വിശാഖപട്ടണം: അര്‍ണബ് ചുഴലിക്കാറ്റ് കര തൊട്ടു. ആന്ധ്രാപ്രദേശിലെ ബാപട്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയില്‍, പുതുച്ചേരിയിലെ യാനത്തിന് തെക്കുഭാഗത്തെ തീരത്ത് പുലര്‍ച്ചെ 1:20 നാണ് ചുഴലിക്കാറ്റ് കരയിലേക്ക് പ്രവേശിച്ചത്. ഇതോടെ ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീരദേശ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.
പ്രതീക്ഷിച്ചതിലും നേരത്തെ കരയില്‍ പ്രവേശിച്ച ചുഴലിക്കാറ്റ് നിലവില്‍ ഏതാണ്ട് ഒരിടത്ത് തന്നെ തുടരുകയാണെന്നും കരയിലേക്ക് പ്രവേശിക്കുന്ന പ്രക്രിയ ഇനിയും രണ്ട് മണിക്കൂറോളം തുടരുമെന്നുമാണ് കരുതപ്പെടുന്നതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രാവിലെ ആറരയോടെ ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. നേരത്തേ പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയിലാകും അര്‍ണബ് കര തൊടുക എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര വേഗം വര്‍ധിച്ചതോടെ പ്രതീക്ഷിച്ചതിലും നേരത്തേ കര തൊടുകയായിരുന്നു.
ചുഴലിക്കാറ്റിനെ നേരിടാന്‍ ആന്ധ്ര പ്രദേശില്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. നേരത്തേ ആന്ധ്രയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് 2,199 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായും ആളുകളെ ഒഴിപ്പിച്ചതായും മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു നേരത്തേ അറിയിച്ചിരുന്നു. പ്രായമായവര്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് ഒഴിപ്പിക്കലില്‍ മുന്‍ഗണന നല്‍കിയത്. 2,360 ഗര്‍ഭിണികളെ ഇതിനകം ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തീരദേശ മേഖലകളില്‍ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ആന്ധ്രാപ്രദേശിലെ അനകപ്പള്ളി, വിശാഖപട്ടണം, കാക്കിനാഡ, കോനസീമ, പശ്ചിമ ഗോദാവരി ജില്ലകളിലാണ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കനത്ത മഴ പെയ്തത്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ബന്ധം നിലച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേയും തീരപ്രദേശങ്ങളില്‍ മഴ പെയ്യുകയാണ്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് 95 ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കി. 14 സര്‍വീസുകളുടെ സമയവും റൂട്ടും മാറ്റി പുനക്രമീകരിച്ചു. 44 വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. വിശാഖപട്ടണം, വിജയ വാഡ, രാജമുദ്രി വിമാനത്താവളങ്ങളിലെ വിമാന സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവെച്ചു.
ഒഡീഷയും വലിയ മുന്നൊരുക്കങ്ങളാണ് ചുഴലിക്കാറ്റിനെ നേരിടാനായി നടത്തിയത്. ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനും വ്യാഴവും അവധി നല്‍കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന 48,000 ത്തോളം പേരെ മാറ്റാനാണ് ഒഡീഷ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് 24 ഒഡ്രാഫ് സംഘങ്ങളേയും ആറ് എന്‍ഡിആര്‍എഫ് സംഘങ്ങളേയും നിയോഗിച്ചു. സംസ്ഥാനത്തെഎട്ട് മന്ത്രിമാരാണ് മുന്‍കരുതല്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
അര്‍ണബ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ പശ്ചിമ ബംഗാളിലും വിവിധ ജില്ലകളില്‍ ശക്തമായ മഴ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പ്രവചനം. ഡാര്‍ജിലിങ് ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.