കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 'ബാക് ടു ബേസിക്‌സ്' കാമ്പയിന്‍ ശക്തിപ്പെടുത്തുകയാണെന്ന് ആരോഗ്യവകുപ്പ്. എല്ലാവരും സ്വയംരക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കണം.
തിരുവനന്തപുരം: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കോവിഡ്-19 രണ്ടാംഘട്ട അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമേണ ഉയര്‍ന്ന് 3500 കഴിഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബഹുഭൂരിപക്ഷം ജനങ്ങളും പങ്കാളിയായിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 'ബാക് ടു ബേസിക്‌സ്' കാമ്പയിന്‍ ശക്തിപ്പെടുത്തുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാവരും സ്വയംരക്ഷ നേടുന്നതിന് കോവിഡ് പ്രതിരോധത്തില്‍ ആദ്യം പഠിച്ച പാഠങ്ങള്‍ വീണ്ടുമോര്‍ക്കണം. ആരും സോപ്പും മാസ്‌കും സാമൂഹിക അകലവും മറക്കരുത്. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കേണ്ടതാണ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കണം.
പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആര്‍ടിപിസിആര്‍ പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 33,699 ആര്‍ടിപിസിആര്‍ പരിശോധന ഉള്‍പ്പെടെ ആകെ 60,554 പരിശോധനകളാണ് നടത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്നവരുടെ ഒരാഴ്ച ക്വാറന്റൈനും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സിറോ സര്‍വയലന്‍സ് സര്‍വേ പ്രകാരം സംസ്ഥാനത്ത് 10.76 ശതമാനം പേര്‍ക്കുമാത്രമേ കോവിഡ് വന്നുപോയിട്ടുള്ളൂ. 89 ശതമാനം ആളുകള്‍ക്കും കോവിഡ് വന്നിട്ടില്ലാത്തതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്. 45 വയസ് കഴിഞ്ഞവര്‍ കഴിയുന്നതും വേഗത്തില്‍ കോവിഡ് വാക്‌സിനെടുക്കേണ്ടതാണ്. സംസ്ഥാനത്ത് ഇതുവരെ 37,56,751 പേര്‍ ആദ്യ ഡോസ് വാക്‌സിനും 4,47,233 പേര്‍ രണ്ടാം വാക്‌സിനും ഉള്‍പ്പെടെ ആകെ 42,03,984 പേരാണ് വാക്‌സിനെടുത്തിട്ടുള്ളത്.
തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍ക്കും വോട്ട് ചെയ്യാന്‍ പോയ പൊതുജനങ്ങള്‍ക്കും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം കോവിഡ് പരിശോധന നടത്തേണ്ടതാണ്. പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ സങ്കീര്‍ണമാകും. അതിനാല്‍ തന്നെ ബാക് ടു ബേസിക്‌സ് കാമ്പയിന്‍ എല്ലാവരും ഏറ്റെടുക്കണമെന്നും ആരോഗ്യവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.