ന്യൂഡല്‍ഹി: വിദേശത്തേക്ക് 6.5 കോടി ഡോസ് വാക്‌സിന്‍ കയറ്റി അയച്ചതിനെ തുടര്‍ന്ന് വാക്‌സിന്‍ ക്ഷാമം നേരിടുന്ന ഇന്ത്യ റഷ്യയില്‍ നിന്ന് 12 കോടി വാക്‌സിന്‍ വാങ്ങി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണമില്ലായ്മയാണ് രാജ്യത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്നതിന് പ്രധാന കാരണമെന്ന് പരക്കേ ആക്ഷേപമുണ്ട്.
ഉല്‍പാദനത്തിനുള്ള കരാര്‍ നല്‍കുന്നതിന് കാലതാമസം വന്നു. വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളുമായി ദീര്‍ഘകാല കരാറില്ലാത്തതും തിരിച്ചടിയായി. വാക്‌സിന്‍ നിര്‍മാണത്തിന് ആവശ്യമായ നിക്ഷേപം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഉണ്ടാക്കിയ വാക്‌സിനുകള്‍ ആദ്യഘട്ടത്തില്‍ സംഭരിച്ച് വയ്ക്കാനുമായില്ല. വാക്‌സീന്‍ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ കിട്ടാത്തതും വലിയ പ്രതിസന്ധിയായി.
രണ്ട് വാക്‌സിനുകള്‍ തദ്ദേശീയമായി ഉത്പാദിപ്പിക്കുകയോ വികസിപ്പിക്കുകയോ ചെയ്ത ഏക വികസ്വര രാജ്യമാണ് ഇന്ത്യ. പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ 12 കോടി ഡോസ് വാക്‌സിനാണ് കൈമാറിയത്. കൊവാക്‌സിന്റെ ഉല്‍പാദനം കുറവാണ്. പ്രതിമാസം ഒരു കോടി വാക്‌സിന്‍ മാത്രമേ ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നുള്ളൂ.
കൊവാക്‌സിന്‍ ഉല്‍പാദനത്തിന് അസംസ്‌കൃത വസ്തുക്കള്‍ നിര്‍മ്മിക്കുന്ന അമേരിക്ക ഇപ്പോള്‍ അവ പുറം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് നിര്‍ത്തിയിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഇടപെടല്‍ വേണമെന്നും ആവശ്യപ്പെട്ട് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാല ട്വീറ്റ് ചെയ്തിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ക്വോട്ട് ചെയ്തായിരുന്നു അദാര്‍ പൂനാവാലയുടെ ട്വീറ്റ്.
വാക്‌സിനുകള്‍ക്കുള്ള ഡിമാന്‍ഡ് കുത്തനെ കൂടുന്ന സാഹചര്യത്തില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ കൊവാക്‌സിന്റെ ഉല്‍പാദനം കുത്തനെ കൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ബംഗളുരുവില്‍ പുതിയ വാക്‌സീന്‍ നിര്‍മാണ കേന്ദ്രം തുടങ്ങുന്നതിന് 65 കോടി രൂപയുടെ ഗ്രാന്റും അനുവദിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ടേകാല്‍ ലക്ഷത്തോടടുത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ ഒരു വിലയിരുത്തല്‍ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് അനുഭവപ്പെടുന്നത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഢ്, കര്‍ണാടക, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ എന്നീ 12 സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവിടേക്ക് കൃത്യമായി വാക്‌സിന്‍ ഡോസുകളും ഓക്‌സിജന്‍ വിതരണവും ഉറപ്പാക്കണമെന്ന് യോഗത്തില്‍ തീരുമാനമെടുത്തു.
മെഡിക്കല്‍ ഓക്‌സിജന്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്ത് ഓക്‌സിജന്‍ സിലിണ്ടറുകള്‍ വഹിച്ചുകൊണ്ടുള്ള ട്രക്കുകള്‍ക്ക് അതിര്‍ത്തികളില്‍ ഇനി നിയന്ത്രണമേര്‍പ്പെടുത്തില്ല. ഓക്‌സിജന്‍ ഉല്‍പാദകര്‍ക്ക് രാജ്യമെമ്പാടും വിതരണം നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടാകില്ലന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.