അബുദാബി: അബുദാബിയിലെ സിർ ബാനി യാസ് ദ്വീപിലെ പര്യവേക്ഷണ സ്ഥലത്ത് നിന്ന് പുരാതന കുരിശ് രൂപം കണ്ടെടുത്തു. അബുദാബി സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കണ്ടെത്തിയ കുരിശിന് 27 സെ.മീ നീളവും 17 സെ.മീ വീതിയും രണ്ട് സെ.മീ കനവും ഉണ്ട്.
പുരാവസ്തു ഗവേഷകർ പര്യവേക്ഷണം നടത്തുന്ന പ്രദേശത്തെ മഠത്തിന്റെ ഭാഗത്തു നിന്നാണ് ഒരു പ്ലേറ്റിൽ കൊത്തിവെച്ച കുരിശു രൂപം കണ്ടെടുത്തത്. കഴിഞ്ഞ 30 വർഷത്തിനിടെ ദ്വീപിൽ നടന്ന ഏറ്റവും വലിയ ഖനനിത്തിനിടെയാണ് കുരിശ് കണ്ടെടുത്തിരിക്കുന്നത്.
സിർ ബാനി യാസിൽ ഈ വർഷം ജനുവരിയിലാണ് പര്യവേക്ഷണ ക്യാമ്പയിൻ ആരംഭിച്ചത്. ഇറാഖിലും കുവൈറ്റിലും കണ്ടെടുക്കപ്പെട്ട കുരിശ് രൂപത്തിന് സമാനമാണ് ഇവിടെ നിന്ന് കണ്ടെടുത്തിരിക്കുന്നത്. പുരാതന ഇറാഖിലെ ചർച്ച് ഓഫ് ഈസ്റ്റുമായി ബന്ധപ്പെട്ടവരാണ് ഈ രൂപത്തിലെ കുരിശ് ഉപയോഗിച്ചിരുന്നത്. പുരോഹിതർ ആത്മീയ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നതാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
യുഎഇയുടെ എക്കാലവും നിലനിന്ന സഹവർത്തിത്വത്തിൻറെയും സാംസ്കാരികമായ തുറസിന്റെയും മൂല്യങ്ങളെയാണ് ക്രിസ്ത്യൻ കുരിശ് കണ്ടെടുത്തത് സാക്ഷ്യപ്പെടുത്തുന്നതെന്ന് അബുദാബി സാംസ്കാരിക വിനോദ സഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.
1992ൽ യുഎഇ നേതൃത്വത്തിന്റെ നിർദേശ പ്രകാരം അബുദാബി ഐലൻഡ്‌സ് ആർക്കിയോളജിക്കൽ സർവേ (അഡിയാസ്) സിർ ബാനി യാസ് ദ്വീപിൽ നടത്തിയ ഖനനത്തിലാണ് എ.ഡി ഏഴാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലേതെന്ന് വിശ്വസിക്കപ്പെടുന്ന ക്രിസ്ത്യൻ ആശ്രമം ആദ്യമായി കണ്ടെത്തിയത്.
അതിനു ശേഷം നടത്തിയ ഖനനങ്ങളിൽ ആശ്രമത്തോടൊപ്പം തന്നെ ഒരു പള്ളിയും ഒരു സന്യാസ സമുച്ചയവും കണ്ടെത്തി. ഈ ഭാഗത്താണ് പുരാവസ്തു ഗവേഷകർ ഇപ്പോൾ ഗവേഷണം നടത്തുകയും പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്നത്. ഇവിടെ കണ്ടെത്തിയ പള്ളിയും ആശ്രമവും ഇപ്പോൾ ഷെൽട്ടറുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.