ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. മൊബൈല്‍ ഫോണിലൂടെ ഒരാളെ അറസ്റ്റ് ചെയ്യാനാവുമെന്നത് എങ്ങനെ വിശ്വസിക്കാനാവുമെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, ഇത്തരം ഭീഷണികളുണ്ടായാല്‍ ഫോണ്‍ ചുമരിലേക്കെറിഞ്ഞാല്‍ മതിയാകുമെന്ന് നിരീക്ഷിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സ്വമേധയാ എടുത്ത കേസ് പരിഗണിച്ചത്. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരും ബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്നു. ബോധവത്കരണങ്ങള്‍ ഉണ്ടായിട്ടും വിദ്യാസമ്പന്നര്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പില്‍ വീഴുന്നതില്‍ കോടതി അമ്പരപ്പ് പ്രകടിപ്പിച്ചു.
തട്ടിപ്പുകള്‍ തടയാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും കേസുകള്‍ കുറയുന്നില്ലെന്ന് അമിക്കസ് ക്യൂറി എന്‍.എസ്. നപ്പിനൈ കോടതിയെ അറിയിച്ചു. അറസ്റ്റ് ഭയം മൂലം കടുത്ത മാനസിക സമ്മര്‍ദത്തിലാകുന്ന ഇരകള്‍ തട്ടിപ്പുകാര്‍ പറയുന്നതെല്ലാം അനുസരിക്കുന്ന അവസ്ഥയിലാണെന്നും, ചില വിദഗ്ധര്‍ ഇതിനെ ഹിപ്നോസിസിന് സമാനമായാണ് കാണുന്നതെന്നും അവര്‍ വ്യക്തമാക്കി. ബാങ്കുകളുടെ സുരക്ഷാ സംവിധാനങ്ങളെയും കോടതി ചോദ്യം ചെയ്തു. അക്കൗണ്ട് ഉടമകളുടെ പതിവ് ഇടപാടുകളില്‍ നിന്ന് വ്യത്യസ്തമായവ കണ്ടെത്തിയാല്‍ താത്കാലികമായി തടഞ്ഞുവെക്കാനും പൊലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിക്കാനുമുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാകണമെന്ന് കോടതി നിര്‍ദേശിച്ചു.
ബാങ്കുകളുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാന് അവരെ നിര്‍ബന്ധിക്കുന്നതും നിയമനടപടി സ്വീകരിക്കുന്നതും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, ബാങ്കുകളുടെ ബാധ്യത കോടതി ഉത്തരവിലൂടെ നിശ്ചയിക്കുന്നതിനോട് അറ്റോര്‍ണി ജനറല്‍ ആര്. വെങ്കട്ടരമണി വിയോജിക്കുകയും, ഇക്കാര്യത്തില്‍ ആര്.ബി.ഐ. ആണ് തീരുമാനമെടുക്കേണ്ടതെന്ന് വാദിക്കുകയും ചെയ്തു. തുടര്‍ന്ന്, ബാങ്കുകളുടെ ഉത്തരവാദിത്വവും നഷ്ടപരിഹാര വ്യവസ്ഥകളും ഉള്‍പ്പെടുത്തി ഉചിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആര്.ബി.ഐ. തയ്യാറാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.