രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; കേരളത്തിലെ 12 ജില്ലകള്‍ ഉള്‍പ്പെടും

രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; കേരളത്തിലെ 12 ജില്ലകള്‍ ഉള്‍പ്പെടും

ന്യൂഡല്‍ഹി: കേവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനം പിന്നിട്ട രാജ്യത്തെ 150ലധികം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദേശം വെച്ചത്.

അന്തിമ തീരുമാനം സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷമാവുമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്ര നിര്‍ദേശം വന്നാല്‍ സംസ്ഥാനത്ത് 12 ജില്ലകളില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ടി വരും. ഒഴിവാകുക പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകള്‍ മാത്രമാകും.

സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്. ലോക്ക്ഡൗണ്‍ ഫലപ്രദമാവണമെങ്കില്‍ ചുരുങ്ങിയത് ഒരാഴ്ച ലോക്കഡൗണ്‍ വേണ്ടിവരുമെന്ന് ഐഎംഎ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അധികമായുള്ള 156 ജില്ലകളാണ് രാജ്യത്തുള്ളത്. ഇവിടങ്ങളില്‍ രോഗ വ്യാപനം വളരെ കൂടുതലാണ്.

ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതെങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുക. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ മറ്റ് വകുപ്പുകള്‍ക്ക് ഭിന്നാഭിപ്രായമുണ്ട്.

ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകളിലേക്ക് കേന്ദ്രം കടക്കുന്നത്. ദേശീയ തലത്തിലുള്ള ലോക്ക്ഡൗണ്‍ വേണ്ട എന്ന നിലപാടാണ് പ്രധാനമന്ത്രി എടുത്തത്. അതിനാലാണ് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കണം എന്ന ആലോചനയുള്ളത്. ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ രോഗവ്യാപനം തടയുന്നതിന് അടിയന്തര നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.