വീണ്ടുമൊരു ലോകമഹായുദ്ധം

വീണ്ടുമൊരു ലോകമഹായുദ്ധം

ഇതൊരു യുദ്ധമാണ്. അതേ, മറ്റൊരു ലോകമഹായുദ്ധം. ആയുധങ്ങളില്ലാത്ത ഒളിപ്പോരാണിത്. ഒരു വശത്ത് കൊറോണയെന്ന മായാവിയും മറുവശത്തു ലോക രാജ്യങ്ങളും നില്‍ക്കുന്നു. യുദ്ധം ഇപ്പോഴും ഏകപക്ഷീയമായി തന്നെ മുന്നോട്ടു പോകുകയാണ്. മറുവശത്തുള്ള ലോകരാജ്യങ്ങള്‍ സാധ്യമായ എല്ലാവഴികളും ഉപയോഗിച്ചു ചെറുക്കാൻ ശ്രമിക്കുന്നു എങ്കിലും എതിരാളിയെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല എന്നതാണു സത്യം. ലോകത്തിൻ്റെ പ്രതിച്ഛായ തകർന്ന നിമിഷങ്ങളായിരുന്നു ഈ കടന്നു പോയതും പോകുന്നതും. ഇപ്പോഴും കൊറോണയെന്ന പോരാളിയുടെ തീവ്രതാണ്ഡവത്തിൽ മറുവശത്തുള്ള നാമുൾപ്പെടുന്ന എതിരാളികൾ പിടിച്ചു നില്ക്കാനുള്ള വഴിയറിയാതെ കുഴയുകയാണ്. അതിശക്തമായി മുന്നേറുന്ന യുദ്ധം. നിശബ്ദമായി ഉറങ്ങിയെഴുന്നേറ്റ ലോകത്തിൻ്റെ നെഞ്ചിൽ നിനക്കാതെ ഏറ്റ പ്രഹരമായിരുന്നു ഈ യുദ്ധം. ഇപ്പോഴും എതിരാളികളെ കീഴടക്കി മുന്നേറുകയാണ് കൊറോണ വൈറസെന്ന പോരാളി. ലോകം മറക്കാനാഗ്രഹിക്കുന്ന കറുത്ത ദിനങ്ങൾ.

പോരാട്ടത്തെക്കുറിച്ചു പറയുന്നതിനു മുൻപായി ആരാണീ കൊറോണ വൈറസെന്നു ലളിതമായി മനസ്സിലാക്കാം:

സാർസ് (SARS) വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസാണിത്. വൈറസിൻ്റെ പേര് സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2. (SARS-Cov-2). Severe Acute Respiratory Syndrome Corona virus 2. ഈ വൈറസുമൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണു കൊറോണ വൈറസ് രോഗം. ഇതു 2019 ൽ കണ്ടെത്തിയതിനാൽ കോവിഡ് 19 (COVID-19) എന്നറിയപ്പെടുന്നു.

CO - stands for corona
VI - stands for virus
D - stands for disease
19 - stands for 2019

മുൻപിതറിയപ്പെട്ടിരുന്നത് nCov എന്നായിരുന്നു. n എന്നതു 'novel' എന്ന വാക്കിനെ സൂചിപ്പിക്കുന്നു. അതു 'നോവസ്' (novus) എന്ന ലാറ്റിൻ പദത്തിൽ നിന്നാണു വന്നിട്ടുള്ളത്. അതിനർത്ഥം പുതിയത് എന്നാണ്. മനുഷ്യരിൽ മുൻപു കണ്ടിട്ടില്ലാത്തതരം പുതിയ വൈറസ്.

യുദ്ധത്തിൻ്റെ നാൾവഴികളിലൂടെയൊന്നു സഞ്ചരിക്കാം:

2019 ഡിസംബർ 1 നു ചൈനയിലെ വുഹാനിൽ ആദ്യത്തെ രോഗിയെ വൈറസ് ലക്ഷണങ്ങളോടെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുന്നു. അഞ്ചു ദിവസങ്ങൾക്കുശേഷം അദ്ദേഹത്തിൻ്റെ ഭാര്യയേയും ന്യുമോണിയ ബാധിച്ചു ഐസൊലേറ്റു ചെയ്യുന്നു.

ഡിസംബർ രണ്ടാം വാരത്തിൽ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കു വൈറസ് പടരുന്നു എന്നു സൂചിപ്പിക്കുന്ന കേസുകൾ വുഹാനിലെ ഡോക്ടർമാർ കണ്ടെത്തിയതായി സൂചന വന്നു.

ഡിസംബർ 25 നു വുഹാനിലെ 2 ആശുപത്രികളിലെ ചൈനീസ് മെഡിക്കൽ സ്റ്റാഫുകൾക്കു വൈറൽ ന്യുമോണിയ ബാധിച്ചതായി കണ്ടെത്തി. ഡിസംബർ അവസാനത്തോടെ വൈറസ് ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ടായതായി കണ്ടെത്തി. ഇതേസമയം ലോകത്തെ പിടിച്ചുകുലുക്കിയ സാർസിനു സമാനമായ ഒരു രോഗം പൊട്ടി പുറപ്പെടാമെന്നു ലീ വെൻലിയാങ്ങ് എന്ന ഡോക്ടർ തൻ്റെ സുഹൃത്തുക്കളായ ഡോക്ടർമാർക്കു മുന്നറിയിപ്പു നൽകി. അണുബാധക്കെതിരെ സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നദ്ദേഹം അവരോടാവശ്യപ്പെട്ടു.

ഡിസംബർ 31 നു വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കു പകരുന്നതായി കണ്ടെത്തിയിട്ടില്ലെന്നവർ പ്രഖ്യാപിച്ചു.

ഇതിനിടയിൽ 'കിംവദന്തികൾ പ്രചരിപ്പിക്കുന്നു' എന്നാരോപിച്ചു വുഹാൻ പബ്ലിക്ക് സെക്യൂരിറ്റി ബ്യൂറോ 2020 ജനുവരി തുടക്കത്തിൽ ലീ വെൻലിയാങ്ങിനു സമൻസ് അയച്ചു. തുടർന്നു ജനുവരി 3 നു ഡോ. ലീ ഒരു പോലീസ് സ്റ്റേഷനിൽ പോയി തൻ്റെ ഉദ്ദേശങ്ങളും പ്രവർത്തികളും തെറ്റായിരുന്നു എന്നെഴുതി നൽകി. അജ്ഞാതരോഗവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പ്രസിദ്ധീകരിക്കരുതെന്നു ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ സ്ഥാപനങ്ങളോടു നിർദേശിച്ചു. പ്രാഥമിക അന്വേഷണത്തിൽ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കു പകരുന്നതിൻ്റെ വ്യക്തമായ തെളിവുകളില്ലെന്നും മെഡിക്കൽ ജീവനക്കാർക്കു അണുബാധകളില്ലെന്നും വുഹാൻ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ മറ്റൊരു പ്രസ്താവനയിറക്കി.

ജനുവരി 6 നു പ്രസിദ്ധീകരിച്ച ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അനുസരിച്ചു മധ്യനഗരമായ വുഹാനിലെ 59 പേർക്കു ന്യുമോണിയ പോലുള്ള അസുഖം ബാധിച്ചിരുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടു. അതേ ദിവസം തന്നെ ചൈനീസ് സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഒരുത്തരവ് പുറത്തിറക്കിയിരുന്നു. ജീവനുള്ളവയോ ചത്തതോ ആയ മൃഗങ്ങൾ, മൃഗവിപണികൾ, രോഗികളുമായുള്ള ബന്ധം എന്നിവ ഒഴിവാക്കാൻ വുഹാനിലേക്കുള്ള യാത്രക്കാരെ ഉപദേശിച്ചു കൊണ്ടുള്ളതായിരുന്നു ഉത്തരവ്.

ജനുവരി 8 നു ചൈനീസ് മെഡിക്കൽ അധികൃതർ ഈ വൈറസ് തിരിച്ചറിഞ്ഞതായി അവകാശപ്പെട്ടു രംഗത്തുവന്നു. എന്നാൽ മനുഷ്യനിൽ നിന്നും മനുഷ്യനിലേക്കു കൈമാറ്റം ചെയ്യപ്പെട്ടതിനു വ്യക്തമായ തെളിവുകളൊന്നും ഇപ്പോഴും കണ്ടെത്താനായിട്ടില്ല എന്നവർ ആവർത്തിച്ചു.

ജനുവരി 12 നു വൈറസ് ബാധയെപ്പറ്റി സൂചന നൽകിയ ഡോ. ലീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ വൈറസ് ബാധിച്ച ഒരു വ്യക്തിയെ അറിയാതെ ചികിത്സിച്ചതിനു ശേഷം പനി പിടിപെടുകയായിരുന്നു. വെൻലിയാങ്ങിൻ്റെ നില വഷളായതിനാൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി ഒന്നിനാണു അദ്ദേഹത്തിനു കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. ആറു ദിവസങ്ങൾക്കു ശേഷം അദ്ദേഹം മരണപ്പെട്ടു.

ജനുവരി 13 നു കൊറോണ വൈറസ് ശൃംഘലയിലെ ആദ്യ കേസ് ചൈനക്കു പുറത്തു തായ്ലാൻഡിൽ റിപ്പോർട്ടു ചെയ്തു. രോഗം പിടിപെട്ട യുവതി ചൈനയിലെ വുഹാൻ സന്ദർശിച്ചിരുന്നു.

ജനുവരി 15 നു ജപ്പാനിൽ കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് ചെയ്തു. എന്നാൽ ജപ്പാനിലെ രോഗി ചൈനയിലെ വിപണികളൊന്നും സന്ദർശിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

പിന്നീടാണു ലോകത്തെ നടുക്കിയ ആ സംഭവം അരങ്ങേറിയത്. വൈറസ് പകർച്ചവ്യാധിയാണെന്നറിഞ്ഞിട്ടും 40,000 ത്തോളം കുടുംബങ്ങളെ ചൈനീസ് പുതുവത്സരം ആഘോഷിക്കാൻ അധികൃതർ അനുവാദം നൽകി.

ജനുവരി 21 നു യു എസിലെ കൊറോണ വൈറസ് സംബന്ധിച്ച ആദ്യ കേസ് പുറത്തുവന്നു. ആറു ദിവസം മുൻപു ചൈനയിൽ നിന്നും വന്ന വ്യക്തിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

വൈറസ് ബാധ സംബന്ധിച്ച ആദ്യ കേസ് റിപ്പോർട്ടു ചെയ്യപ്പെട്ടു ഏകദേശം രണ്ടു മാസത്തിനു ശേഷം ചൈനീസ് അധികൃതർ വുഹാനിൽ വൈറസ് നിർമ്മാർജ്ജനയജ്ഞം ആരംഭിച്ചു. എന്നാൽ ഈ സമയപരിധിക്കുള്ളിൽ തന്നെ കഥയറിയാതെ ചൈനീസ് പൗരൻമാരിൽ വലിയൊരു വിഭാഗം വൈറസിൻ്റെ രഹസ്യ വാഹകരായി മറ്റു രാജ്യങ്ങളിലെത്തിക്കഴിഞ്ഞിരുന്നു.

പ്രത്യാഘാതങ്ങൾ:


1. മനുഷ്യനാശം:

ലോകം മുഴുവൻ കണ്ണു തുറക്കുന്ന വേഗതയിൽ നിശ്ചലമായതു വേദനയോടെ നാം നിസ്സഹായരായി കണ്ടുനിന്നു. 15.03.21 ലെ കണക്കുകളനുസരിച്ചു ലോകത്തു മുഴുവൻ 120,493042 കേസുകളാണുള്ളത്. ഇതുവരെ ഏകദേശം 2,666,682 ജീവനുകളാണു പൊലിഞ്ഞത്. ഇപ്പോഴും മരണസംഖ്യ കുറവില്ലാതെ തുടരുന്നു.

2. കൂട്ടിലടക്കപ്പെട്ട ലോകം:

മിക്ക രാജ്യങ്ങളും ഈ കാലയളവിൽ 'കൂട്ടിലടക്കപ്പെട്ട തത്ത' യായി മാറി. കൊറോണ വൈറസിൻ്റെ കോപാഗ്നിയിൽ പിടിച്ചു നിൽക്കാനാവാതെ പകച്ചുപോയി ലോകരാഷ്ട്രങ്ങൾ. കരകയറാനാവാതെ ഇന്നും കിതക്കുകയാണു പല വമ്പൻ രാജ്യങ്ങളും. അതിർത്തികളില്ലാതെ കുതിച്ചിരുന്ന മനുഷ്യകുലം വീടെന്ന ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെട്ടു. ഏറ്റവും കൂടുതൽ കേട്ടതും ഭീതി ജനിപ്പിച്ചതുമായ വാക്കായി ലോക്ഡൗൺ (lockdown) എന്ന ഇംഗ്ലീഷ് വാക്കുമാറി.

3. അവസരങ്ങളുടെ വാതായനങ്ങൾ കൊട്ടിയടക്കപ്പെടുന്നു:

ഈ കാലയളവിൽ നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന ഏറ്റവും കഠിന പ്രശ്നമാണിത്. ഓരോ രാജ്യങ്ങളിലും അനേകായിരം കുടുംബങ്ങൾ ക്ഷിപ്രനേരം കൊണ്ടു ഇരുട്ടിൽ തപ്പുന്ന സ്ഥിതിവിശേഷം, ഭീതിയോടെ നാം കണ്ടുനിന്നു. ലോകത്തെ മുഴുവൻ ഇന്നും ഇതേ ഭയം വിടാതെ അലട്ടികൊണ്ടിരിക്കുന്നു. ജോലികൾ നഷ്ടപ്പെടുന്നു. അതേപോലെതന്നെ യുവാക്കൾക്കു പുതിയ അവസരങ്ങൾ കിട്ടാക്കനിയായി മാറുന്നു. തൊഴിൽനഷ്ടവും തൊഴിലവസരങ്ങളുടെ ദൗർലഭ്യവും ജനത്തെ വല്ലാതെ വലച്ചു.

4. ജി ഡി പി അഥവാ മൊത്ത ആഭ്യന്തര ഉത്പാദനം (Gross domestic production):

ഒരു നിശ്ചിത പ്രദേശത്തു നിർണ്ണിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടേയും സേവനത്തിൻ്റെയും വിപണിമൂല്യമാണു മൊത്ത ആഭ്യന്തര ഉത്പാദനം. ഒരു രാജ്യത്തിൻ്റെ സാമ്പത്തിക ശേഷി അളക്കുന്നതിനുള്ള സൂചികയാണത്. ലോകരാജ്യങ്ങളെല്ലാം അതിരുകളടച്ചപ്പോൾ സ്വാഭാവികമായും അതു വാണിജ്യ വ്യാപാരങ്ങളെ സാരമായി ബാധിക്കുകയും ആഭ്യന്തര ഉത്പാദനം ഗണ്യമായി കുറയുകയും ചെയ്തു. ജി ഡി പി വൻതോതിലിടിഞ്ഞപ്പോൾ രാജ്യങ്ങൾ പുറകോട്ടടിക്കപ്പെട്ടു. വളർച്ചാനിരക്കിൽ വൻതോതിൽ കുറവു വന്നു. അങ്ങനെ മിക്ക രാജ്യങ്ങളുടേയും വളർച്ചയുടെ മൂക്കിൽ കടിഞ്ഞാണിടു കൊറോണയെന്ന പോരാളി.

5. സമസ്ത മേഖലകളും സ്തംഭിച്ചു:

വിദ്യാഭ്യാസം, തൊഴിൽ, സിനിമാ, കായികം, വിനോദസഞ്ചാരം, ആരാധാനാലയങ്ങൾ, ചെറുകിട വൻകിട വ്യാപാരങ്ങൾ തുടങ്ങി സർവ്വ മേഖലകളേയും ഒതുക്കി നിർത്തി കൊറോണ വൈറസെന്ന മാരക എതിരാളി.

കനത്ത പോരാട്ടം അതിൻ്റെ അവസാന നാളുകളിൽ:

ആരുടെയൊക്കെയോ അശ്രദ്ധയും, എങ്ങനെയൊക്കെയോ പറ്റിയ അബദ്ധങ്ങളും അറിഞ്ഞോ അറിയാതെയോ സംഭവിച്ച തെറ്റുകളും ലോകത്തെ മുഴുവൻ ഇന്നു കരയിക്കുകയാണ്. നികത്താനാവാത്ത വിടവായി അതു മാറിയിരിക്കുകയാണ്. കാലം ലോകത്തെ രണ്ടായി പിളർത്തുകയാണ്. ഇനി ലോകചരിത്രത്തിൻ്റെ ഏടുകളിൽ കോവിഡിനു മുൻപുള്ള ലോകമെന്നും കോവിഡാനന്തര ലോകമെന്നും രണ്ടായി തന്നെ രേഖപ്പെടുത്താം. സാധ്യമായ എല്ലാ വഴികളിലൂടെയും യുദ്ധം അമർച്ച ചെയ്യാൻ ശ്രമിക്കുന്നു എങ്കിലും എതിരാളിയെ പിടിച്ചുകെട്ടാനാവാതെ പിടയുകയാണു ലോകം. പിടിതരാതെ കാണാമറയത്തൊളിച്ചിരിക്കുകയാണു വലിപ്പത്തിൽ നിസ്സാരനും എന്നാൽ വമ്പിൽ കൊമ്പനുമായ വികൃതജീവി. യുദ്ധത്തിൽ നമ്മുടെ ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെയാണ്. വൈരി തീരെ കുഞ്ഞനാണ്. നഗ്നനേത്രങ്ങൾക്കൊണ്ടു കാണാൻ കഴിയുന്ന വലിപ്പമില്ല. എന്നാൽ ശത്രു എവിടേയുമുണ്ട്. ആരേയും ഏതു നിമിഷവും ആക്രമിക്കാം. അവനു വലിപ്പച്ചെറുപ്പമില്ല, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ല, കറുത്തവനെന്നോ വെളുത്തവനെന്നോ ഇല്ല, ജാതിയും മതവും അവൻ നോക്കിയില്ല. എവിടെയൊക്കെയോ ഇരുന്നു അടിച്ചു വീഴ്ത്തുകയാണവൻ. മനുഷ്യനെ മനുഷ്യനായി കാണാൻ നാം പഠിച്ചപ്പോൾ പലരും രണഭൂമിയോടു വിടപറഞ്ഞു.

ഇതു ജീവൻമരണ പോരട്ടമാണ്. നടന്നതിൽ ഏറ്റവും മാരകമായ യുദ്ധവും ഇതു തന്നെയാണ്. കാരണം ഇത്രയധികം രാജ്യങ്ങളേയും ജനങ്ങളേയും പലതരത്തിൽ ഒരേ കാലയളവിൽ ബാധിച്ച മറ്റൊരു സംഭവം ഈ പ്രപഞ്ചത്തിൽ നടന്നിട്ടില്ല എന്നുതന്നെ പറയാം. സാധാരണ ഒരു യുദ്ധം മനുഷ്യനും മനുഷ്യനും തമ്മിലാണ്. എന്നാൽ ഇവിടെ കഥ മറിച്ചാണ്, മനുഷ്യനും മറ്റൊരു സൂക്ഷ്മ ജീവിയുമായിട്ടാണു യുദ്ധം. അതിനാൽ തന്നെ മാനവീകതയുടെ ധ്വനികൾക്കു മാത്രമേ ഇവിടെ പ്രാധാന്യമുള്ളു, മറ്റെല്ലാം അപ്രസക്തമാണ്. ഈ പോർക്കളത്തിൽ നമുക്കു ജയിച്ചേ മതിയാവൂ.

"യഥാർത്ഥ മനുഷ്യരായി നമുക്കൊരുമിച്ചു അങ്കത്തട്ടിൽ അണിനിരക്കാം. ഈ ഐതിഹാസിക പോരാട്ടത്തിൽ ഒരുമിച്ചുനിന്നു വൈരം മറന്നു നമുക്കു വെന്നിക്കൊടി പാറിക്കാം"


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.