പശ്ചിമ ബംഗാളില്‍ ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം; ബൈബിള്‍ നശിപ്പിച്ചു

പശ്ചിമ ബംഗാളില്‍ ക്രൈസ്തവര്‍ക്ക് നേരെ  വീണ്ടും തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം; ബൈബിള്‍ നശിപ്പിച്ചു

ഈസ്റ്റ് മിഡ്നാപൂര്‍: പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനത്തെ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയുള്ള തീവ്ര ഹിന്ദുത്വവാദികളുടെ അക്രമങ്ങള്‍ നിത്യസംഭവമാകുന്നു.

ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ക്രൈസ്തവ കുടുംബങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടായി.

ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലുള്ള പാന്‍സ്‌കുരയിലെ വെസ്റ്റ് അര്‍ജുന്‍ഡ ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ക്രിസ്ത്യന്‍ കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പാന്‍സ്‌കുര പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വിശ്വഹിന്ദു പരിഷത്തുമായി (വി.എച്ച്.പി) ബന്ധമുള്ളവരും അയല്‍വാസികളും ഉള്‍പ്പെടെ ഏകദേശം 30 പേരടങ്ങുന്ന സംഘം തന്നെ ആക്രമിച്ചതായും വീട്ടിലുണ്ടായിരുന്ന ബൈബിള്‍ നശിപ്പിച്ചതായും പാര്‍വതി ഹെംബ്രാം സോറന്‍ എന്ന യുവതി കൊടുത്ത പരാതിയില്‍ പറയുന്നു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിക്കണമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി.

പാര്‍വതിയും ഭര്‍ത്താവ് സന്തുവും അദ്ദേഹത്തിന്റെ അമ്മാവനും അമ്മായിയും ഉള്‍പ്പെടെയുള്ള കുടുംബം നേരത്തെ കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരുന്നു. ഇവര്‍ ബലിചക് കത്തോലിക്കാ ഇടവകയ്ക്ക് കീഴിലുള്ള 'ക്രൈസ്റ്റ് ദി കിംഗ്' മിഷന്‍ ചര്‍ച്ചിലെ അംഗങ്ങളായി തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

തിങ്കളാഴ്ച വൈകുന്നേരം താനും കുടുംബവും ചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നും ഏഴരയോടെ ഏകദേശം 30 പേരടങ്ങുന്ന സംഘം തങ്ങളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി ഭീഷണി മുഴക്കുകയായിരുന്നുവെന്നും പാര്‍വതി വെളിപ്പെടുത്തി. തങ്ങളുടെ കൈവശമുണ്ടായിരുന്ന ബൈബിള്‍ പിടിച്ചുവാങ്ങി എറിഞ്ഞു കളഞ്ഞു.

തുടര്‍ന്ന് കുടുംബാംഗങ്ങളെ ഒരു മുറിയില്‍ പൂട്ടിയിടുകയും തങ്ങളെ മര്‍ദ്ദിക്കുകയുമായിരുന്നു. ആക്രമികള്‍ ബൈബിള്‍ കീറിക്കളയാനും കത്തിക്കാനും ശ്രമിച്ചപ്പോള്‍ അവരെ തടയാന്‍ ശ്രമിച്ചെന്നും ഇതേ തുടര്‍ന്നു തന്റെ മുടിയില്‍ പിടിച്ച് വീട്ടില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴയ്ക്കുകയും വസ്ത്രം കീറി വീണ്ടും മര്‍ദ്ദിക്കുകയും ചെയ്തതായി പാര്‍വതി പറയുന്നു.

കഴിഞ്ഞ ആഴ്ച പാസ്‌കിം മിഡ്നാപൂര്‍ ജില്ലയില്‍ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്കുനേരെ തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന ആരോപണത്തില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഇരകളായ കുടുംബങ്ങള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

യേശു ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളടങ്ങിയ മൂന്ന് കുടുംബങ്ങളെ ആക്രമിച്ചുവെന്നും, ബലാത്സംഗ ഭീഷണിയും വധഭീഷണിയും മുഴക്കിയതായും അന്ന് ക്രൈസ്തവര്‍ വെളിപ്പെടുത്തിയിരുന്നു. അതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് അടുത്ത ആക്രമണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.