കാപിറ്റോള്‍ മന്ദിരത്തിനു നേരേ ആക്രമണം; അക്രമി നേഷന്‍ ഓഫ് ഇസ്‌ലാം അനുയായി

കാപിറ്റോള്‍ മന്ദിരത്തിനു നേരേ ആക്രമണം; അക്രമി നേഷന്‍ ഓഫ് ഇസ്‌ലാം അനുയായി

വാഷിങ്ടണ്‍: യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോള്‍ മന്ദിരത്തിനു പുറത്ത് സുരക്ഷാ വലയത്തിലേക്കു കാര്‍ ഇടിച്ചുകയറ്റി ആക്രമണം നടത്തിയ നോവ ഗ്രീന്‍ എന്ന യുവാവ് നേഷന്‍ ഓഫ് ഇസ്‌ലാം സംഘടനയുടെ അനുയായി ആണെന്ന് പോലീസ്. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഈ സംഘടനയുടെ നേതാക്കളായ ലൂയി ഫറാഖാന്റെയും ഇലിജ മുഹമ്മദിന്റെയും പ്രഭാഷണങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
താന്‍ ഫറാ ഖാന്റെ അനുയായി ആണെന്ന് നോവ ഗ്രീന്‍ ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് ആക്രമണം. പാര്‍ലമെന്റ് മന്ദിരത്തിന്റെ സെനറ്റ് ഭാഗത്തെ റോഡിലെ ബാരിക്കേഡിലേക്കാണ് അക്രമി കാര്‍ ഇടിച്ചുകയറ്റിയത്.
ബാരിക്കേഡിനു സമീപം കാവല്‍ നില്‍ക്കുകയായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ വില്യം ഇവാന്‍സ് പിന്നീട് ആശുപത്രിയില്‍ മരിച്ചു. ബാരിക്കേഡില്‍ ഇടിച്ചശേഷം കാറില്‍നിന്ന് പുറത്തിറങ്ങിയ അക്രമി കത്തിയുമായി പോലീസിനുനേരെ പാഞ്ഞടുത്തു. തുടര്‍ന്ന് പോലീസിന്റെ വെടിയേറ്റ് അക്രമി കൊല്ലപ്പെട്ടു.
18 വര്‍ഷം സര്‍വിസുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഇവാന്‍സിന്റെ മരണത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവര്‍ ദുഃഖം രേഖപ്പെടുത്തി. ജനുവരി ആറിന് ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിനുശേഷം ഇത് രണ്ടാം തവണയാണ് കാപിറ്റോള്‍ മന്ദിരത്തിനു സമീപം സുരക്ഷ പാളിച്ചയുണ്ടാവുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.