ന്യൂഡല്‍ഹി: രാജ്യത്തെ ഉപഭോക്താക്കളുടെ ആത്മവിശ്വാസം താഴുന്നതിനാല്‍ ചെലവഴിക്കല്‍ ശേഷിയില്‍ കാര്യമായ കുറവുണ്ടായതായി ആര്‍ബിഐയുടെ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വ്വേ. ഭാവിയെക്കുറിച്ച് രാജ്യത്തെ ജനങ്ങള്‍ ആശങ്കാകുലരാണെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.
ജനുവരിയിലെ 55.5 പോയന്റില്‍നിന്ന് മാര്‍ച്ചിലെ കറന്റ് സിറ്റുവേഷന്‍ ഇന്‍ഡക്സ് 53.1 പോയന്റായി കുറഞ്ഞു. 2020 സെപ്റ്റംബറില്‍ എക്കാലത്തെയും താഴ്ന്ന നിലവാരമായ 49.9 പോയന്റിലെത്തിയ ശേഷം തിരിച്ചു വരവിന്റെ പാതയിലായിരുന്നു.
സമ്പദ്ഘടനയിലെ ചലനങ്ങള്‍, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയും വരവും ചെലവഴിക്കലും തമ്മിലുള്ള അന്തരവും പ്രതിഫലിക്കുന്നതാണ് സര്‍വെ. സൂചിക 100നു മുകളിലാണെങ്കില്‍ ക്രയശേഷിയില്‍ ഉപഭോക്താവിന് കൂടുതല്‍ ആത്മവിശ്വാസമുണ്ടെന്ന് അനുമാനിക്കാം. ഉപഭോക്താവിന്റെ വാങ്ങല്‍ മനോഭാവമാണ് സര്‍വ്വേയില്‍ പ്രതിഫലിക്കുന്നത്.
രാജ്യത്തെ 13 വലിയ നഗരങ്ങളിലെ കുടുംബങ്ങളെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്. തിരുവനന്തപുരം, അഹമ്മദാബാദ്, ബെംഗളുരു, ഭോപ്പാല്‍, ചെന്നൈ, ഡല്‍ഹി, ഗുവാഹട്ടി, ഹൈദരാബാദ്, ജെയ്പൂര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, പട്ന തുടങ്ങിയ നഗരങ്ങളിലാണ് ഫെബ്രുവരി 27നും മാര്‍ച്ച് എട്ടിനുമിടയില്‍ സര്‍വ്വേ സംഘടിപ്പിച്ചത്.