മെല്‍ബണ്‍: ലഹരിയില്‍ മയങ്ങുന്ന ഓസ്‌ട്രേലിയന്‍ യുവത്വത്തിന് പ്രതീക്ഷയുടെ വെളിച്ചമേകി നേര്‍വഴിക്കു നയിക്കുന്ന ഉദ്യമത്തിലാണ് ആര്‍തര്‍ ലാറിയോസയും സുഹൃത്തുക്കളും. നൈമിഷികമായ സുഖം തേടി അലഞ്ഞ് വലിയ ചതിക്കുഴികളില്‍ ചെന്നു ചാടുന്ന യുവ തലമുറയെ സ്‌നേഹത്തിന്റെ ഭാഷയില്‍ അവര്‍ വിലക്കുന്നു. ഓസ്‌ട്രേലിയന്‍ യുവതയെ അടുത്തകാലത്തായി കാര്‍ന്നുതിന്നുന്ന ഐസ് എന്ന മയക്കുമരുന്നിനെതിരേയാണ് ആര്‍തറിന്റെ പോരാട്ടം. ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ഡാര്‍വിന്‍ നഗരത്തില്‍ കലാപരിപാടികളടക്കം സംഘടിപ്പിക്കുന്നതില്‍ സജീവമാണ് ഈ സംഘം.
ഐസ് എന്ന ലഹരിമരുന്ന് എങ്ങനെയാണ് മനുഷ്യ ജീവിതങ്ങളെയും ബന്ധങ്ങളെയും സൗഹൃദങ്ങളെയും തകര്‍ക്കുന്നതെന്ന് സീക്രട്ട്‌സ് എന്ന പേരില്‍ ആര്‍തറും സുഹൃത്തുക്കളും അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരം ലോകത്തോട് വിളിച്ചുപറയുന്നു.
ഇരുപത്തിയഞ്ചുകാരനായ ആര്‍തര്‍ പതിനാലാം വയസിലാണ് ഡാര്‍വിനിലെത്തിയത്. പത്തുവര്‍ഷത്തിനുളളില്‍ ഐസ് ഉപയോഗിക്കുന്നവരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിച്ചെന്ന് ആര്‍തര്‍ സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ സുഹൃത്തുക്കളായ മൂന്നുപേരാണ് ഐസ് ഉപയോഗത്തെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തിനുളളില്‍ മരണപ്പെട്ടത്.
എന്താണ് ഐസ് ?
ഐസ് എന്നു കേള്‍ക്കുമ്പോള്‍ എന്താണ് മനസിലേക്ക് ഓടിവരുന്നത്. ഓരോരുത്തര്‍ക്കും ഓരോരോ ചിത്രങ്ങളാകും മനസില്‍ തെളിയുക. എന്നാല്‍ ഓസ്‌ട്രേലിയന്‍ യുവതയെ കാര്‍ന്നുതിന്നുന്ന മയക്കുമരുന്നാണ് ഐസ് എന്ന പേരില്‍ അറിയപ്പെടുന്നത്.
ലഹരി മരുന്നുകളില്‍ പ്രധാനപ്പെട്ടതാണ് മെത്താംഫെറ്റമിന്‍. ഈ ലഹരിമരുന്നിന്റെ വെളുത്ത ക്രിസ്റ്റല്‍ രൂപമാണ് ഐസ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഓസ്‌ട്രേലിയയില്‍ പലയിടത്തും കൗമാരക്കാരിലും യുവജനങ്ങളിലും ഐസിന്റെ ഉപയോഗം അപകടകരമാംവിധം വര്‍ധിച്ചെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ക്രിസ്റ്റല്‍ മെത്ത്, ഡി-മെത്ത് എന്നിങ്ങനെയും ഐസിന് വിളിപ്പേരുകളുണ്ട്. ക്രിസ്റ്റല്‍ രൂപത്തിലോ പൊടിയായോ ഒക്കെ കിട്ടും. ഗുളികരൂപത്തിലാക്കിയുംകുത്തിവെച്ചും ശ്വസിച്ചും പുകവലിച്ചുമൊക്കെയാണ് ഇത് ലഹരിക്കായി ഉപയോഗിക്കുന്നത്. നാഷണല്‍ ഡ്രഗ് സര്‍വേയുടെ ഒടുവിലത്തെ കണക്കാണ് ഇപ്പോള്‍ ഏറെ ആശങ്കപ്പെടുത്തുന്നത്. ഓസ്‌ട്രേലിയയിലെ രണ്ടുശതമാനം ആളുകള്‍ മെത്താംഫിറ്റമിന്‍ ഉപയോഗിക്കുന്നെന്ന സര്‍വഫലമാണ് പുറത്തുവന്നിരിക്കുന്നത്. കര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റിയിലെ നാഷണല്‍ ഡ്രഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. നിക്കോള്‍ ലീ പറയുന്നതനുസരിച്ചാണെങ്കില്‍ ക്രിസ്റ്റല്‍ രൂപത്തിലുളള മെത്താംഫിറ്റമിന്‍ അഥവാ ഐസാണ് ഇവരില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത്. പത്ത് വര്‍ഷം മുമ്പുള്ള കണക്കിനേക്കാള്‍ ഇരട്ടിയാണ് നിലവില്‍ ഐസ് ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം.
ഉന്മാദം... വിഷാദം... മരണം
ഈ ലഹരി മരുന്ന് ഉപയോഗിച്ചാല്‍ അദ്യാനുഭവത്തില്‍ വലിയ മാനസിക സന്തോഷം അനുഭവപ്പെടുമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത പലരും സാക്ഷ്യപ്പെടുത്തിയത്. എന്നാല്‍ ഇത് തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ ഭാവിയില്‍ലഹരിക്കടിമപ്പെടുകയും കടുത്ത മാനസിക സമ്മര്‍ദങ്ങളിലേക്കും അതിനെത്തുടര്‍ന്നുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളിലേക്കും വഴുതി വീഴുന്നെന്നുകൂടിയാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മരണത്തില്‍ അഭയം പ്രാപിച്ചവരും നിരവധി.
മെത്താംഫിറ്റമിന്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന ഇരുപത്തിയഞ്ച് ശതമാനം ആളുകളിലും ഗുരുതര മാനസിക പ്രശ്‌നങ്ങള്‍ പ്രകടമാണ്. ചിലര്‍ ഭാവിയില്‍ വിഷാദത്തിലേക്ക് വഴുതിവീഴും. നല്ല ആരോഗ്യമുളള ഒരാള്‍ക്കുപോലും ശാരീരിക ക്ഷീണവും അവശതയും അനുഭവപ്പെടും. ശരീരത്തിലെ ഹോര്‍മോണുകളുടെ ഉത്പാദനം നിയന്ത്രണാതീതമാകും. ക്രമേണ ഹൃദയമിടിപ്പ് ഉയരുകയും ശ്വാസോച്ഛാസം വേഗത്തിലാവുകയും ചെയ്യുന്നത് വഴി ഹൃദയസ്തംഭനം, പക്ഷാഘാതം എന്നിവയ്ക്കും സാധ്യതകള്‍ ഏറെയാണ്.
മെത്താംഫിറ്റമിന്‍ ഉപയോഗിക്കുന്നവരെ ശാസ്ത്രീയമായി തിരിച്ചറിയാന്‍ എളുപ്പമാണ്. ഒരു തവണ ഉപയോഗിച്ചാല്‍ രക്തത്തില്‍ ലഹരി മരുന്നിന്റെ അംശം 72 മണിക്കൂര്‍വരെ ശേഷിക്കുമെന്നാണ് ഡോ. നിക്കോള്‍ ലീ പറയുന്നത്.
നാഷണല്‍ ഡ്രഗ് സര്‍വേയുടെ എട്ടുവര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് ലഹരി ഉപയോഗിക്കുന്നവരില്‍ 17 ശതമാനം പേര്‍ മെത്താംഫിറ്റമിന് അടിമപ്പെട്ടവരായിരുന്നു. മദ്യപാനാക്തി രോഗമായി മാറിയ 40 ശതമാനം പേരാണ് ചികില്‍സക്കായി എത്തിയിരുന്നത്. എന്നാല്‍ അടുത്തകാലത്തായി ഐസിന്റെ ഉപയോഗം വ്യാപകമായി വര്‍ധിച്ചെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതാണ് രാജ്യത്തെ രണ്ട് ശതമാനം ആളുകള്‍ മെത്താംഫിറ്റമിന്‍ ഉപയോഗിക്കുന്നെന്ന കണ്ടെത്തലിലേക്ക് എത്തിച്ചിരിക്കുന്നത്.
മദ്യം അടക്കമുളള മറ്റ് ലഹരി വസ്തുക്കളെ അപേക്ഷിച്ച് ഏറെ അപകടകരമാണ് ഐസ്. ഉപയോഗിച്ചുതുടങ്ങയാല്‍പ്പിന്നെ അതില്‍നിന്ന് രക്ഷനേടാന്‍ ഏറെ ബുദ്ധിമുട്ടാണ് എന്നതാണ് മെത്താംഫിറ്റമിന്‍ ഉപയോഗം ഏറ്റവും ഗുരുതരമാക്കുന്നത്. ഒരുതവണ ഉപയോഗിച്ചു നോക്കിയാല്‍ പിന്നെ ഉപേക്ഷിക്കാനാകാത്തവിധം ഈ ലഹരിക്ക് അടിമപ്പെടുന്നുവെന്നാണ് സര്‍വേ ഫലങ്ങളും സൂചിപ്പിക്കുന്നത്. അതായത് മദ്യം അടക്കമുളള ലഹരിവസ്തുക്കള്‍ ഒരാളെ അടിമയാക്കാന്‍ എടുക്കുന്നതിനേക്കാള്‍ നൂറിലൊരംശംമതി മെത്താംഫിറ്റമിന്‍ ഒരാളുടെ ജീവിതം നശിപ്പിക്കാന്‍. മനുഷ്യന്റെ തലച്ചോറിനെയാണ് ഈ ലഹരിമരുന്ന് നേരിട്ടാക്രമിക്കുന്നത് എന്നതാണ് മറ്റൊരു ദൂഷ്യം.
ഓസ്‌ട്രേലിയയിലെ യുവ തലമുറയാണ് ലഹരിമരുന്നിന്റെ അടിമകളാകുന്നത് എന്നാണ് ഫ്‌ളിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ഔണ്‍ അഡിക്ഷന്റെ ഡയറക്ടറായ പ്രൊഫ. ആന്‍ റോച്ചെ പറയുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍, പ്രത്യേകിച്ചും ഗ്രാമ മേഖലകളില്‍ ഈ ലഹരിമരുന്നിന്റെ ഉപയോഗം വളരെക്കൂടുതലാണ്. പ്രത്യേകിച്ചും പുരുഷന്‍മാരില്‍ കൗമാരത്തിന്റെ അവസാനഘത്തിലും യുവത്വത്തിലുമാണ് ലഹരി ഉപയോഗം വര്‍ധിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഫാക്ടറികളിലും മറ്റുമായി കായികാധ്യാനം ഏറെ വേണ്ട ജോലികളില്‍ ഏര്‍പ്പെടുന്നവരിലും ഉപയോഗം കൂടുതലാണ്.
മെത്താഫിറ്റമിന്‍ നേരത്തെ ഗുളിക രൂപത്തിലാണ് പലരും ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ക്രിസ്റ്റല്‍ രൂപത്തിലുളള ഐസ് പുകച്ചാണ് പലരും സംതൃപ്തി കണ്ടെത്തുന്നതെന്നും ആന്‍ റോച്ചെ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26