ന്യൂഡല്‍ഹി: വോട്ട് മോഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമിത് ഷാ, മോഹന്‍ ഭഗവത് എന്നിവര്‍ക്കൊപ്പം ഗ്യാനേഷ് കുമാറും ഇതിന് സഹായം നല്കി. രാജ്യത്തെ ജനാധിപത്യത്തെ ഇവര്‍ ഇല്ലാതാക്കിയെന്ന കാര്യം എല്ലാവര്ക്കും ബോധ്യമായി.
ഇത് രാജ്യദ്രോഹമാണ്. ഇതില്‍ പങ്കാളികളായ ഒരാള്‍പോലും രക്ഷപ്പെടാന്‍ പോകുന്നില്ല. അത് നരേന്ദ്ര മോഡിയായാലും അമിത് ഷായായാലും മോഹന്‍ ഭഗവതായാലും ഗ്യാനേഷ് കുമാറായാലും. ഇവര്‍ക്കെല്ലാവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്കി.
ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും മറ്റ് രണ്ട് ഇലക്ഷന് കമ്മീഷണര്‍മാര്‍ക്കുമെതിരെ ഇന്ത്യാ സഖ്യത്തിലെ എംപിമാര്‍ നടത്തിയ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ഗ്യാനേഷ് കുമാറിനെയും രണ്ട് സഹ പ്രവര്‍ത്തകരെയും നേരില്‍ കാണുന്നതിനായി ലോക്സഭയിലെയും രാജ്യസഭയിലെയും മുന്നൂറോളം എംപിമാര്‍ എത്തിയെങ്കിലും പോലീസ് തങ്ങളെ തടയുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിന് വെറും 50 വാര അകലെ വെച്ചാണ് ജനപ്രതിനിധികളെ പോലീസ് തടഞ്ഞു വെച്ചത്.
രാജ്യത്തിന്റെ ശബ്ദത്തെയാണ് ജനപ്രതിനിധികള്‍ പ്രതിനിധീകരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് 300 എം.പിമാരെ തടഞ്ഞതെന്ന് മനസിലാകുന്നില്ല. തിരഞ്ഞെടുപ്പ് കൃത്യമായി നടത്തുക എന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതല. പക്ഷേ, 300 എംപിമാര്‍ കാണാന്‍ വരുമ്പോള്‍ ഗ്യാനേഷ് കുമാര്‍ ഭയന്നിരിക്കുകയാണ്. ജനപ്രതിനിധികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ രാജ്യത്ത് ജനാധിപത്യംകൊണ്ട് എന്താണ് അര്‍ത്ഥമെന്നും രാഹുല്‍ ചോദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.