ദുബായ്: യുഎഇയില്‍ ഇന്ത്യയില്‍ നിന്നുമുളള വിമാനങ്ങള്‍ക്ക് ഏർപ്പെടുത്തിയ താല്‍ക്കാലിക നിരോധനം ഇന്ന് അർദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തെ ദുരന്തനിവാരണ അതോറിറ്റി ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വിശദീകരണം നല്‍കി. ഇന്ത്യയില്‍ നിന്നുമുളള എല്ലാ യാത്രാവിമാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം. 14 ദിവസത്തിനുളളില്‍ ഇന്ത്യ സന്ദർശിച്ചവർക്കും വരാന്‍ അനുമതിയില്ല.
അതേസമയം, യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുളള യാത്രാവിമാനങ്ങള്‍ നിയന്ത്രിത രീതിയില്‍ സർവ്വീസ് നടത്തും. ഇന്ത്യയില്‍ നിന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യുഎഇ സ്വദേശികള്‍, നയതന്ത്ര ഉദ്യോഗസ്ഥർ, ഗോള്‍ഡന്‍ വിസയുളളവർ തുടങ്ങിയവർക്ക് യുഎഇയിലെത്താം. 10 ദിവസത്തെ ക്വാറന്റീന്‍, ദുബായിലേക്കാണെങ്കില്‍ 48 മണിക്കൂറിനുളളിലെ പിസിആർ ടെസ്റ്റ്, വിമാനത്താവളത്തിലെ പിസിആർ ടെസ്റ്റ്, രാജ്യത്ത് എത്തിയതിന് ശേഷം നാലാം ദിവസവും എട്ടാം ദിവസവും പിസിആർ ടെസ്റ്റ് എന്നീ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇന്ന് അർദ്ധരാത്രിമുതല്‍ വരുന്ന നിയന്ത്രണം 10 ദിവസത്തേക്കാണെന്നാണ് വ്യക്തമാക്കിയിട്ടുളളതെങ്കിലും സാഹചര്യങ്ങള്‍ വിലയിരുത്തിയായിരിക്കും നിരോധനം നീട്ടണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.
ഇന്ത്യക്കാർക്ക് പ്രവേശനവിലക്കേർപ്പെടുത്തുന്ന നാലാമത്തെ ഗൾഫ് രാജ്യമാണ് യുഎഇ. സൗദി, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങള്‍ നേരത്തെ തന്നെ ഇന്ത്യയില്‍ നിന്നുളള വിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
അതേസമയം പെരുന്നാളും തെരഞ്ഞെടുപ്പും പ്രമാണിച്ച് അവധിക്കായി നാട്ടിലേക്ക് പോയിരുന്ന പലരും വിലക്ക് വന്നേക്കുമോയെന്നുളള സൂചന കിട്ടിയപ്പോള്‍ തന്നെ പെരുന്നാളിനായി കാത്തുനില്‍ക്കാതെ തിരിച്ചെത്തിയിരുന്നു. എന്നാല്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുളള സർവ്വീസുകള്‍ക്ക് വിലക്കേർപ്പെടുത്തിയപ്പോഴും യുഎഇ അത്തരത്തിലേക്ക് നീങ്ങാത്തതുകൊണ്ടുതന്നെ വിലക്ക് വരില്ലെന്ന ആത്മവിശ്വാസത്തില്‍ നാട്ടില്‍ തുടർന്നവരും നിരവധി. വിസ മാറാന്‍ നാട്ടിലെത്തിയവരും തിരിച്ച് എന്ന് വരാനാകുമെന്ന ആശങ്കയിലാണ്.
എന്നാൽ നിരോധനം നീളുകയാണെങ്കില്‍ ജോലിയുള്‍പ്പടെ പ്രയാസത്തിലാകുന്ന പ്രവാസികളും നിരവധി. നിരോധനവിവരമറിഞ്ഞയുടന്‍ ടിക്കറ്റെടുത്ത് തിരിച്ചെത്തിയവരും ടിക്കറ്റ് കിട്ടാത്തവരുമുണ്ട്. ടിക്കറ്റെടുത്തവരാകട്ടെ വണ്‍വേ ടിക്കറ്റിന് മാത്രം നല്‍കിയത് ആയിരത്തിലധികം ദിർഹമാണ്. ടിക്കറ്റുകള്‍ ലഭ്യമല്ലാത്ത സാഹചര്യവുമുണ്ട്. ഇന്ത്യയില്‍ ഇത്തരത്തില്‍ കോവിഡ് വ്യാപനം തുടരുകയാണെങ്കില്‍ നിരോധനവും നീളുമോയെന്നുളളതാണ് ആശങ്ക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.