ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ വോട്ടെടുപ്പിനിടെ വിവിധയിടങ്ങളില്‍ അക്രമം. കിഴക്കന്‍ മിഡ്‌നാപൂരിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഝാര്‍ഗ്രാമില്‍ സിപിഎം സ്ഥാനാര്‍ഥി സുശാന്ത് ഷോഘിന്റെ ആക്രമിച്ച് കാര്‍ തകര്‍ത്തു. പുരുലിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കൊടുത്ത് മടങ്ങുകയായിരുന്ന ബസിന് തീയിട്ടു.
പടിഞ്ഞാറന്‍ മിഡ്‌നാപുരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായി ബിജെപി ആരോപിച്ചു. ബെഗുംപുരില്‍ ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരും ബിജെപി നേതാക്കളും തിരഞ്ഞെടുപ്പ് കമ്മിഷനെ കാണുന്നുണ്ട്.
ബംഗാളിലെ ചില ഗ്രാമീണ മേഖലകളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി ബിജെപിയുടെ പശ്ചിമ മിഡ്‌നാപുര്‍ സ്ഥാനാര്‍ഥി സാമിത് ദാസ് ആരോപിച്ചു. ബൂത്തിലേക്കു പോകുന്നതിനിടെ ജാഗരമിലെ സല്‍ബോനി മേഖലയില്‍ വച്ച് തനിക്കെതിരെ അതിക്രമമുണ്ടായെന്ന് സിപിഎം സ്ഥാനാര്‍ഥി സുശാന്ത ഘോഷും പറഞ്ഞു.
എല്ലാവരും ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ എന്നിവര്‍ അഭ്യര്‍ഥിച്ചു. വോട്ടെടുപ്പ് ആംഭിച്ച രാവിലെ ഏഴു മുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് ഇരു സംസ്ഥാനങ്ങളിലും ബൂത്തുകള്‍ക്കു മുന്നിലുള്ളത്. ബംഗാളില്‍ വൈകിട്ട് 6.30 വരെയും അസമില്‍ ആറുവരെയുമാണ് പോളിങ്. ബംഗാളില്‍ ആകെയുള്ള 294 മണ്ഡലങ്ങളില്‍ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് വോട്ടെടുപ്പ്.
അസമിലെ 47 മണ്ഡലങ്ങളില്‍ ഭരണ കക്ഷിയായ ബിജെപി 39 ഇടത്ത് മത്സരിക്കുന്നു. സഖ്യകക്ഷിയായ എജിപി 10 ഇടത്തും. ലഖിംപുര്‍, നഹര്‍കതിയ മണ്ഡലങ്ങളില്‍ ഇരു പാര്‍ട്ടികളും സൗഹൃദ മത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പ്രതിപക്ഷ മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് 43 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. എയുയുഡിഎഫ്, സിപിഐ (എംഎല്‍-എല്‍), ആര്‍ജെഡി, അഞ്ചാലിക് ഗണ മോര്‍ച്ച എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റിലും മത്സരിക്കുന്നു. പുതുതായി രൂപീകരിച്ച എജെപി 41 മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്.
ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 30 മണ്ഡലങ്ങളില്‍ 29 വീതം മണ്ഡലങ്ങളിലാണ് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുന്നത്. ജോയ്പുര്‍ മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിതയതിനെ തുടര്‍ന്ന് അവര്‍ സ്വതന്ത്രനെ പിന്തുണയ്ക്കുന്നു. ബാഗ്മുണ്ഡിയില്‍ എന്‍ഡിഎ ഘടകകക്ഷിയായ എജെഎസ്യു ആണ് മത്സരിക്കുന്നത്. സിപിഎം കോണ്‍ഗസ് സഖ്യം 30 മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.