കേരളത്തിലെ ക്രൈസ്തവ ന്യുനപക്ഷങ്ങള്‍ ആര്‍ക്കൊപ്പം?.. മനസറിയാതെ മുന്നണികള്‍

കേരളത്തിലെ ക്രൈസ്തവ ന്യുനപക്ഷങ്ങള്‍ ആര്‍ക്കൊപ്പം?.. മനസറിയാതെ മുന്നണികള്‍

മുമ്പൊരിക്കലും കേരളം കണ്ടിട്ടില്ലാത്ത വിധം സാമുദായിക - വര്‍ഗീയ ദ്രുവീകരണം സംഭവിച്ചതിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പൊതുവേ ഉയരുന്ന ഒരു ചോദ്യമുണ്ട.് 'ഇത്തവണ സാമുദായിക സംഘടനകള്‍ ആര്‍ക്കൊപ്പം നിലകൊള്ളും'?  സാമുദായിക സൗഹാര്‍ദ്ദത്തിന് പുകള്‍പെറ്റ കേരളം ഇന്ന് ഏറെ മാറിപ്പോയി.  ക്രിസ്ത്യാനികളും മുസ്ലിംങ്ങളും തമ്മിലുള്ള അകലം വര്‍ദ്ധിച്ചു.  നായര്‍, ഈഴവ സമുദായംഗങ്ങള്‍ രണ്ട് തട്ടിലായി.

കേരളത്തിലെ മത സൗഹാര്‍ദ്ദം തകര്‍ത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന്പരസ്യമായി ആരോപിച്ചത്മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയാണ്.'ഭരണത്തിലേറി അധികം കഴിയും മുമ്പ് ഹൈന്ദവ സമുദായത്തിലെ രണ്ട് പ്രബല വിഭാഗങ്ങളെ തമ്മില്‍ ഒരിക്കലും ചേരാനാവാത്ത വിധം അകറ്റി. അധികം വൈകാതെ ശബരിമല വിഷയത്തില്‍ ബ്രാഹ്മണ സമുദായത്തെ മുറിവേല്‍പ്പിച്ചു. ഇതിനൊക്കെ പുറമെ കേരളത്തിലെ രണ്ട് പ്രബല ന്യുനപക്ഷങ്ങളായ മുസ്ലീമിനെയും ക്രിസ്ത്യാനിയെയുംബദ്ധ ശത്രുക്കളാക്കിയത്' - ഇങ്ങനെയായിരുന്നു എ.കെ ആന്റണിയുടെ പ്രതികരണം.

എന്നാല്‍ ബിജെപിയും മുസ്ലിംലീഗുമാണ്കേരളത്തില്‍ ന്യുനപക്ഷ സമുദായങ്ങളെതമ്മിലടിപ്പിക്കുന്നത്എന്നാണ് പിണറായി വിജയനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പറയുന്നത്. ഇതില്‍ വാസ്തവം ഏതായാലും തമ്മിലടിക്കുന്ന ആടുകള്‍ക്ക് ഇടയിലെകൗശലക്കാരനായ കുറുക്കന്റെ വേഷത്തില്‍ ബിജെപി ഈ സാഹചര്യം നന്നായി മുതലെടുക്കുന്നുമുണ്ട്. സഭകളുടെ തര്‍ക്ക വിഷയങ്ങളിലിടപെട്ടും ലൗ ജിഹാദിനെതിരെ നിയമ നിര്‍മാണം കൊണ്ട് വരും എന്ന് വാഗ്ദാനം ചെയ്തും ക്രൈസ്തവ ന്യുനപക്ഷങ്ങളെ ചേര്‍ത്ത് നിര്‍ത്താന്‍ അവര്‍ നന്നായി ശ്രമിക്കുന്നുണ്ട്. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും സംഘ പരിവാര്‍ സംഘടനകള്‍ നടത്തുന്ന മത പീഡനങ്ങള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ട്, കേരളം മറ്റൊരു ഒറീസ ആക്കാനാണ് ബിജെപി അധികാരത്തിലെത്തുന്നതെന്ന്  ഇടത് പക്ഷം ക്രിസ്ത്യാനികളെഓര്‍മ്മിപ്പിക്കുന്നു.

ഏതായാലും ഈ കലക്ക വെള്ളത്തില്‍ ഏറ്റവും നന്നായി മീന്‍ പിടിക്കാന്‍ ആര്‍ക്കാണ് കഴിയുക എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്. രാഷ്ട്രീയമായ ഈ ചക്കുളത്തി പോരാട്ടത്തില്‍ അസാമാന്യമായ മെയ് വഴക്കത്തോടെ പിണറായി വിജയന്‍ തന്നെയാണ് മുമ്പിലെന്ന് പറയേണ്ടി വരും. ക്രൈസ്തവ സമുദായത്തെ പ്രതിനിധാനം ചെയ്യുന്ന ഒരു പ്രബല പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെയുഡിഎഫില്‍ നിന്നും അടര്‍ത്തിയെടുത്ത് തനിക്കൊപ്പം നിര്‍ത്താന്‍ സാധിച്ചത് അദ്ദേഹത്തിന്റെ വിജയമായി കരുതപ്പെടുന്നു.

തന്റെ പാര്‍ട്ടിയിലെ പലര്‍ക്കും സീറ്റ് നിഷേധിച്ചപ്പോഴും കെ.ടി ജലീലിനെയും പി.വി അന്‍വറിനെയും കൂടെ നിര്‍ത്തിയതും ഒപ്പം ഐഎന്‍എല്‍, പിഡിപി തുടങ്ങിയ മുസ്ലിം സമുദായ പാര്‍ട്ടികളെ ഇടത് പക്ഷത്തിനൊപ്പം നിലനിര്‍ത്തിയതും ആ പാര്‍ട്ടികള്‍ പിന്തുണയ്ക്കുന്നസമുദായങ്ങളുടെ പിന്തുണ വോട്ടാക്കി മാറ്റാന്‍ സാധിക്കും എന്ന കരുതലോടെ തന്നെയാണ്. യുഡിഎഫും  ബിജെപിയും ക്രൈസ്തവ സമുദായങ്ങളെ കൂടെ നിര്‍ത്താന്‍ ആവുന്നത് ശ്രമിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ലൗ ജിഹാദ്, ഹാഗിയ സോഫിയ വിഷയങ്ങളില്‍ ക്രൈസ്തവ സമുദായങ്ങള്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന പ്രസ്താവനകള്‍ ഇവരുടെ ഭാഗത്ത് നിന്നും വരുന്നുണ്ട്. പതിവിന് വിപരീതമായി കോണ്‍ഗ്രസ് പാര്‍ട്ടി കൂടുതല്‍ ക്രൈസ്തവ നാമധാരികള്‍ക്ക് സീറ്റ് കൊടുത്തതും ഈ സമുദായത്തെ ഒപ്പം നിര്‍ത്തനാണ് എന്നും സംസാരമുണ്ട്.

ശരിക്കും ക്രൈസ്തവ സമുദായങ്ങളുടെ നിലപാട് ഇത് വരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. അവര്‍ ആര്‍ക്ക് വോട്ട് ചെയ്യും, ഏത് മുന്നണിയെപിന്തുണയ്ക്കും ഇക്കാര്യങ്ങളൊന്നുംവ്യക്തമായി പറയാന്‍ സഭാ നേതൃത്വം ശ്രമിക്കാറുമില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മലബാറിലും, മധ്യ തിരുവിതാംകൂറിലും ക്രൈസ്തവ സമുദായത്തിന്റെനല്ലൊരു പങ്ക് വോട്ട് ഇടത് പക്ഷത്തിനാണ് ലഭിച്ചത്. എന്നാല്‍ അത് അപ്പാടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമോ എന്ന് കാത്തിരുന്ന് കാണണം. മല്‍സ്യ തൊഴിലാളികളുടെ വിഷയങ്ങളില്‍ ലത്തീന്‍ സഭയും, മദ്യ നയത്തിന്റെ പേരില്‍ സീറോ മലബാര്‍ സഭയും ഇടത് സര്‍ക്കാരിനെതിരെ പ്രതികരിച്ചിട്ടുണ്ട്. ജോസ് കെ മാണി പോയത് കൊണ്ട് കത്തോലിക്കര്‍ കൂടോടെഇടത് പക്ഷത്തിന് വോട്ട് ചെയ്യും എന്ന് ആരും വിശ്വസിക്കേണ്ട എന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഒരു സംഘടനാ നേതാവ് മറുപടി പറഞ്ഞത്.

ആഗോളമായികമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കത്തോലിക്കാ സഭയും എന്നും വിരുദ്ധ ചേരികളിലാണ് നിലകൊണ്ടിട്ടുള്ളത്. വിശ്വാസത്തെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ എടുത്ത നിലപാടുകളും കമ്മ്യൂണിസത്തെ വേരോടെ പിഴുതെറിയാന്‍ കത്തോലിക്കാ സഭയും നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. കമ്മ്യൂണിസ്റ്റ് തേരോട്ടം ലോകത്ത് തടഞ്ഞത് കമ്മ്യൂണിസ്റ്റ് കോട്ടയായിരുന്ന പോളണ്ടില്‍ നിന്ന് സഭയുടെ അമരത്തെത്തിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ് എന്നാണ് പൊതുവെ കരുതപ്പെടുന്നത്.

ഏതായാലും ഈ വരുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ക്രൈസ്തവര്‍ ഏതെങ്കിലും മുന്നണിയെപരസ്യമായി പിന്തുണയ്ക്കുംഎന്ന് കരുതാനാവില്ല. സമദൂരം എന്ന് പരസ്യമായി പറഞ്ഞാലും ആ ദൂരത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം എന്നതും യാഥാര്‍ഥ്യമാണ്.
നിലപാടുകളും വ്യക്തികളും ആശയങ്ങളും ആദര്‍ശങ്ങളും മാനദണ്ഡമാക്കി വിശ്വാസികള്‍ക്ക് അവരുടെ ഇഷ്ടത്തിന് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് സഭാ നേതൃത്വം പറയുമ്പോഴും ഇടത്പക്ഷത്തിന്റെ മദ്യ നയവും നിരീശ്വര വാദവും ചര്‍ച്ച് ആക്ടുമൊക്കെ തങ്ങള്‍ക്ക് വിനയാകുമോ എന്ന ഉള്‍ഭയവും ക്രൈസ്തവ സമുദായങ്ങള്‍ക്കിടയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.