ഫ്രാൻസിൽ ദയാവധം നിയമവിധേയമാക്കാൻ പാർലമെന്റിൽ ബിൽ

ഫ്രാൻസിൽ ദയാവധം നിയമവിധേയമാക്കാൻ പാർലമെന്റിൽ ബിൽ

പാരീസ് : ദയാവധം നിയമവിധേയമാക്കാനുള്ള ബിൽ വ്യാഴാഴ്ച ഫ്രഞ്ച് പാർലമെന്റിന് മുന്നിൽ വരുന്നു. ഈ നിയമത്തിൽ ആയിരക്കണക്കിന് ഭേദഗതികളോടെ നിയമത്തെ എതിർത്ത് തോൽപ്പിക്കുവാൻ  വലതുപക്ഷ രാഷ്ട്രീയക്കാർ പദ്ധതിയിടുന്നു. എന്നാൽ ഈ വിഷയത്തിൽ  സർക്കാർ ഒരു നിലപാട് എടുത്തിട്ടില്ല .

ഇപ്പോൾ കൊണ്ട് വന്ന കരട് നിയമം പാസാകുകയാണെങ്കിൽ, ഫ്രാൻസ് യൂറോപ്യൻ യൂണിയനിൽ ദയാവധത്തെ അംഗീകരിക്കുന്ന അഞ്ചാമത്തെ രാജ്യമായിമാറും . നെതർലാൻഡ്‌സ്, ബെൽജിയം, ലക്സംബർഗ്, സ്‌പെയിൻ എന്നീ രാജ്യങ്ങളാണ് യൂറോപ്യൻ യൂണിയനിലെ മറ്റു നാല് രാജ്യങ്ങൾ .

ഫ്രഞ്ച് പാർലമെന്ററിലെ തന്നെ ഒരു ചെറു ഗ്രൂപ്പായ ലിബർട്ടസ് എറ്റ് ടെറിട്ടോയേഴ്സിന്റെ നേതാവായ ഒലിവിയർ ഫലോർണി ആണ് ബിൽ കൊണ്ടുവന്നത്, ഇടത് - വലത് എംപിമാർ ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നു .ദയാവധം നിയമം മൂലം അനുവദിക്കാതെ ഇരിക്കുന്നത് ഒരു ദേശീയ
കാപട്യമാണെന്ന് ഫലോർണി വാദിക്കുന്നു; കാരണം ഫ്രഞ്ച് നിവാസികൾ പലപ്പോഴും ആത്മഹത്യയ്ക്കുള്ള സഹായത്തിനായി ബെൽജിയത്തിലേക്കോ സ്വിറ്റ്സർലൻഡിലേക്കോ പോകാറുണ്ട്. അതേസമയം ഫ്രഞ്ച് ഡോക്ടർമാർ രഹസ്യമായി പ്രതിവർഷം 2,000 മുതൽ 4,000 വരെ ദയാവധം നടത്തുന്നുണ്ട് എന്നും  അദ്ദേഹം വെളിപ്പെടുത്തി.

ഭേദപ്പെടുത്താനാവാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന രോഗികളെ ദീർഘനാൾ മയക്കി കിടത്തുവാൻ നിലവിലെ നിയമം അനുവദിക്കുന്നു. പക്ഷേ അവരുടെ ജീവിതം അവസാനിപ്പിക്കാനോ അതിനായി മറ്റുള്ളവർക്ക് സഹായിക്കാനോ കഴിയില്ല. ദയാവധം നിയമവിധേയമാക്കുന്നതിന് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്റെ സ്വന്തം പാർട്ടിയായ എൽ‌ ആർ‌ എം ഉൾപ്പെടെ നിരവധി എം പിമാർ പിന്തുണയ്ക്കുന്നു.

ദയാവധത്തിന് എതിരെ വാദിക്കുന്ന എം പിമാർ 3,000 ഭേദഗതികൾ സമർപ്പിച്ചിട്ടുണ്ട് , ഇത് വ്യാഴാഴ്ചത്തെ നടപടികളെ മന്ദഗതിയിലാക്കും.2,300 ഭേദഗതികൾ പ്രതിപക്ഷ പാർട്ടിയായ സെന്റർ-റൈറ്റ് ലെസ് റിപ്പബ്ലിക്കൻസിൽ (എൽആർ) നിന്നുള്ള പ്രതിനിധികൾ കൊണ്ടു വന്നു .

ഫ്രാൻസിലെ കത്തോലിക്കാസഭയും ദയാവധത്തെ ശക്തമായി എതിർക്കുന്നു.ഒരു വ്യക്തി കഷ്ടപ്പാടുകൾ അഭിമുഖീകരിക്കുമ്പോൾ പരിഹാരം അവരെ കൊല്ലുകയല്ല, മറിച്ച് അവരുടെ വേദന ലഘൂകരിക്കുകയും അവരോടൊപ്പം ചേരുകയും ചെയ്യുകയാണ് വേണ്ടതെന്ന് പാരീസ് അതിരൂപത ബിഷപ്പ് മൈക്കൽ ആപെറ്റിറ്റ് ഫ്രാൻസ് ഇന്റർ അഭിപ്രായപ്പെട്ടു.

പാർലമെന്റ് അംഗങ്ങളിൽ പലരും ദയാവധത്തെ ധാർമ്മികമോ മതപരമോ ആയ കാരണങ്ങളാൽ എതിർക്കുന്നു . മറ്റുള്ളവർ അഭിപ്രായപ്പെട്ടത് ദേശീയ അസംബ്ലി നടപടികളുടെ ഒരു ദിവസത്തിൽ മാത്രം കൈകാര്യം ചെയ്യാൻ മാത്രം വിഷയം ലഘുവല്ല എന്നാണ്.
വ്യാഴാഴ്ച വോട്ടെടുപ്പിന് മുമ്പായി പാർലമെന്റ് സമയം കഴിഞ്ഞാൽ, മറ്റൊരു സമയം  പുതുതായി കണ്ടെത്തേണ്ടതുണ്ട്.

എല്ലാ ഭക്ഷണവും മരുന്നും നിരസിക്കാനും തന്റെ മരണം സോഷ്യൽ മീഡിയയിൽ തത്സമയം സംപ്രേഷണം ചെയ്യാനും പദ്ധതിയിട്ടിരുന്ന ഫ്രഞ്ച് കാരൻ അലൈൻ കോക്കാണ് കഴിഞ്ഞ വർഷം ദയാവധത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് തിരികൊളുത്തിയത്. പക്ഷെ ഭക്ഷണവും മരുന്നും നിരസിച്ചുള്ള മരണ ശ്രമം വളരെ ദുഷ്കരമായതിനാൽ അദ്ദേഹം തന്റെ പ്രാരംഭ ശ്രമം ഉപേക്ഷിച്ചു.സമാധാനത്തോടെ മരിക്കാൻ അനുവദിക്കുന്ന ഒരു മരുന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് കോക്ക് സെപ്റ്റംബറിൽ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന് കത്തെഴുതിയിരുന്നുവെങ്കിലും ഫ്രഞ്ച് നിയമപ്രകാരം ഇത് സാധ്യമല്ലെന്ന് പ്രസിഡന്റ് മറുപടി നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.