കേരളം എയിംസ് പട്ടികയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യ രംഗത്തെ മികവ് അയോഗ്യത ആണോ എന്ന് ഹൈക്കോടതി

കേരളം എയിംസ് പട്ടികയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യ രംഗത്തെ മികവ് അയോഗ്യത ആണോ എന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിന് എയിംസ് അനുവദിക്കുന്നത് മുന്‍ഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു. ആരോഗ്യ രംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യ പരിഗണനെയെന്നും കേരളം ആരോഗ്യ രംഗത്ത് മുന്നിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

എന്നാല്‍ കേരളം എയിംസ് അര്‍ഹിക്കുന്നുണ്ടെന്നും ആരോഗ്യ രംഗത്ത് കേരളം മുന്നില്‍ നില്‍ക്കുന്നത് എയിംസ് ലഭിക്കുന്നതിന് അയോഗ്യതയാണോയെന്നും ഹൈക്കോടതി കേന്ദസര്‍ക്കാരിനോട് ചോദിച്ചു. കേരളത്തിന് എയിംസ് പരിഗണിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് കാസര്‍കോട്ട ഒരു കൂട്ടായ്മ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.

ആരോഗ്യ രംഗത്ത് മോശം സാഹചര്യമുള്ള സംസ്ഥാനങ്ങള്‍ക്കാണ് എയിംസ് അനുവദിക്കുന്നതില്‍ മുന്‍ഗണനയെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. കേരളം ആരോഗ്യ രംഗത്ത് മികച്ചതാണ്. 2030-31 ലെ പദ്ധതിക്ക് അംഗീകാരം കിട്ടിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ എന്തെങ്കിലും ഒരു ആലോചന നടത്താന്‍ കഴിയുകയുള്ളുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

കേരളം ആരോഗ്യ രംഗത്ത് മികച്ചു നില്‍ക്കുന്നത് എയിംസ് നല്‍കുന്നതിനുള്ള അയോഗ്യതയാണോയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ജനസാന്ദ്രത കൂടിയ സംസ്ഥാനം എന്ന നിലയില്‍ കേരളത്തിന് ഒരു എയിംസ് ആവശ്യമാണ്. കേരളത്തിന് അതിന് അര്‍ഹതയുണ്ട്.

കിനാലൂരില്‍ എയിംസിന് സ്ഥലം കണ്ടെത്തി അതിനുള്ള അപേക്ഷ ആരോഗ്യ മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഡല്‍ഹിയില്‍ ഏത് അര്‍ഥത്തിലാണ് എയിംസ് അനുവദിച്ചതെന്നും ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് അറിയിച്ച ഹൈക്കോടതി ആറാഴ്ച കഴിഞ്ഞ് ഹര്‍ജി വീണ്ടും പരിഗണിക്കും.

ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നതിന് വിപരീതമായാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. ബിജെപി എംപി ആയതിനാല്‍ എയിംസ് തൃശൂരില്‍ വരേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചാല്‍ അവിടെ തന്നെ കൊണ്ടുവരുമെന്ന് സുരേഷ് ഗോപി ഇന്നലെ പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.