അഹമ്മദാബാദ്: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. രാജ്യമെമ്പാടും ദിനംപ്രതി നിരവധി പേർക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നുതും മരണപ്പെടുന്നതും. അതേസമയം ഗുജറാത്തിൽ മുപ്പതു മണിക്കൂറിനിടെ ആറ് വൈദികർ വൈറസ് ബാധിച്ച് മരണമടഞ്ഞു.
ഏപ്രിൽ 17ന് ഗുജറാത്തിൽ ആകെ 97 പേരാണ് കൊറോണ വൈറസിനെ തുടര്‍ന്നു മരണമടഞ്ഞത്. അതിലാണ് ആറ് വൈദികർ നഷ്ടമായത്. ഇത് ഗുജറാത്തിലെ സഭയ്ക്ക് ഏറെ വേദനയുടെ നിമിഷങ്ങളാണ് സമ്മാനിച്ചതെന്ന് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകനും, എഴുത്തുകാരനുമായ ജസ്യൂട്ട് വൈദികൻ ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു. കൊറോണ വൈറസ് ബാധിച്ച് നിരവധി വൈദികരും, സന്യസ്തരും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഒരുവർഷത്തിനിടെ മരണമടഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ച ആറ് വൈദികരിൽ മൂന്നു ജസ്യൂട്ട് സഭാംഗങ്ങളും സിഎംഐ സഭയില്‍ നിന്നും ഡിവൈൻ വേർഡ് സൊസൈറ്റിയില്‍ നിന്നുള്ള ഓരോ വൈദികർ വീതവും, ഒരു രൂപതാ വൈദികനും ഉൾപ്പെടുന്നു. ജെസ്യൂട്ട് വൈദികനായിരുന്ന ഫാ. ഇർവിൻ ലസറാഡോ വഡോദരയിലെ പ്രീമിയം ആശുപത്രിയിൽ വച്ചാണ് മരിച്ചത്. 2013 മുതൽ അദ്ദേഹം കാൻസർ ബാധിതനായിരുന്നു.
ഗുജറാത്ത് പ്രൊവിൻസ് അംഗമായിരുന്ന ഫാ. യേശുദാസ് അർപുതം എന്ന വൈദികൻ തമിഴ്നാട്ടിലെ ഡിണ്ടിഗലിൽവെച്ചാണ് മരണപ്പെട്ടത്. ഈസ്റ്റർ ആഘോഷങ്ങൾക്കായി അദ്ദേഹം നാട്ടിലേക്ക് പോയതായിരുന്നു. ബറോഡ രൂപതാ വൈദികനായ ഫാ. പോൾ രാജ് നെപ്പോളിയൻ, ഫാ. രായപ്പൻ, ഫാ. ജെറി സെക്യൂറ എസ്‌ജെ, ഫാ. ജോൺ ഫിഷർ പൈനാടത്ത് എന്നിവരാണ് ഗുജറാത്തിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ മറ്റ് വൈദികര്‍. ഇതില്‍ ഫാ. ജെറി സെക്യൂറ എസ്‌ജെ ജെസ്യൂട്ട് കമ്മ്യൂണിറ്റി സുപ്പീരിയറും അഹമ്മദാബാദിലെ സെന്റ് ഇഗ്നേഷ്യസ് ലയോള പള്ളിയിലെ ഇടവക വികാരിയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് അദ്ദേഹം കോവിഡ് ബാധിതനായി മരണപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.