നാടിന്റെ പ്രിയപ്പെട്ട കിളി; ഓര്‍മകളിലേക്ക് ചിറകടിച്ചുയരുമ്പോള്‍ മായാതെ ആ പുഞ്ചിരി

നാടിന്റെ പ്രിയപ്പെട്ട കിളി; ഓര്‍മകളിലേക്ക് ചിറകടിച്ചുയരുമ്പോള്‍ മായാതെ ആ പുഞ്ചിരി

കട്ടപ്പന: സുഹൃത്തുക്കളും പ്രിയപ്പെട്ടവരും സ്‌നേഹത്തോടെ കിളിയെന്ന് വിളിച്ചിരുന്ന നോവ സാബുവിന്റെ ചിരിക്കുന്ന മുഖമാണ് ഇരട്ടയാര്‍ ശാന്തിഗ്രാമിലെ ഓരോരുത്തരുടെയും മനസ്സില്‍ ഇന്നും തിളങ്ങിനില്‍ക്കുന്നത്. ഏതു കൂട്ടത്തിലും വേറിട്ടുനില്‍ക്കുന്ന ഊര്‍ജസ്വലതയും വലിയ ലക്ഷ്യങ്ങളിലേക്ക് കുതിക്കാനുള്ള നിശ്ചയദാര്‍ഢ്യവുമായിരുന്നു ആ ഇരുപത്തഞ്ചുകാരിയുടെ മുതല്‍ക്കൂട്ട്.

പഠനത്തിലും കായിക രംഗത്തും ഒരുപോലെ മികവ് പുലര്‍ത്തിയ നോവ, സ്‌കൂള്‍ തലത്തില്‍ തന്നെ എല്ലാവരുടെയും പ്രിയങ്കരിയായിരുന്നു. ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളില്‍ നിന്ന് പ്ലസ്ടുവും പുളിയന്‍മല ക്രൈസ്റ്റ് കോളജില്‍ നിന്ന് ബികോം ടാക്‌സേഷനും പൂര്‍ത്തിയാക്കിയ ശേഷമാണ് തന്റെ ഇഷ്ടമേഖലയായ ഫിറ്റ്‌നസ് ട്രെയിനിങിലേക്ക് തിരിയുന്നത്. എറണാകുളത്ത് നിന്ന് ജിം ട്രെയിനര്‍ കോഴ്സ് പൂര്‍ത്തിയാക്കി നാട്ടിലെ ജിമ്മില്‍ ട്രെയിനറായി ജോലി ചെയ്യുന്നതിനിടയിലാണ് കൂടുതല്‍ വിശാലമായ സ്വപ്നങ്ങളുമായി ജര്‍മനിയിലേക്ക് വിമാനം കയറിയത്.

അവിടെയും ജിം ട്രെയിനറായി സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച നോവ, കൂടുതല്‍ നല്ല അവസരങ്ങള്‍ തേടിയുള്ള യാത്രയിലായിരുന്നു. അടുത്ത മാസം പ്രിയപ്പെട്ട മകളെ കാണാന്‍ മാതാപിതാക്കളായ സാബുവും ജ്യോതിയും ജര്‍മനിയിലേക്ക് തിരിക്കാനിരിക്കെയാണ് തികച്ചും അപ്രതീക്ഷിതമായി ആ വേര്‍പാടിന്റെ വാര്‍ത്ത എത്തുന്നത്. കൊല്ലം സ്വദേശിനിയായ സുഹൃത്ത് താമസിക്കുന്ന അപ്പാര്‍ട്‌മെന്റില്‍ വെച്ചുണ്ടായ അപകടം, ഒരു നാടിന്റെയാകെ പ്രതീക്ഷകളെയാണ് കവര്‍ന്നെടുത്തത്. സ്വപ്നങ്ങള്‍ ഓരോന്നായി കീഴടക്കി മുന്നേറുമ്പോള്‍ വിധി തട്ടിയെടുത്ത ആ പ്രിയപ്പെട്ട കിളിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ തേങ്ങലോടെ നില്‍ക്കുകയാണ് ശാന്തിഗ്രാമെന്ന കൊച്ചുഗ്രാമം.

അതേസമയം അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നോവ സാബു ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികള്‍ നോര്‍ക്കയുടെയും ഇന്ത്യന്‍ എംബസിയുടെയും സഹായത്തോടെ ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.