ടെഹ്റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ഏഴ് എണ്ണക്കപ്പലുകള്‍ ഇറാന്‍ ആക്രമിച്ചതോടെ പശ്ചിമേഷ്യയില്‍ വീണ്ടും വന്‍ യുദ്ധഭീതിയും ആഗോള ഊര്‍ജ്ജ പ്രതിസന്ധിയും. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐ.ആര്‍.ജി.സി) ആക്രമണത്തില്‍ നാല് എണ്ണക്കപ്പലുകള്‍ക്ക് ഗുരുതരമായി കേടുപാടുകള്‍ സംഭവിക്കുകയും മൂന്നെണ്ണം നാവിക മൈനുകളില്‍ തട്ടി പൂര്‍ണമായി പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു.
ആക്രമണത്തില്‍ തകര്‍ന്ന ചില കപ്പലുകള്‍ മണിക്കൂറുകളോളം കത്തിയെരിഞ്ഞതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഫെബ്രുവരിയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഈ ജലപാതയില്‍ നടക്കുന്ന ഏറ്റവും വലിയ ഒറ്റ ദിവസത്തെ ആക്രമണമാണിത്.
കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ നീക്കം തുടര്‍ന്നാല്‍ മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ തിരിച്ചടിയുണ്ടാകുമെന്ന് ഐ.ആര്‍.ജി.സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെ തിരിച്ചടി ശക്തമാക്കാന്‍ യു.എസും ഇസ്രയേലും പദ്ധതികള്‍ തയ്യാറാക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രകോപനം. മേഖലയില്‍ ഹൂതി ഭീകരരുടെ ആക്രമണം ശക്തമായതിനെ തുടര്‍ന്ന് സൗദി അറേബ്യയിലെ എംബസിയില്‍ നിന്ന് ഉദ്യോഗസ്ഥരെ അമേരിക്ക താല്‍കാലികമായി പിന്‍വലിച്ചിട്ടുണ്ട്. എട്ട് മാസത്തോളമായി തുടരുന്ന യുദ്ധത്തില്‍ മേഖലയിലെ തങ്ങളുടെ സ്വാധീനവും പ്രത്യാക്രമണ ശേഷിയും തെളിയിക്കാനാണ് ഇറാന്‍ ഈ സുപ്രധാന കപ്പല്‍പ്പാതയെ ലക്ഷ്യമിടുന്നത്.
ഈ സൈനിക നീക്കം ആഗോള സാമ്പത്തിക മേഖലയെയും എണ്ണ വിപണിയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 111 ഡോളറിന് മുകളിലെത്തി. അമേരിക്കയില്‍ പെട്രോള്‍ വില ഗാലന് 4.27 ഡോളറായി ഉയര്‍ന്നു. ഇറാന്‍ സംഘര്‍ഷം അവസാനിച്ചാല്‍ മാത്രമേ എണ്ണ വില സാധാരണ നിലയിലാകൂ എന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് വ്യക്തമാക്കി. മുന്‍പ് സെപ്റ്റംബറില്‍ യു.എസ് സൈന്യം അഞ്ച് ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ തകര്‍ത്തതിന് മറുപടിയായി ഇറാന്‍ ജോര്‍ദാനിലെ യു.എസ് താവളത്തിന് നേരെ മിസൈലാക്രമണം നടത്തിയിരുന്നു.
നിലവില്‍ തങ്ങളുടെ യുദ്ധക്കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെടുന്നുണ്ടെങ്കിലും, പുതിയ ആക്രമണങ്ങള്‍ ആഗോള പണപ്പെരുപ്പത്തിന് ആക്കം കൂട്ടുമെന്ന ആശങ്കയിലാണ് ലോക രാഷ്ട്രങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.