ങള്‍ ലഭിച്ചേക്കുമെന്ന് ആശങ്ക

ഇന്ത്യന്‍ വ്യോമ സേനയില്‍ യുദ്ധവിമാന ക്ഷാമം രൂക്ഷം: പാകിസ്ഥാന് ചൈനീസ് സ്റ്റെല്‍ത്ത് പോര്‍ വിമാനങ്ങള്‍ ലഭിച്ചേക്കുമെന്ന് ആശങ്ക

ന്യൂഡല്‍ഹി: വ്യോമ സേനയിലേക്ക് പുതിയ യുദ്ധ വിമാനങ്ങള്‍ എത്തുന്നതിലുണ്ടാകുന്ന കാലതാമസം രാജ്യത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുന്നുവെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ്. സേനയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും പ്രതിരോധ വിടവുകള്‍ നികത്തുന്നതിനുമായി രാജ്യത്ത് പ്രതിവര്‍ഷം 40 യുദ്ധ വിമാനങ്ങള്‍ വരെ നിര്‍മിക്കേണ്ടതുണ്ടെന്ന് വ്യോമസേനാദിനത്തോടനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദേഹം വ്യക്തമാക്കി.

നിലവിലെ 30 യുദ്ധവിമാന സ്‌ക്വാഡ്രണുകളില്‍ നിന്ന് താഴേക്ക് പോകാതിരിക്കാനും 42 എന്ന ലക്ഷ്യത്തിലെത്താനും ഓരോ വര്‍ഷവും രണ്ട് സ്‌ക്വാഡ്രണുകള്‍ (36 മുതല്‍ 40 വിമാനങ്ങള്‍) പുതുതായി സേനയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. എല്‍സിഎ എംകെ-1 എ, മള്‍ട്ടി-റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകള്‍ (എംആര്‍എഫ്എ), അധിക സുഖോയ്-30 എംകെഐ വിമാനങ്ങള്‍ എന്നിവ സമയബന്ധിതമായി വ്യോമസേനയില്‍ എത്തിച്ചേരേണ്ടത് അത്യന്താപേക്ഷിതമാണ്. അതോടൊപ്പം അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളുടെ വിന്യാസവും വേഗത്തിലാക്കേണ്ടതുണ്ട്.

അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, ചൈനയുടെ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധ വിമാനങ്ങള്‍ പാകിസ്ഥാന് ലഭിക്കാനുള്ള സാധ്യത ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. പാക് പൈലറ്റുമാര്‍ക്ക് ഇത്തരം വിമാനങ്ങള്‍ പറത്താന്‍ ചൈന പരിശീലനം നല്‍കി തുടങ്ങിയതായും സേനാ മേധാവി ചൂണ്ടിക്കാട്ടി.

അതേസമയം, ദുബായ്-ടെല്‍ അവീവ് ഫ്ളൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തടഞ്ഞ ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണ ധീരതയെ എ.പി സിങ് പ്രശംസിച്ചു. അടിയന്തര സാഹചര്യത്തില്‍ സ്മിത് പ്രകടിപ്പിച്ച ശാരീരികവും മാനസികവുമായ നിശ്ചയ ദാര്‍ഢ്യം വ്യോമയാന മേഖലയിലുള്ള എല്ലാവര്‍ക്കും മാതൃകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.