ടൊവീനോയുടെ രാഷ്ട്രീയ പ്രവചനം : ഭരണത്തുടര്‍ച്ച ചര്‍ച്ചയാകുമ്പോള്‍

ടൊവീനോയുടെ രാഷ്ട്രീയ പ്രവചനം : ഭരണത്തുടര്‍ച്ച ചര്‍ച്ചയാകുമ്പോള്‍

യുവാക്കളുടെ ഹരമായ ടൊവീനോ തോമസിനോട് രാഷ്ട്രീയം ചോദിച്ചാല്‍ എങ്ങനെയിരിക്കും? രസകരമായ ചോദ്യം ഇതായിരുന്നു. കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമോ? കാലാവസ്ഥ പ്രവചനം പോലെ ടോവിനോ ഒരു കാച്ചു കാച്ചി ... ഭരണത്തുടര്‍ച്ച ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും സാധ്യതയുണ്ട്. നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് ഭരണ തുടര്‍ച്ചയെപ്പറ്റിയാണ്. കേരളത്തില്‍ ഭരണത്തുടര്‍ച്ച സംഭവിക്കുമോ ? അങ്ങനെ സംഭവിക്കേണ്ടതുണ്ടോ ?


കേരളത്തിലെ തെരഞ്ഞെടുപ്പ് ഗോദയില്‍ ഉയര്‍ന്ന കേള്‍ക്കുന്ന വാക്കാണ് - ഭരണത്തുടര്‍ച്ച എന്നത്. തങ്ങളുടെ ഭരണ നേട്ടത്തിന്റെ പിന്‍ബലത്തില്‍ ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന് ഇടത് പക്ഷജനാധിപത്യ മുന്നണിയും, അഴിമതിയില്‍ കുളിച്ച സര്‍ക്കാരിന് പ്രബുദ്ധരായ മലയാളി വോട്ടര്‍ന്മാര്‍ ഭരണത്തുടര്‍ച്ചയ്ക്കുള്ള ഭൂരിപക്ഷം നല്‍കില്ല എന്ന് ഐക്യജനാധിപത്യ മുന്നണിയും കരുതുന്നു. തുടര്‍ ഭരണം ഭാരതത്തിന്റെ ഭരണഘടന പ്രകാരം നിഷിദ്ധമല്ല.
ഭരണത്തുടര്‍ച്ചയോ മറിച്ചുള്ള അവസ്ഥയോ തീരുമാനിക്കേണ്ടത് ജനങ്ങളാണ്.  ജനങ്ങള്‍ക്ക് അവരുടെ മൗലികാവകാശമായ ബാലറ്റിലൂടെ തങ്ങള്‍ക്കിഷ്ടമുള്ള മുന്നണിയെ ജയിപ്പിക്കാനോ തോല്‍പിക്കാനോ സാധിക്കും. തുടര്‍ ഭരണത്തിന് നമ്മുടെ ഭരണഘടന അനുവാദം നല്‍കുന്നുണ്ട്. അമേരിക്കയിലുംമറ്റ് പല യൂറോപ്യന്‍ രാജ്യങ്ങളിലും രണ്ട് കാലാവധിയില്‍ കൂടുതല്‍ അധികാരത്തില്‍ തുടരാന്‍ സാധ്യമല്ല എങ്കിലും അത്തരത്തിലുള്ള നിയമം നമ്മുടെ രാജ്യത്തില്ല.

1970 ലെ യുണൈറ്റഡ് ഫ്രണ്ട് മുന്നണി 1977 വരെ പ്രത്യേക സാഹചര്യത്തില്‍ കേരളം ഭരിച്ചു എന്നതൊഴിച്ചാല്‍ കേരളത്തില്‍ ഇത് വരെ ഒരു മുന്നണിയ്ക്കും ഭരണത്തുടര്‍ച്ച ലഭിച്ചിട്ടില്ല. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോള്‍ ജനങ്ങള്‍ കേരളത്തിലെ പ്രബലമായ രണ്ട് മുന്നണികള്‍ക്കും മാറി മാറി അധികാരം നല്‍കുകയാണ് പതിവ്. മലയാളികളുടെ ഈ രാഷ്ട്രീയ പാരമ്പര്യത്തിന് അന്തര്‍ദേശീയ തലത്തില്‍ പോലും വലിയ പ്രശംസ ലഭിച്ചിട്ടുണ്ട്.
ബംഗാളിലും മറ്റ് ഉത്തരേന്ത്യന്‍ സംസഥാനങ്ങളിലും നീണ്ട വര്‍ഷങ്ങള്‍ ഒരേ പാര്‍ട്ടിയും ഒരേ മുഖ്യമന്ത്രിയും ഭരിച്ചതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ച പലരും ഇന്ന് തുടര്‍ ഭരണം എന്ന ആശയത്തോട് വിയോജിക്കുകയാണ്.

2016 ല്‍ ഉമ്മന്‍ ചാണ്ടിയുടെ ഭരണ കാലാവധിയുടെ അവസാന ഘട്ടത്തില്‍ ഭരണത്തുടര്‍ച്ചയെക്കുറിച്ചുള്ള വളരെ ശക്തമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നെങ്കിലും സോളാര്‍ കേസും ബാര്‍ കോഴ വിവാദവും ആ ഒരു ആശയത്തെ തല്ലി തകര്‍ത്തു. ഇപ്പോള്‍ വീണ്ടും പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തില്‍ വീണ്ടും ഭരണത്തുടര്‍ച്ച എന്ന പ്രചാരണം ശക്തമാകുന്നു. ഭരണത്തുടര്‍ച്ച ഒരു മുന്നണിക്ക് കൊടുത്താല്‍ അവര്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനും പൂര്‍ത്തിയാക്കാനും സമയവും സാവകാശവും ലഭിക്കും എന്നാണ് തുടര്‍ ഭരണത്തെ പിന്തുണയ്ക്കുന്നവരുടെ അവകാശ വാദം.

എന്നാല്‍ തുടര്‍ച്ചയായി ഭരണം ലഭിക്കുന്ന സര്‍ക്കാരുകള്‍ക്ക് പ്രതിപക്ഷത്തെയോ ജനങ്ങളെയോ ഭയക്കാതെ അവരുടെ ആശയങ്ങളും ആഗ്രഹങ്ങളും നടപ്പിലാക്കാന്‍ സാധിക്കുമെന്നും അതവരെ ഏകാധിപതിയാക്കുമെന്നുമാണ് മറുപക്ഷക്കാരുടെ വാദം. ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ തുടര്‍ ഭരണങ്ങളും ഏകാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണത്തിലെ അപകടങ്ങളുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഏതായാലും പൊതുസേവന രംഗത്തുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനങ്ങളെ സേവിക്കാനുള്ള ഭരണാവസരം നല്‍കുക എന്നത് തന്നെയല്ലേ ജനാധിപത്യത്തിന്റെ സൗന്ദര്യം എന്ന് ചോദിക്കുന്നവര്‍ വളരെയധികമാണ്. എല്ലാവരും മാറി മാറി ഭരിക്കട്ടെ. 'വ്യത്യസ്ത ആശയങ്ങളും കാഴ്ചപ്പാടുകളും തങ്ങളുടെ നന്മയ്ക്കും നാടിന്റെ വികസനത്തിനും സഹായകമാകട്ടെ'. കേരളം സാക്ഷരതയിലും, ഉന്നത വിദ്യാഭ്യാസത്തിലും, ആരോഗ്യ രംഗത്തും, ജീവിത നിലവാരത്തിലും, വികസനത്തിലും ലോകോത്തര നിലവാരത്തിലെത്താന്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ സഹായകമായിട്ടുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല എന്നതാണ് ഈ വിഭാഗത്തിന്റെ നിലപാട്. ഇവരാണ് പലപ്പോഴും മാറ്റത്തിന്റെ ഗതിയെ നിര്‍ണയിച്ചിട്ടുള്ളതും. അതിനാല്‍ നമുക്ക് ശാന്തമായി ചിന്തിച്ചു തീരുമാനമെടുക്കാം. ഭരണത്തുടര്‍ച്ചയെക്കാളും ഭരണസ്ഥിരതയും വികസന സ്ഥിരതയുമുണ്ടാകട്ടെ, നാട് നന്നാകട്ടെ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.