ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്‌സിന് വ്യത്യസ്ത വില നിശ്ചയിച്ചതിലുള്ള അതൃപ്തി വ്യക്തമാക്കി സുപ്രീം കോടതി. വാക്‌സിന്റെ വില നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണന്നും അതിന്റെ യുക്തി എന്താണെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു. ഇക്കാര്യം വ്യക്തമാക്കിയുള്ള സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ വിവിധ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ വ്യത്യസ്ത വില ഈടാക്കുകയാണെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഓക്സിജന്‍, മരുന്ന് തുടങ്ങിയവയുടെ ക്ഷാമം സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
വാക്സിന്‍ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രം സ്വീകരിച്ച നടപടികളില്‍ വ്യക്തത വേണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. ഇതൊരു ദേശീയ പ്രതിസന്ധിയാണെന്നും ഈ ഘട്ടത്തില്‍ നിശബ്ദ കാഴ്ച്ചക്കാരനായി നോക്കി നില്‍ക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ സുപ്രീംകോടതിയെ സഹായിക്കാന്‍ മുതിര്‍ന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്തയേയും മീനാക്ഷി അറോറയേയും അമിക്കസ്‌ക്യൂറിയായി നിയോഗിച്ചു.
ആവശ്യമാണെങ്കില്‍ വില നിയന്ത്രണത്തിനായി പേറ്റന്റ് ആക്ട് നടപ്പിലാക്കണമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമ്പോള്‍ വാക്‌സിന്‍ ക്ഷാമം ഉണ്ടായേക്കുമെന്നും അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ കേന്ദ്രത്തിന് എന്തെങ്കിലും പദ്ധതികളുണ്ടോയെന്ന് കോടതി ആരാഞ്ഞു. രണ്ട് കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍, സൈനിക സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍, റെയില്‍വേ ഉള്‍പ്പടെയുള്ള കേന്ദ്ര വിഭവങ്ങളുടെ ഉപയോഗം എന്നിവ സംബന്ധിച്ചും പ്രതിരോധ കുത്തിവെപ്പ്, ക്വാറന്റീന്‍, അവശ്യമരുന്നുകള്‍ എന്നത് സംബന്ധിച്ചും എന്തെങ്കിലും പദ്ധതിയുണ്ടോയെന്ന് കോടതി ചോദിച്ചു.
ഓക്സിജന്‍ വിതരണത്തെ കുറിച്ചും ഓക്സിജന്റെ നിലവിലെ ലഭ്യതയെ കുറിച്ചും വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഓരോ ഹൈക്കോടതികളിലും ഇത് സംബന്ധിച്ചുള്ള ഹര്‍ജികളില്‍ വാദം നടക്കുന്നുണ്ടെന്നും അത് തടയേണ്ട കാര്യമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.