ഓസ്‌ട്രേലിയക്കാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോടാണ് താല്‍പര്യം; എന്നാല്‍ ഇറക്കുമതിക്ക് സര്‍ക്കാര്‍ നയങ്ങള്‍ തിരിച്ചടിയെന്ന് നിര്‍മാതാക്കള്‍

ഓസ്‌ട്രേലിയക്കാര്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോടാണ് താല്‍പര്യം; എന്നാല്‍ ഇറക്കുമതിക്ക് സര്‍ക്കാര്‍ നയങ്ങള്‍ തിരിച്ചടിയെന്ന് നിര്‍മാതാക്കള്‍

മെല്‍ബണ്‍: ലോകമെമ്പാടുമുള്ള നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം വര്‍ധിച്ചുവരികയാണ്. ഓസ്‌ട്രേലിയക്കാര്‍ക്കും താല്‍പര്യമുണ്ട് ഇലക്ട്രിക് കാറുകള്‍ സ്വന്തമാക്കാനും ഉപയോഗിക്കാനും. എന്നാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയയില്‍ ഇത്തരം കാറുകളുടെ ഉപയോഗം വളരെക്കുറവാണ്. പുതിയ കാര്‍ വില്‍പ്പനയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇലക്ട്രിക് കാറുകളുടെ വില്‍പന. ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ നയങ്ങളാണ്. ഇലക്ട്രിക് കാറുകളുടെ ഇറക്കുമതിക്ക് സര്‍ക്കാരിന്റെ നയങ്ങള്‍ ഒട്ടും അനുകൂലമല്ലെന്നു വാഹനനിര്‍മാതാക്കള്‍ പറയുന്നു. നിരവധി പേരാണ് വൈദ്യുത വാഹനങ്ങള്‍ തേടി എത്തുന്നത്. എന്നിട്ടും വിറ്റുപോകുന്നതില്‍ ഭൂരിഭാഗവും പെട്രോള്‍ മോഡല്‍ വാഹനങ്ങളാണ്.

അമേരിക്കയിലും ഇംഗ്ലണ്ടിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഭൂരിഭാഗം കാര്‍ നിര്‍മാതാക്കളും വൈദ്യുത വാഹനങ്ങളിലേക്കു മാറിക്കഴിഞ്ഞു. വാഹന വിപണിപരിസ്ഥിതി സൗഹ്യദമാക്കണമെന്ന് ഓസ്‌ട്രേലിയയില്‍ ആവശ്യമുയരുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ലെന്ന് മാത്രം. ലോകത്തെ ഏറ്റവും വലിയ വൈദ്യുത വാഹന നിര്‍മാതാക്കളായ വോക്‌സ് വാഗന്‍ രണ്ടു ലക്ഷത്തി പന്തീരായിരം ഇലക്ടിക് വാഹനങ്ങളാണ് ലോകമെങ്ങും വിറ്റത്. എന്നാല്‍ഇക്കൂട്ടത്തില്‍ ഒരെണ്ണം പോലും ഓസ്‌ട്രേലിയയില്‍ ആയിരുന്നില്ല. അതുകൊണ്ട് തന്നെ വോക്‌സ് വാഗന്റെ ഏറ്റവും പ്രചാരമുള്ള ഇലക്ട്രിക് വാഹന മോഡലായ ഐഡി 3, ഓസ്‌ട്രേലിയയില്‍ 2023 വരെ അവതരിപ്പിക്കേണ്ടെന്നാണ് തീരുമാനം. സമാനമായ നിലയില്‍ തന്നെയാണ് മറ്റ് ആഗോള കാര്‍ നിര്‍മാതാക്കളും. പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അവര്‍ ഓസ്‌ട്രേലിയയെഒഴിവാക്കുന്നു.

ഓസ്‌ട്രേലിയയില്‍ 6990 ഇലക്ട്രിക് വാഹനങ്ങളാണ് 2020-ല്‍ വിറ്റത്. അതായത് രാജ്യത്ത് വിറ്റ പെട്രോള്‍ വാഹനങ്ങളുടെ ഒരു ശതമാനം പോലും വരുന്നില്ല ഇത്.

പരിസ്ഥിതി സൗഹൃദ വാഹന സംസ്‌കാരം വളരണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോഴും ഓസ്‌ട്രേലിയയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വിപണി കീഴടക്കാന്‍ കഴിയാത്തതെന്താണ്? ഉത്തരം വാഹന നിര്‍മാതാക്കളുടെ പക്കലുണ്ട്. സര്‍ക്കാര്‍ നയത്തില്‍ പൊളിച്ചെഴുത്ത് വേണം. എങ്കിലേ ആവശ്യക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ തേടിയെത്തൂ. ഓസ്‌ടേലിയയില്‍ വിറ്റു പോകുന്ന വാഹനങ്ങളില്‍ നിലവില്‍ ഒരു ശതമാനം പോലും ഇലക്ട്രിക് വാഹനങ്ങള്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം.

ഇലക്ട്രിക് വാഹന വില്‍പനയ്ക്കായി രാജ്യത്തെ കാര്‍ വിപണി സൗഹ്യദമാക്കണമെന്നാണ് ആഗോള കാര്‍ കമ്പനികളുടെ ആവശ്യം. നികുതി ഘടനയിലടക്കം പൊളിച്ചെഴുത്ത് വേണം. എങ്കിലേ ഓസ്‌ട്രേലിയയിലേക്ക് കാര്‍ കയറ്റുമതി നടക്കൂ. അമേരിക്ക, ഫ്രാന്‍സ് ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ പതിനായിരം ഡോളര്‍ വരെ നികുതി ഇളവ് നല്‍കുന്നുണ്ട്. എന്നാല്‍ ക്യൂന്‍സ് ലന്‍ഡിലടക്കം ആയിരം ഡോളറിനടുത്തേ ഇളവുള്ളു. ഇലക്ട്രിക് വാഹന വിപണി വളരാന്‍ നേരിട്ടുള്ള ഇളവുകളൊന്നും നിലവില്‍ രാജ്യത്ത് നിലവില്‍ ഇല്ല. ഇതിനിടെ വിക്ടോറിയ സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ജൂലൈ മുതല്‍ അധിക നികുതി ഏര്‍പ്പെടുത്താനും തീരുമാനിച്ചിരിക്കുകയാണ്. ലോകമെങ്ങുംവൈദ്യുത വാഹനങ്ങളെപിന്തുണയ്ക്കുമ്പോഴാണ് ഈ തീരുമാനം.

ക്ലൈമറ്റ് കൗണ്‍സിലിന്റെ ഒടുവിലുെത്തെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യം അതിവേഗം ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറണം. എങ്കിലേ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ പ്രതീക്ഷിക്കുന്ന അളവില്‍ അന്തരീക്ഷത്തിലെ കാര്‍ബണിന്റെ തോത് കുറയ്ക്കാനാകൂ. അതായത് 2030 എങ്കിലും ആകുമ്പോഴേക്കും രാജ്യത്തെ 75 ശതമാനം വാഹനങ്ങളും വൈദ്യുതിയിലേക്ക് മാറണം. എങ്കിലേ 2035 ആകുമ്പോഴേക്കും വാഹന മലിനീകരണം ഇല്ലാത്ത രാജ്യമായി മാറാനാകൂ.

ഓസ്ട്രേലിയയില്‍ 2030 ആകുമ്പോള്‍ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കണമെന്ന് ഉപദേശക സമിതിയായ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വിക്ടോറിയ പാനല്‍ വിക്ടോറിയന്‍ സര്‍ക്കാരിനു നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. പുതിയ വികസന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍ബന്ധമാക്കണം. പരിസ്ഥിതി മലിനീകരണം കുറഞ്ഞ വാഹനങ്ങളിലേക്കു മാറാന്‍ ഡ്രൈവര്‍മാര്‍ക്കു സര്‍ക്കാര്‍ ഉദാരമായ സബ്‌സിഡികള്‍ നല്‍കണമെന്നും സിമിതി നിര്‍ദേശിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26