കോണ്‍ഗ്രസെന്നാല്‍ ഗാന്ധി കുടുംബമല്ല; ഇന്ത്യയുടെ രൂപീകരണത്തിന് കാരണമായ ആശയമാണെന്ന് പ്രിയങ്കാ ഗാന്ധി

കോണ്‍ഗ്രസെന്നാല്‍ ഗാന്ധി കുടുംബമല്ല; ഇന്ത്യയുടെ രൂപീകരണത്തിന് കാരണമായ ആശയമാണെന്ന് പ്രിയങ്കാ ഗാന്ധി

ഗുവാഹട്ടി: ഗാന്ധി കുടുംബത്തിനപ്പുറത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് പറയുന്നവരോട് വ്യക്തമായ മറുപടിയുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

കോണ്‍ഗ്രസ് എന്നാല്‍ ഗാന്ധി കുടുംബമല്ലെന്നും ഇന്ത്യയുടെ രൂപീകരണത്തിന് കാരണമായ ആശയമാണ് കോണ്‍ഗ്രസ് എന്നും അതില്‍ ഗാന്ധി കുടുംബം അപ്രസക്തമാണെന്നുമാണ് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. കുടുംബമായിക്കോട്ടെ, നേതാവായിക്കോട്ടെ, ആശയത്തിനാണ് പ്രാധാന്യം. ഈ ആശയം സജീവമായി തുടരും. കോണ്‍ഗ്രസ് നിലനില്‍ക്കുന്നിടത്തോളം ഈ ആശയം ഉള്‍കൊള്ളുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് പ്രിയങ്ക അസമിലെത്തിയത്. ബിജെപിക്കെതിരെ മാത്രമല്ല, അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെയും അസമിന്റെ സ്വത്വത്തിനെതിരായ ബി.ജെ.പിയുടെ നീക്കത്തിനെതിരെയുമാണ് കോണ്‍ഗ്രസെന്ന് പ്രിയങ്ക വ്യക്തമാക്കി.

അഞ്ചുവര്‍ഷം മുമ്പ് ബിജെപിക്ക് അവസരം നല്‍കാന്‍ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും കാവി പാര്‍ട്ടി അതിന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അതാണ് തന്റെ ആത്മവിശ്വാസത്തിന് പിന്നിലെ കാരണമെന്നും പ്രിയങ്ക പറഞ്ഞു. കോണ്‍ഗ്രസ് ഹിന്ദു-മുസ്ലീമിന്റെ രാഷ്ട്രീയം കളിക്കുന്നുവെന്ന ബിജെപിയുടെ ആരോപണത്തിനും പ്രിയങ്ക മറുപടി പറഞ്ഞു,

'ഏത് തെരഞ്ഞെടുപ്പിലും ബിജെപിയുടെ മുഴുവന്‍ ശ്രമവും ധ്രുവീകരിക്കലാണ്, പ്രത്യേകിച്ചും അവര്‍ക്ക് നിലകൊള്ളാന്‍ അടിസ്ഥാനമില്ലെങ്കില്‍'. കേന്ദ്രത്തിന്റെ പൗരത്വ നിയമത്തിനെതിരെയും പ്രിയങ്ക രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ അസമില്‍ പൗരത്വ നിയമം റദ്ദാക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.