കനത്ത പോളിംഗ്: 42.7% @ 12.30; ബൂത്തുകളില്‍ രണ്ട് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു

കനത്ത പോളിംഗ്: 42.7% @ 12.30;  ബൂത്തുകളില്‍ രണ്ട് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊച്ചി: സംസ്ഥാനത്ത് കനത്ത പോളിംഗ് തുടരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് 40.5 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. എല്ലാ പോളിംഗ് ബൂത്തിലും നീണ്ട ക്യൂ ഉച്ച സമയത്തുമുണ്ട്. ഗ്രാമ പ്രദേശങ്ങളിലെ പോളിംഗ് ബൂത്തുകളില്‍ രാവിലെ മുതല്‍ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലടക്കം രാവിലെ മുതല്‍ കനത്ത പോളിംഗാണ്. പോളിങ് ദിനത്തിലും മുന്നണി നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടര്‍ന്നു.എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രാവിലെ ഉയര്‍ത്തിയ ശബരിമലയാണ് മുഖ്യ വിഷയം.

വോട്ടു ചെയ്യാനായി പോളിംഗ് ബൂത്തുകളിലെത്തിയ രണ്ട് പേര്‍ കുഴഞ്ഞു വീണ് മരിച്ചു. കോട്ടയം എസ്എച്ച് മൗണ്ട് സെന്റ് മര്‍സെല്‍നാസ് സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയ വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം കൊട്ടാരപ്പറമ്പില്‍ അന്നമ്മ ദേവസ്യയാണ് (73) കുഴഞ്ഞു വീണു മരിച്ചത്. ആറന്മുളയില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ വൃദ്ധന്‍ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്.

അതിനിടെ ചെറിയ സംഘര്‍ഷങ്ങളും പരാതികളും ഉണ്ടാകുന്നുണ്ട്. ഇടുക്കി ജില്ലാ അതിര്‍ത്തിയായ കമ്പം മെട്ടില്‍ തമിഴ്‌നാട്ടില്‍ നിന്ന് വാഹനത്തിലെത്തിയ സംഘത്തെ കള്ളവോട്ട് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞു വച്ചു. ഇതറിഞ്ഞ് ഏതാനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ രംഗം സംഘര്‍ഷഭരിതമായി. പിന്നീട് പൊലീസെത്തിയാണ് ശാന്തമാക്കിയത്. വിവാഹത്തില്‍ പങ്കെടുക്കാനാണ് തങ്ങള്‍ എത്തിയതെന്ന് തമിഴ്‌നാട് സ്വദേശികള്‍ പറഞ്ഞു.

കല്‍പറ്റ മണ്ഡലത്തില്‍ കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം നമ്പര്‍ ബൂത്തായ അന്‍സാരിയ കോംപ്ലക്‌സില്‍ കൈപ്പത്തി ചിഹ്നത്തിനുള്ള വോട്ട് താമരയ്ക്കു പോകുന്നതായി പരാതി. ഇവിടെ വോട്ടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കലക്ടറേറ്റില്‍നിന്നു തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മൂന്ന് പേര്‍ വോട്ട് കൈപ്പത്തിക്കു വോട്ട് ചെയ്തതില്‍ രണ്ട് പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമായാണ് വിവിപാറ്റില്‍ കാണിച്ചത്. വിശദമായ പരിശോധന നടന്നു വരുന്നു.

മാനന്തവാടി എടവക പഞ്ചായത്ത് പള്ളിക്കലില്‍ വോട്ട് ചെയ്യാനെത്തിയ ആളുടെ വോട്ട് തപാല്‍ വോട്ടായി ചെയ്തതായി പരാതിയുണ്ടായി. തന്റെ അറിവ് ഇല്ലാതെയാണ് മറ്റാരോ പോസ്റ്റല്‍ വോട്ട് ചെയ്തത് എന്ന് ആരോപിച്ച് പള്ളിക്കല്‍ സ്വദേശി മറിയം പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കി.

കണ്ണൂര്‍ താഴെചൊവ്വ എല്‍പി ബൂത്ത് 73 ല്‍ വോട്ട് മാറി ചെയ്തതിന് ഒരാള്‍ കസ്റ്റഡിയിലായി. വോട്ടേഴ്‌സ് ഹെല്‍പ്പ് ആപ്പ് വഴി ഡൗണ്‍ലോഡ് ചെയ്ത വോട്ടേഴ്‌സ് സ്ലിപ് മാറിപ്പോയതാണ് സംഭവം.യഥാര്‍ത്ഥ വോട്ടര്‍ക്ക് ഇവിടെ വോട്ട് ചെയ്യാനായില്ല. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

140 മണ്ഡലങ്ങളില്‍ 131 ലും വൈകുന്നേരം ഏഴുവരെ വോട്ടെടുപ്പ് തുടരും. മാവോയിസ്റ്റ് ഭീഷണി സംശയിക്കുന്ന ഒമ്പത് മണ്ഡലങ്ങളില്‍ ആറിന് പോളിംഗ് സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.