ഉള്ളുനീറുന്ന ഓര്‍മ്മയായി കൃപയും ആഷ്ലിയും; സര്‍പ്രൈസ് ഒരുക്കി വന്ന മകള്‍ക്ക് കാലം കരുതിവെച്ചത് അവസാനയാത്ര

ഉള്ളുനീറുന്ന ഓര്‍മ്മയായി കൃപയും ആഷ്ലിയും; സര്‍പ്രൈസ് ഒരുക്കി വന്ന മകള്‍ക്ക് കാലം കരുതിവെച്ചത് അവസാനയാത്ര

പാമ്പാടി: പ്രിയപ്പെട്ടവര്‍ക്ക് സര്‍പ്രൈസ് നല്‍കാന്‍ ഓസ്ട്രേലിയയില്‍ നിന്ന് അവധിക്ക് നാടണഞ്ഞ കൃപയും, ഉറ്റതോഴിയായ ആഷ്ലിയും വാഹനാപകടത്തില്‍ പൊലിഞ്ഞത് നാടിനെ കണ്ണീരിലാഴ്ത്തി. പാമ്പാടി കോത്തല 13-ാം മൈലില്‍ ബുധനാഴ്ച രാവിലെ 8:45 ന് ഉണ്ടായ ദാരുണമായ അപകടത്തില്‍ പാമ്പാടി ബ്ലോസം വാലി ചൈല്‍ഡ് ഡിവലപ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. കുര്യാക്കോസ് കടവുംഭാഗത്തിന്റെ മകള്‍ കൃപ മെറിന്‍ കുര്യാക്കോസ് (24), വട്ടക്കാവുങ്കല്‍ വി.വി. തോമസിന്റെ മകള്‍ ആഷ്ലി ആന്‍ തോമസ് (25) എന്നിവരാണ് മരിച്ചത്.

ഓസ്ട്രേലിയയില്‍ എം.എ സൈക്കോളജി വിദ്യാര്‍ഥിനിയായ കൃപ, സഹോദരനൊപ്പം വീട്ടുകാര്‍ക്ക് സര്‍പ്രൈസ് നല്‍കാനാണ് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയത്. എ.സി.സി.എ പഠനം പൂര്‍ത്തിയാക്കിയ ആഷ്ലിയും ഒപ്പമുണ്ടായിരുന്നു. പാമ്പാടി ഭാഗത്തുനിന്ന് ആഷ്ലിയുടെ സ്‌കൂട്ടറില്‍ കാനത്തുള്ള മറ്റൊരു കൂട്ടുകാരിയെ കാണാന്‍ പോകവെയാണ് വിധി ഇരുവരുടെയും ജീവനെടുത്തത്. റോഡില്‍ സംസാരിച്ചുകൊണ്ടിരുന്ന കാല്‍നടയാത്രക്കാരെ രക്ഷിക്കാന്‍ മുന്‍പേ പോയ കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് പിന്നാലെ വന്ന സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

നിയന്ത്രണംവിട്ട് മറിഞ്ഞ സ്‌കൂട്ടറും യാത്രക്കാരും കട്ടപ്പന തങ്കമണി റൂട്ടിലോടുകയായിരുന്ന സി.എം.എസ് ബസിനടിയിലേക്ക് വീഴുകയും ഇരുവരും സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയുമായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ മണര്‍കാട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൃപയുടെ സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് കടവുംഭാഗം സെയ്ന്റ് ഇഗ്‌നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിലും ആഷ്ലിയുടെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10:30 ന് മീനടം സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയിലും നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.