കുട്ടികള്‍ പോലും ജയിലിനുള്ളില്‍; ഓസ്‌ട്രേലിയയില്‍ അബോര്‍ജിനലുകളുടെ കസ്റ്റഡി മരണം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതായി മന്ത്രി കെന്‍ വ്യാട്ട്

കുട്ടികള്‍ പോലും ജയിലിനുള്ളില്‍; ഓസ്‌ട്രേലിയയില്‍ അബോര്‍ജിനലുകളുടെ കസ്റ്റഡി മരണം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതായി മന്ത്രി കെന്‍ വ്യാട്ട്

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ തദ്ദേശീയരുടെ (അബോര്‍ജിനല്‍സ്) കസ്റ്റഡി മരണം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതായി ഇന്റിജനസ് ഓസ്ട്രേലിയന്‍സ് മന്ത്രി കെന്‍ വ്യാട്ട്. കസ്റ്റഡി മരണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശീയരായ ഓസ്‌ട്രേലിയന്‍സിന്റെ രാജ്യത്തെ ഏറ്റവും പ്രബലനായ നേതാവാണ് കെന്‍ വ്യാട്ട്.

തന്റെ കുടുംബത്തില്‍നിന്നുതന്നെ കസ്റ്റഡിയില്‍ മരിച്ചവരുണ്ട്, അവര്‍ കടന്നുപോയ ബുദ്ധിമുട്ടുകളെക്കുറിച്ച് വ്യക്തിപരമായി എനിക്കറിയാം. ജയിലില്‍ ജീവിച്ച് കുടുംബംതന്നെ നഷ്ടമായ അബോര്‍ജിനല്‍സും ടോറസ് സ്‌ട്രെയിറ്റ് ദ്വീപുവാസികളും നിരവധിയാണ്. കസ്റ്റഡി മരണങ്ങളെക്കുറിച്ചു സമഗ്രമായി പഠിച്ച 1991 ലെ റോയല്‍ കമ്മിഷന്‍, ജയില്‍ സംവിധാനം പരിഷ്‌കരിക്കണമെന്ന് നിര്‍ദേശിച്ച് സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ 339 ശിപാര്‍ശകളില്‍ മൂന്നിലൊന്നു പോലും ഇപ്പോഴും നടപ്പാക്കിയിട്ടില്ല.

കസ്റ്റഡിയില്‍ അമിതമായി അബോര്‍ജിനല്‍സിനെ കുത്തിനിറയ്ക്കുന്നതാണ് മരണനിരക്ക് ഉയരുന്നതിന്റെ കാരണമായി കമ്മിഷന്‍ കണ്ടെത്തിയത്. 1991-ല്‍ ഓസ്ട്രേലിയന്‍ ജയിലുകളില്‍ തടവിലാക്കപ്പെട്ടവരില്‍ 14 ശതമാനവും തദ്ദേശീയരായ ഓസ്ട്രേലിയക്കാരാണ്. ഇപ്പോള്‍ ഈ കണക്ക് ഏകദേശം 30 ശതമാനമായി ഉയര്‍ന്നു. ഓസ്ട്രേലിയന്‍ ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമാണ് അബോര്‍ജിനല്‍സും ടോറസ് സ്‌ട്രെയിറ്റ് ദ്വീപുവാസികളും അടങ്ങുന്ന തദ്ദേശീയര്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 450 തദ്ദേശവാസികള്‍ കസ്റ്റഡിയില്‍ മരിച്ചു. ഈ വര്‍ഷം അഞ്ചു പേര്‍ മരിച്ചു. അതു ഒരു മാസത്തിനുള്ളില്‍.

കസ്റ്റഡി മരണനിരക്ക് കുറയ്ക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സംസ്ഥാനങ്ങളിന്മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് അഭിഭാഷക ഗ്രൂപ്പുകളും ആവശ്യപ്പെട്ടു. നീതിന്യായ വ്യവസ്ഥ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സംസ്ഥാനങ്ങള്‍ക്കും ടെറിട്ടറികള്‍ക്കും ചുമതലയുണ്ട്. ജയില്‍ സംവിധാനങ്ങളിലെ പരിഷ്‌കരണത്തിന് തുക അനുവദിക്കുക എന്നതിനപ്പുറം ഇക്കാര്യങ്ങളില്‍ ഇടപെടാന്‍ ഫെഡറല്‍ സര്‍ക്കാരിന് പരിമിതിയുണ്ട്.

തടവിലുള്ള തദ്ദേശീയരായ മുതിര്‍ന്നവരുടെ എണ്ണം 15 ശതമാനവും കുട്ടികളുടെ എണ്ണം 30 ശതമാനവും ആയി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. 

പത്തു വയസില്‍ താഴെയുള്ള കുട്ടികളെ പോലും രാജ്യത്ത് തടവിലാക്കുന്നത് ഏറെ പ്രയാസപ്പെടുത്തുന്നതായും ഇക്കാര്യം സംസ്ഥാന, ടെറിട്ടറി മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെയും ആരോഗ്യ രംഗത്തെ പുരോഗതിയിലൂടെയും തടവിലാകുന്നവരുടെ എണ്ണം ഒഴിവാക്കാനാകും. എന്നാല്‍ ഈ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വളരെ മന്ദഗതിയിലാണ്. തടവിലാക്കപ്പെടുന്ന അബോര്‍ജിനല്‍സിന്റെ എണ്ണം വര്‍ധിക്കുന്നത് ദേശീയ പ്രതിസന്ധിയാണെന്നും കൃതമായ ഇടപെടല്‍ ഉണ്ടാവണമെന്നും രാജ്യത്തെ അഭിഭാഷക കൂട്ടായ്മകളും പറയുന്നു.

നിര്‍ബന്ധിത ശിക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്ന് നാഷണല്‍ അബോറിജിനല്‍ ആന്‍ഡ് ടോറസ് സ്‌ട്രെയിറ്റ് ഐലന്‍ഡര്‍ ലീഗല്‍ സര്‍വീസസിന്റെ ചെയര്‍ ഈസ്റ്റേണ്‍ അറെന്‍ടെ വംശജയായ വനിത പ്രിസ്‌കില്ല അറ്റ്കിന്‍സ് പറഞ്ഞു. പണമടയ്ക്കാത്ത കുറ്റത്തിനും മോശം ഭാഷ ഉപയോഗിക്കുന്നതിനും ആളുകളെ തടവിലാക്കുകയും ജയിലുകളില്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന കിരാത നിയമങ്ങള്‍ ഇപ്പോഴും ആവശ്യമുണ്ടോ എന്ന് ചിന്തിക്കണം.

കുറ്റകൃത്യത്തിന് തടവിലാക്കപ്പെടുന്ന പ്രായം ദേശീയതലത്തില്‍ പത്തില്‍നിന്ന് 14 ആക്കി ഉയര്‍ത്തേണ്ടതുണ്ടെന്നും പുനരധിവാസ സേവനങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം ആവശ്യമാണെന്നും അഭിഭാഷക സംഘടനയായ ചേഞ്ച് ദി റെക്കോര്‍ഡിന്റെ കോ-ചെയര്‍ നരുങ്ക വിഭാഗത്തിലെ വനിത ചെറിന്‍ ഓക്സ്ലെബി പറഞ്ഞു. ഈ ലക്ഷ്യങ്ങള്‍ക്ക് ധനസഹായം നല്‍കേണ്ടത് സംസ്ഥാനങ്ങളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.