ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യയിലെ ഇടനിലക്കാരന് ദസോ കമ്പനി ഒരു മില്യണ്‍ യൂറോ സമ്മാനമായി നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് ബിജെപിക്ക് തിരിച്ചടിയായി.  ഇടപാടില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി പറയണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. 
റഫാല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചയായ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോര്‍ട്ടെന്ന് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇരുരാജ്യങ്ങളിലേയും സര്‍ക്കാരുകള്‍ തമ്മിലുള്ള പ്രതിരോധ ഇടപാടില്‍ ഇടനിലക്കാരനും കമ്മീഷനും എങ്ങനെ അനുവദിക്കപ്പെട്ടു.  രാജ്യത്തെ പ്രതിരോധ ഇടപാട് നടപടി ക്രമങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 
ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ ഇടപാടില്‍ യഥാര്‍ഥത്തില്‍ എത്രമാത്രം കൈക്കൂലിയും കമ്മീഷനും നല്‍കിയെന്നും കേന്ദ്ര സര്‍ക്കാരില്‍ ആരാണ് ഈ പണം കൈപ്പറ്റിയതെന്നും കണ്ടെത്താന്‍ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം ആവശ്യമില്ലേയെന്നും അദ്ദേഹം ചോദിച്ചു. 
രാജ്യത്തെ പ്രതിരോധ കരാറിനുള്ള നടപടിക്രമം അനുസരിച്ച് ഇടപാടില്‍ ഏതെങ്കിലും ഇടനിലക്കാരനോ കമ്മീഷനോ കൈക്കൂലിയോ വാങ്ങിയെന്നതിന് തെളിവ് ലഭിച്ചാല്‍ അത് ഗുരുതരമായ കുറ്റമാണ്. നിയമം അനുസരിച്ച് കരാര്‍ റദ്ദാക്കുക, ഇടപാടുകാരെ വിലക്കുക, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക, കമ്പനിക്ക് കനത്ത പിഴ ചുമത്തുക എന്നിവ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാമെന്നും സുര്‍ജേവാല ചൂണ്ടിക്കാണിച്ചു. 
ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ടാണ് റഫാല്‍ ഇടപാട് സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഇന്ന് പുറത്തുവിട്ടത്. റഫാല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്ന ദസോ കമ്പനിയില്‍ നടന്ന ഓഡിറ്റിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫ്രാന്‍സിലെ അഴിമതി വിരുദ്ധ ഏജന്‍സിയായ ഏജന്‍സെ ഫ്രാന്‍സൈസ് ആന്റികറപ്ഷന്‍ (എഎഫ്എ) കമ്പനിയില്‍ നടത്തിയ ഓഡിറ്റിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
2016-ല്‍ റഫാല്‍ കരാര്‍ ഉറപ്പിച്ചതിന് പിന്നാലെ ദസോയുടെ സബ് കോണ്‍ട്രാക്ടറായ ഡെഫിസിസ് സൊലൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിക്ക് 10,17,850 യൂറോ(ഏകദേശം 8.77 കോടി രൂപ) നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യന്‍ കമ്പനിയായ ഡെഫ്‌സിസ് സൊലൂഷന്‍സിന് പണം നല്‍കിയത് സംബന്ധിച്ച് വന്‍ക്രമക്കേടുകളാണ് എ.എഫ്.എ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരു വിമാന മാതൃകയ്ക്ക് 20,357 യൂറോയാണ് വിലയിട്ടിരുന്നതെന്നും ഇത് ഉയര്‍ന്ന തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
മാത്രമല്ല, ഇത്തരം ചെലവുകള്‍ 'ഇടപാടുകാര്‍ക്കുള്ള സമ്മാന'മെന്ന രീതിയില്‍ അക്കൗണ്ടുകളില്‍ വിശദീകരിച്ചതിനെക്കുറിച്ചും ദസോയ്ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലെ വിവാദ വ്യവസായിയായ സുഷേന്‍ ഗുപ്തയുമായി ബന്ധപ്പെട്ട കമ്പനിയാണ് ഡെഫ്‌സിസ് സൊലൂഷന്‍സ്. 
നേരത്തെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസില്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത വ്യക്തിയാണ് സുഷേന്‍ ഗുപ്ത. എന്നാല്‍ പുറത്തുവന്ന പുതിയ റിപ്പോര്‍ട്ടില്‍  കേന്ദ്ര സര്‍ക്കാരോ ബിജെപി നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.