ക്രൈസ്തവ വിശ്വാസം പങ്കുവച്ചത് കുറ്റമായി; നൈജീരിയയില്‍ ക്രിസ്ത്യന്‍ യുവതിക്ക് 14 വര്‍ഷം തടവ് ശിക്ഷ

ക്രൈസ്തവ വിശ്വാസം പങ്കുവച്ചത് കുറ്റമായി; നൈജീരിയയില്‍ ക്രിസ്ത്യന്‍ യുവതിക്ക് 14 വര്‍ഷം തടവ് ശിക്ഷ

ബോര്‍ണോ: ക്രൈസ്തവ വിശ്വാസം പങ്കുവച്ചതുമായി ബന്ധപ്പെട്ട കേസില്‍ നൈജീരിയയില്‍ ഒരു ക്രിസ്ത്യന്‍ വനിതയ്ക്ക് 14 വര്‍ഷം തടവുശിക്ഷ. ബോര്‍ണോ സംസ്ഥാനത്തെ ഗ്വോസ പ്രദേശത്തു നിന്നുള്ള ലിയാതു സാമുവല്‍ ദാവ എന്ന യുവതിക്കാണ് ബോര്‍ണോ സ്റ്റേറ്റ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ബി കുമ്ദില ശിക്ഷ വിധിച്ചത്.

ഇസ്ലാമിക വിശ്വാസിയായ ഒരു സ്ത്രീയുടെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള മാറ്റത്തെ തുടര്‍ന്നാണ് ലിയാതു ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ക്രിസ്തുമതം തിരഞ്ഞെടുത്തതെന്നും ആരും തന്നെ നിര്‍ബന്ധിച്ച് മതം മാറ്റിയതല്ലെന്നും കേസിന്റെ കേന്ദ്ര ബിന്ദുവായ സ്ത്രീ കോടതിയില്‍ സാക്ഷി പറഞ്ഞിരുന്നു.

താന്‍ ആ സ്ത്രീയോട് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ലിയാതു കോടതിയില്‍ അഭ്യര്‍ഥിച്ചെങ്കിലും ജഡ്ജി പരിഗണനയില്‍ എടുത്തില്ല. സ്റ്റേറ്റ് പീനല്‍ കോഡിലെ സെക്ഷന്‍ 210 പ്രകാരമാണ് 14 വര്‍ഷം തടവ് ശിക്ഷ നല്‍കിയത്.

ലിയാതു സാമുവല്‍ ദാവയുടെ തടവിനെ തുടര്‍ന്ന് ഇവരുടെ കുടുംബത്തിന് നേരെയും വധഭീഷണിയുമായി തീവ്രവാദികള്‍ എത്തിയിരുന്നു. ദാവയുടെ ഭര്‍ത്താവും സുവിശേഷകനുമായ അമോസ് സുലൈമാന്‍, തന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതനായതായി വ്യക്തമാക്കി. മാസങ്ങളോളം തടവില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

'ഞാന്‍ ഒളിവിലാണ്. എന്റെ ജീവന് ഭീഷണിയുണ്ട്'- സുലൈമാന്‍ പറഞ്ഞു. തന്റെ ഭാര്യയുടെ തടവു ശിക്ഷയെക്കുറിച്ചും അവളെ സുരക്ഷിതമായി ചെന്നു കാണാന്‍ സാധിക്കാത്തതിലുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. ബോക്കോ ഹറാമും ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയും ചേര്‍ന്ന് പ്രദേശത്തെ സാധാരണക്കാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും  നേരെ വര്‍ഷങ്ങളായി ആക്രമണങ്ങള്‍ തുടരുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.