ചെന്നൈ: നിക്ഷേപകരുടെ പണം സ്വകാര്യ ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്ന കേസില്‍ ഭാരത് ലജ്‌ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിങ് കോഓപറേറ്റീവ് സൊസൈറ്റി (ബി.എല്‍.എം) ചെയര്‍മാന്‍ ആര്‍. പ്രേംകുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സൊസൈറ്റിയുടെ മറവില്‍ സാധാരാണക്കാരില്‍ നിന്ന് അഞ്ഞൂറ് കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ഇന്ന് രാവിലെ ചെന്നൈയിലെ വസതിയില്‍ നിന്നാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇദ്ദേഹത്തെ പിടികൂടിയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെന്നൈ നുങ്കമ്പാക്കത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില പരിശോധിച്ച ശേഷം പ്രേംകുമാറിനെ കേരളത്തിലെത്തിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം സ്വന്തമായി ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, തിയേറ്ററുകള്‍ എന്നിവ വാങ്ങാന്‍ വകമാറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. തിരുവനന്തപുരത്തെ ആഡംബര ഹോട്ടല്‍, തൃശൂരിലെ രാഗം തിയേറ്റര്‍, മൂന്നാറിലെ റിസോര്‍ട്ടുകള്‍ തുടങ്ങിയവ വാങ്ങാന്‍ സൊസൈറ്റിയുടെ പണം ഉപയോഗിച്ചതായാണ് ആരോപണം. വിവിധ കമ്പനികള്‍ വഴിയും പണം വകമാറ്റിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ 500 കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, തട്ടിപ്പിന്റെ ആകെ തുക സംബന്ധിച്ച് വ്യത്യസ്ത കണക്കുകളാണ് പുറത്തു വരുന്നത്. സാമ്പത്തിക ഇടപാടുകളുടെ വിശദമായ പരിശോധന തുടരുകയാണ്.
കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ പരാതിക്കാരന്‍ പിന്നീട് പരാതി പിന്‍വലിച്ചെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ അന്വേഷണം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം വ്യാജ പരാതികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കഴിഞ്ഞ ദിവസം ബി.എല്‍.എം സൊസൈറ്റി പരാതി നല്‍കിയിരുന്നു. പ്രചരിപ്പിക്കപ്പെടുന്ന രേഖകളുടെയും വാര്‍ത്തകളുടെയും ഉറവിടവും ആധികാരികതയും പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നായിരുന്നു സൊസൈറ്റിയുടെ ആവശ്യം.
സൊസൈറ്റിക്കെതിരെ സമീപകാലത്ത് പ്രചരിക്കുന്ന ചില രേഖകളും വാര്‍ത്തകളും ഔദ്യോഗിക കണക്കുകളോടും രേഖകളോടും പൊരുത്തപ്പെടുന്നില്ലെന്നായിരുന്നു പരാതിയിലെ ആരോപണം. 'വിവിധ വകുപ്പ് മേധാവികള്‍ നല്‍കിയതാണെന്ന് അവകാശപ്പെടുന്ന രേഖകളും വിവരങ്ങളും ഉദ്ധരിച്ച് ഓണ്‍ലൈന്‍, സാമൂഹിക മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. ഇത് അംഗങ്ങളിലും നിക്ഷേപകരിലും അനാവശ്യ ആശങ്ക സൃഷ്ടിക്കുന്നു.
സൊസൈറ്റിയുടെ സാമ്പത്തിക രേഖകളും ബാങ്ക് ഇടപാടുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിച്ചായിരിക്കണം തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്. നിയമപരമായ നടപടികള്‍ സുതാര്യമായും നിഷ്പക്ഷമായും മുന്നോട്ടുപോകണം' -ബി.എല്‍.എം സൊസൈറ്റി പരാതിയില്‍ ആവശ്യപ്പെട്ടു. വസ്തുതകളുടെ അടിസ്ഥാനത്തില്‍ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും സൊസൈറ്റി പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതിന് പിന്നാലെയാണ് ചെയര്‍മാന്‍ പ്രേംകുമാറിനെ ക്രൈംബ്രാഞ്ച് ഇന്ന് അറസ്റ്റ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.