'പുരുഷന് 'തലാഖ്' എന്നപോലെ തന്നെയാണ് സ്ത്രീക്ക് 'ഖുല'; വിവാഹ മോചനത്തില്‍ മുസ്ലിം സ്ത്രീയുടെ അവകാശം പരമമെന്ന് ഹൈക്കോടതി

'പുരുഷന് 'തലാഖ്' എന്നപോലെ തന്നെയാണ് സ്ത്രീക്ക് 'ഖുല'; വിവാഹ മോചനത്തില്‍ മുസ്ലിം സ്ത്രീയുടെ അവകാശം പരമമെന്ന് ഹൈക്കോടതി

കൊച്ചി: മുസ്ലിം വ്യക്തി നിയമപ്രകാരം 'ഖുല'യിലൂടെ ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടാല്‍ അതിന് ഭര്‍ത്താവിന്റെ സമ്മതമോ അനുമതിയോ ആവശ്യമില്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി.

വിവാഹ ബന്ധം വേര്‍പെടുത്തുന്നതില്‍ പുരുഷന് 'തലാഖ്' എന്നപോലെ ഖുര്‍ആന്‍ സ്ത്രീക്ക് നല്‍കിയിട്ടുള്ള ഏകപക്ഷീയവും പരമവുമായ അവകാശമാണ് 'ഖുല'യെന്നും ഭാര്യയുടെ ഈ ആവശ്യത്തോട് വിയോജിക്കാന്‍ ഭര്‍ത്താവിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ. നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്.

ഭാര്യയുടെ 'ഖുല' പ്രഖ്യാപനം ശരിവെച്ച കുടുംബക്കോടതി ഉത്തരവിനെതിരെയും ഇക്കാര്യത്തില്‍ സാക്ഷിവിസ്താരവും വിശദമായ വിചാരണയും വേണമെന്ന തന്റെ ആവശ്യം തള്ളിയതിനെതിരെയും ഭര്‍ത്താവ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

2023 ല്‍ വിവാഹിതരായ ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഭാര്യ കുടുംബക്കോടതിയെ സമീപിച്ച് ഖുല പ്രഖ്യാപനം തേടുകയായിരുന്നു. എന്നാല്‍ ഖുല അസാധുവാക്കണമെന്നും മഹ്റും വജ്രാഭരണങ്ങളും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവും കോടതിയെ സമീപിച്ചു. തുടര്‍ന്ന് തെളിവെടുപ്പും വിശദമായ അന്വേഷണവും വേണമെന്ന ഭര്‍ത്താവിന്റെ ഹര്‍ജികള്‍ കുടുംബക്കോടതി തള്ളുകയായിരുന്നു.

കോടതിക്ക് പുറത്തുള്ള ഇത്തരം വിവാഹ മോചനങ്ങളില്‍ കുടുംബക്കോടതികള്‍ വിശദമായ വിചാരണയോ തെളിവെടുപ്പോ നടത്തേണ്ടതില്ലെന്ന് ഹൈക്കോടതി മുന്‍ ഉത്തരവുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കി. ശമീം ആര, ഷായാറാ ബാനോ കേസുകള്‍ 'മുത്തലാഖു'മായി ബന്ധപ്പെട്ടതാണെന്നും ഖുലമായി അവയ്ക്ക് നേരിട്ട് ബന്ധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഒരു ഖുല നിയമപരമായി സാധുവാകാന്‍ വിവാഹബന്ധം വേര്‍പെടുത്തുന്നുവെന്ന ഭാര്യയുടെ വ്യക്തമായ പ്രഖ്യാപനം, മഹ്റോ വിവാഹസമയത്ത് സ്വീകരിച്ച മറ്റ് ആനുകൂല്യങ്ങളോ തിരികെ നല്‍കാമെന്ന സമ്മതം, ഖുല്‍അ് പ്രഖ്യാപനത്തിന് മുന്‍പ് ഇരുകൂട്ടരും തമ്മില്‍ ഫലപ്രദമായ അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന ബോധ്യം എന്നീ മൂന്ന് നിബന്ധനകള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് മാത്രം കുടുംബക്കോടതി പരിശോധിച്ചാല്‍ മതിയെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി

ഈ മൂന്ന് ഘടകങ്ങളും പാലിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഖുല പ്രാബല്യത്തില്‍ വരുമെന്നും, ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുള്ള എതിര്‍പ്പുകള്‍ പറഞ്ഞ് നടപടികള്‍ നീട്ടിക്കൊണ്ടുപോകാകില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി കുടുംബക്കോടതി ഉത്തരവ് പൂര്‍ണമായും ശരിവെച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.