റോം: ഒരു മാസം മുന്‍പ് ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം യൂറോപ്പിലുടനീളം പടരുന്നതിനിടെ ഇറ്റലിയിലും വ്യാപക അക്രമം. കൊളോസിയത്തിന്റെ സുരക്ഷാ കവാടങ്ങള്‍ ഭേദിച്ച് പ്രതിഷേധക്കാര്‍ അകത്തേക്ക് ഇരച്ചു കയറി. പാലസ്തീന്‍ പതാകകള്‍ വീശിയും മുദ്രാവാക്യം മുഴക്കിയുമായിരുന്നു പ്രക്ഷോഭകരുടെ അക്രമം.
വര്‍ധിച്ചു വരുന്ന ജീവിത ചെലവിനും ഗാസയിലെ യുദ്ധത്തിനുമെതിരെ ഒക്ടോബര്‍ 24 ന് റോം, മിലാന്‍, ടൂറിന്‍ തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ ആളുകള്‍ തെരുവിലിറങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് കൊളോസിയത്തിലും സംഘര്‍ഷ ഭരിതമായ അന്തരീക്ഷം ഉണ്ടായത്.
കൊളോസിയത്തില്‍ വിനോദ സഞ്ചാരികള്‍ അനാവശ്യമായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് പതിവായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ഈ പ്രദേശം അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇവിടെ സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും പ്രതിഷേധക്കാര്‍ കവാടം തകര്‍ത്ത് അകത്തു കയറുകയായിരുന്നു.
കൊളോസിയത്തിലെ ഏറ്റുമുട്ടലിനു പുറമെ, 'പിയാസ ഡെല്ല റിപ്പബ്ലിക്ക'യ്ക്കു സമീപവും പ്രതിഷേധക്കാരുമായി കടുത്ത സംഘര്‍ഷമുണ്ടായതായി അധികൃതര്‍ അറിയിച്ചു. ഇവിടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു.
മിലാനില്‍ പ്രതിഷേധക്കാര്‍ ഊര്‍ജ നിയന്ത്രണ ഏജന്‍സിയുടെ ഓഫീസിനു മുന്നില്‍ ചാണകം വിതറുകയും വൈദ്യുതി ബില്ലിന്റെ കൂറ്റന്‍ മാതൃക കത്തിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ഫ്രാന്‍സിലുണ്ടായ പ്രക്ഷോഭത്തിനിടെ കടകള്‍ കൊള്ളയടിക്കപ്പെടുകയും ആഡംബര വസ്തുക്കള്‍ കവരുകയും ചെയ്തിരുന്നു. ഇത് മുന്നില്‍ കണ്ട് മിലാനിലെ പല വ്യാപാരികളും തങ്ങളുടെ ഷോപ്പുകളുടെ ജനലുകളും വാതിലുകളും പലകകള്‍ വച്ച് അടച്ചു പൂട്ടിയിരിക്കുകയാണ്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ മിലാനില്‍ നിയോഗിച്ചിട്ടുള്ള 5,000 പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പുറമെ 500 സൈനികരെക്കൂടി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി അയച്ചു. യൂറോപ്പിലുടനീളം നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ഫ്രാന്‍സില്‍ ആരംഭിച്ച പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് ഇറ്റലിയിലും സമരം ശക്തമായിരിക്കുന്നത്.
ഇറ്റലിക്കു പുറമെ സ്‌പെയിന്‍, പോര്‍ച്ചുഗല്‍, അല്‍ബേനിയ എന്നീ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും കൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.