ഫാ ബാബയുടെ പാതിരി ബാഗ് (മറഞ്ഞിരിക്കുന്ന നിധി ഭാഗം -2)

ഫാ ബാബയുടെ പാതിരി ബാഗ് (മറഞ്ഞിരിക്കുന്ന നിധി  ഭാഗം -2)

1993 ന് ശേഷം ഒന്നര വർഷം നാസിക് എന്ന സ്ഥലത്തു ഇടവക വികാരിയായി സേവനം ചെയ്തു. അതിന് ശേഷം 1995 ൽ കാവുകാട്ടച്ചന്റെ പ്രവർത്തന മേഖല മഹാരാഷ്ട്രയിലെ തന്നെ മറ്റൊരു ജില്ലയായ താനയായിരുന്നു. അവിടുത്തെ അസൻഗാവ് എന്ന ഗ്രാമത്തിൽ ആദിവാസികളുടെ ഒപ്പം പതിനഞ്ച് വർഷം ചെലവഴിച്ചു. അവിടെയുള്ളവർക്ക് പ്രത്യേക മതം ഇല്ലെന്ന് കാവുകാട്ടച്ചൻ ഓർക്കുന്നു. അവിടെയും അച്ചൻ തന്റെ ചികിത്സാ വിധികൾ തുടർന്നു. അധികം വൈകാതെ അച്ചൻ അവർക്ക് 'ഫാദർ ബാബ' ആയി. ബാബ എന്നാൽ 'അപ്പൻ' എന്ന് അർഥം.അവിടെയും ആരുമില്ലാത്ത കുഞ്ഞുങ്ങളെ പരിപാലിച്ചു. അവരെ വളർത്തി വലുതാക്കി. അവരിൽ പലരും ഇന്ന് നല്ല നിലയിൽ എത്തി എന്നത് അച്ചന്റെ അഭിമാനം.


താനെയിൽ യുവജനങ്ങളെ ഒരുമിച്ചു കൂട്ടി. ക്രിക്കറ്റിൽ താത്പര്യം ഉള്ള യുവാക്കൾ ഒരുമിച്ച് കൂടി.ക്രിക്കറ്റിൽ യാതൊരു താത്പര്യവും ഇല്ലാതിരുന്ന കാവുകാട്ടച്ചൻ ഗ്രാമങ്ങൾ തമ്മിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. അഞ്ഞൂറ് രൂപയാണ് അന്ന് അച്ചൻ വിജയിക്കുന്നവർക്ക് വാഗ്‌ദാനം ചെയ്തത്. സ്വന്തം പണം കൊടുത്ത് വിജയികളെ അഭിനന്ദിച്ചു. അതിനായി തന്റേതായ പല ആവശ്യങ്ങളും വേണ്ട എന്ന് വയ്‌ക്കേണ്ടതായി വന്നു എന്ന് ഈ വൈദികൻ സൂചിപ്പിക്കുകയുണ്ടായി. പലപ്പോഴും വെള്ളം മാത്രം കുടിച്ച് കഴിയേണ്ടിവന്നിട്ടുണ്ട്, റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട്.

അച്ഛന്റെ കീഴിൽ കുറെ യുവാക്കൾ അപ്പോഴേക്കും അണിനിരന്നിരുന്നു. അവരിലെ കഴിവുകൾ കണ്ടറിഞ്ഞ ഈ വൈദികൻ അവരെയും കൂട്ടിക്കൊണ്ട് കേരളത്തിൽ എത്തി. രാഷ്‌ട്രപതി ആയിരുന്ന ശ്രീ കെ ആർ നാരായണന്റെ ഭവനത്തിൽ പോയി. അവിടെ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹോദരി ' ഗൗരിചേച്ചി'യുടെ ഊഷ്മളമായ സ്വീകരണം അച്ചൻ ഇന്നും ഓർക്കുന്നു. അത് അവർക്ക് കൊടുത്ത പ്രചോദനം ചെറുതല്ല. പിന്നീട് പീരുമേട്ടിൽ കൊണ്ടുപോയി ഇൻഫാം പോലെയുള്ള സംരംഭങ്ങൾ കാണിക്കുകയും അവിടുത്തെ വികസന പ്രവർത്തനങ്ങൾ മനസ്സിലാക്കികൊടുക്കുകയും ചെയ്തു. കുറഞ്ഞ ചെലവിൽ കപ്പ കൃഷി ചെയുന്നത് എങ്ങിനെ എന്ന് പഠിപ്പിച്ചു. ഈ യുവാക്കൾ തിരികെ എത്തി തങ്ങളുടെ നാട്ടിൽ കപ്പ കൃഷി തുടങ്ങി. ബോംബെ-പൂനാ മാർക്കറ്റിൽ കപ്പയുടെ മൊത്ത കച്ചവടക്കാരായി വളർന്നു ഇവർ.

സ്കൂളിൽ പോകാതിരുന്ന പെൺകുട്ടികൾ സ്കൂളിൽ പോയി തുടങ്ങി. വിദ്യാഭ്യാസം നേടിയ പെൺകുട്ടികൾ വിവാഹം കഴിച്ച് ചെല്ലുന്ന ഇടങ്ങളിൽ ബോധവത്കരണം നടത്തുകയും അവിടെയുള്ള പെൺകുട്ടികളെ സ്ക്കൂളിൽ പോകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.


അസൻ ഗാവിൽ വച്ച് അച്ചന് ഒരു ഹാർട്ട് അറ്റാക്ക് ഉണ്ടായി. ബോധരഹിതനായ അച്ചനെ നാട്ടുകാർ കൂടി ദൂരെയുള്ള ആശുപത്രിയിൽ എത്തിച്ചു. ആൻജിയോപ്ലാസ്റ്റി വേണ്ടി വന്നു. ആ സമയത്ത് ആ ഗ്രാമത്തിലെ ആൾക്കാർ രണ്ടു ദിവസം മുഴുവൻ പട്ടിണി ആയിരുന്നു എന്ന് അച്ചൻ സ്നേഹത്തോടെ ഓർക്കുന്നു . കുഞ്ഞുങ്ങൾ അരുവിയിൽനിന്നും വെള്ളവും കുടിച്ച് കാട്ടിലെ മരങ്ങളിൽനിന്നു പഴങ്ങളും കിഴങ്ങും ഭക്ഷിച്ച് കഴിഞ്ഞു കൂടി . വീടുകളിൽ ആരും ഭക്ഷണം പാകം ചെയ്തില്ല. അവർ കൂട്ടത്തോടെ പ്രാർത്ഥിച്ചു. " അവരുടെ ജീവൻ പോയത് പോലെ" ആണത്രേ അവർ പ്രാർഥിച്ചത്. അച്ചൻ ആശുപത്രിയിൽ ആയിരുന്ന സമയത്ത് അച്ചന്റെ ഒരു സുഹൃത്തും കുടുംബവും അച്ചന്റെ ആശുപത്രി ചിലവ് മുഴുവൻ വഹിച്ചു. ഇനി പഴയതുപോലെ പറ്റില്ല എന്നും ഇനിയങ്ങോട്ട് അച്ഛൻ അവരുടെ കൂടെ താമസിക്കണം എന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ കാവുകാട്ടച്ചൻ അത് സ്നേഹപൂർവ്വം നിരസിക്കുകയും തന്റെ ജനങ്ങളുടെ ഒപ്പം അവരുടെ ഗ്രാമത്തിൽ പോയി താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു. അവർ അച്ചന് വാഗ്ദാനം ചെയ്‌ത വീടിൻറെ തുല്യമായ തുക മിഷന് കൊടുക്കാൻ അഭ്യർത്ഥിച്ചു. അതനുസരിച്ച് ആ തുക മിഷന് കൊടുക്കുകയും അതുകൊണ്ട് രണ്ട് ഏക്കർ സ്ഥലം വാങ്ങുകയും ചെയ്തു. അവിടെ കൃഷി ആരംഭിച്ചു. അച്ചന്റെ ഭാഷയിൽ ആ 'വരണ്ട ഭൂമിയെ ഒരു മരുപ്പച്ച' ആക്കി മാറ്റി.


അച്ചൻ ഇപ്പോൾ ആയിരിക്കുന്ന കൊങ്കൺ ഭാഗത്തുള്ള സിന്ധു ദുർഗ് എന്ന സ്ഥലത്താണ് അതിന് ശേഷമുള്ള അച്ചന്റെ സേവനരംഗം. കഴിഞ്ഞ പത്ത് വർഷമായി അച്ചൻ ഇവിടെ സേവനം ചെയ്യുന്നു. മറ്റു സ്ഥലങ്ങളിൽ ചെയ്തത് പോലെ തന്നെ ആരോഗ്യ വിദ്യാഭ്യാസ കാർഷിക മേഖലകളിൽ ഇവിടെയും അച്ചൻ കോളിളക്കം സൃഷ്ടിച്ചു. ഒരു ഗ്രാമത്തിലെ പാവപ്പെട്ട ജനങ്ങൾക്ക് യേശുവിനെ കൊടുത്തുകൊണ്ട് നിഷ്കളങ്കനായ ഈ വൈദികൻ നിർത്താതെ തന്റെ ഓട്ടം ഓടിക്കൊണ്ടിരിക്കുന്നു.

ഇസിദൊറിയൻ ആത്മീയതയിൽ തീർത്ത പാതിരി ബാഗ്

കാവുകാട്ടച്ചൻറെ സ്വന്തം ആശയമാണ് 'ഇസിദോറിയൻ ആധ്യാത്മികത'.കർഷകരുടെ മധ്യസ്ഥനാണ് വി ഇസിദോർ( സഭാ പിതാവല്ല . ഇത് കുടുംബസ്ഥനായ ഇസിദോർ. ഈ വിശുദ്ധന്റെ ഭാര്യ മരിയയും ഒരു വിശുദ്ധയാണ്). ഭൂമിയെ സ്നേഹിക്കുന്നതും മണ്ണിനോട് ചേർന്ന് ജീവിക്കുന്നതും ഒരു " ഇസിദോറിയൻ സ്പിരിച്വാലിറ്റി" ആണെന്ന് അച്ചൻ പറയുന്നു. വിഷം ചേർക്കാതെ കൃഷി ചെയ്തു ഓർഗാനിക് ഭക്ഷണ സാധനങ്ങൾ വിളയിക്കുമ്പോൾ അത് മണ്ണിനെയും ശരീരത്തെയും സംരക്ഷിക്കലാണ്. ഈ രീതിയിൽ കൃഷി ചെയുകയും അധ്വാനിക്കുകയും ചെയുന്ന പ്രവർത്തിക്ക്‌ അച്ചൻ ഇട്ടിരിക്കുന്ന പേരാണ് "ഇസിദോറിയൻ ആധ്യാത്മികത." അച്ചൻ ചെയ്ത കൃഷിയെയും അച്ചൻ നിർമ്മിച്ച കൃഷി സ്ഥലത്തെയും നാട്ടുകാർ "പാതിരി ബാഗ്" ( അച്ചന്റെ തോട്ടം)എന്ന് വിളിച്ചു. പാതിരിബാഗിൽ വിവിധ തരം ഫല വർഗ്ഗങ്ങൾ വിളയുന്ന വൃക്ഷങ്ങൾ ഉണ്ട്. അത് വളരെ സൂക്ഷമമായി ചെയ്യണ്ട ഒരു കാര്യമാണെന്ന് അച്ചൻ പറയുന്നു. ഓരോ മണ്ണിനും യോജിച്ച കൃഷി ഏതെന്ന് തിരിച്ചറിഞ്ഞ് വേണം കൃഷി ചെയ്യുവാൻ.


എഴുപത്തൊന്നാം വയസിലും ദിവസവും 10 മണിക്കൂർ മണ്ണിൽ പണിയെടുക്കുന്നു ഈ വൈദികൻ. വളർത്ത് മക്കളെയും തന്റെ നാട്ടിലുള്ള കുഞ്ഞുങ്ങളെയും കരുതിയും സ്നേഹിച്ചും ആനന്ദത്തോട് കൂടി ഒന്നും തിരിച്ച് പ്രതീക്ഷിക്കാതെ പ്രവർത്തനം മാത്രമായി ജീവിക്കുകയാണ് കാവുകാട്ടച്ചൻ. കരുണാമയനായ ഈശോയെ ലോകത്തിന് കാട്ടിക്കൊടുക്കാൻ നമുക്ക് ക്ഷമയും കരുതലും കരുണയും ഉണ്ടാവണം. നാം ഈ ചൈതന്യത്തിൽ നിന്നും പിന്മാറുന്നു എന്നും അച്ചൻ ആശങ്കപ്പെടുന്നു.





ജോസഫൈൻ ആത്മീയത തീർത്ത വളർത്തച്ചൻ
(അടുത്തതിൽ)

സിസിലി ജോൺ

പ്രഘോഷിക്കാതെ പ്രഘോഷിക്കപ്പെടുന്ന സുവിശേഷത്തിന്റെ വക്താവ്: ഫാ ജോർജ് കാവുകാട്ട് (മറഞ്ഞിരിക്കുന്ന നിധി -ഭാഗം 1)




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.